
വെസ്റ്റിന്‍ഡീസിനെതിരായ ടി20 ക്രിക്കറ്റ് പരമ്പര തൂത്തുവാരി ഓസ്ട്രേലിയ. അഞ്ചാമത്തെയും അവസാനത്തേയും മത്സരത്തില്‍ മൂന്ന് വിക്കറ്റ് വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 19.4 ഓവറില്‍ 170 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 17 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വിജയലക്ഷ്യത്തിലെത്തി. നേരത്തെ വിന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ഓസീസ് തൂത്തുവാരിയിരുന്നു. 171 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസീസിന് തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. 25 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. സ്കോര്‍ 12ല്‍ നില്‍ക്കെ ആദ്യ പന്ത് നേരിട്ട ഗ്ലെന്‍ മാക്സ്‌വെല്‍ പുറത്തായി. മൂന്നാമനായെത്തിയ ജോഷ് ഇംഗ്ലിസിന് അഞ്ച് പന്തില്‍ 10 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. രണ്ട് പേരെയും ജേസണ്‍ ഹോള്‍ഡറാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ അല്‍സാരി ജോസഫ് ബൗള്‍ഡാക്കി. തുടര്‍ന്ന് കാമറൂണ്‍ ഗ്രീന്‍ (32) — ടിം ഡേവിഡ് (30) സഖ്യം 35 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഡേവിഡ് അഞ്ചാം ഓവറില്‍ മടങ്ങി. 12 പന്തുകള്‍ മാത്രം നേരിട്ട താരം നാല് സിക്‌സുകള്‍ നേടിയിരുന്നു. ഇതോടെ ഓസീസ് നാലിന് 60 റണ്‍സെന്ന നിലയിലായി.
പിന്നീട് ഓവന്‍ — ഗ്രീന്‍ സഖ്യം 63 റണ്‍സ് കൂട്ടിചേര്‍ത്തതാണ് ഓസീസിന്റെ വിജയത്തില്‍ നിര്‍ണായകമായത്. സ്കോര്‍ 123ല്‍ നില്‍ക്കെ ഓവനാണ് ആദ്യം മടങ്ങിയത്. താരം 17 പന്തില്‍ 37 റണ്‍സെടുത്തു. 18 പന്തില്‍ 32 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും മടങ്ങിയെങ്കിലും ആരോണ്‍ ഹാര്‍ഡി (25 പന്തില്‍ പുറത്താവാതെ 28) ഓസീസിന് വിജയത്തിലേക്ക് നയിച്ചു. ഡ്വാര്‍ഷിസാണ് (9) പുറത്തായ മറ്റൊരുതാരം. സീന്‍ അബോട്ട് (5) പുറത്താവാതെ നിന്നു. വിന്‍ഡീസിനായി അകേല്‍ ഹൊസെയ്ന്‍ മൂന്ന് വിക്കറ്റ് നേടി. ജേസണ്‍ ജോസഫും അല്‍സാരി ജോസഫും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി അര്‍ധസെഞ്ചുറി നേടിയ ഷെമ്രോണ്‍ ഹെറ്റ്മെയറാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. 31 പന്തില്‍ 52 റണ്‍സെടുത്തു. 17 പന്തില്‍ 35 റണ്‍സെടുത്ത ഷര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡാണ് മറ്റൊരു പ്രധാന സ്കോറര്‍. ഓസീസിനായി ബെന്‍ ഡ്വാര്‍ഷിസ് മൂന്ന് വിക്കറ്റും നഥാന്‍ എല്ലിസ് രണ്ട് വിക്കറ്റും നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.