
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 40 പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 125 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ഓസീസ് 13.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഇതോടെ പരമ്പരയില്‍ 1–0ന് ഓസീസ് മുന്നിലെത്തി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഹെഡ് — മാര്‍ഷ് സഖ്യം 51 റണ്‍സ് ചേര്‍ത്തു. 15 പന്തില്‍ 28 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ കുൽദീപ് യാദവ് മിച്ചൽ മാർഷിനെ വീഴ്ത്തി. 26 പന്തില്‍ 46 റണ്‍സെടുത്ത മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്കോറര്‍. ഒരു റൺ മാത്രമെടുത്ത ടിം ഡേവിഡിനെ വരുൺ ചക്രവർത്തി സ്വന്തം പന്തിൽ ക്യാച്ചെടുത്തു പുറത്താക്കി.സ്കോർ 121 ൽ നിൽക്കെ ജോഷ് ഇംഗ്ലിഷിനെ കുൽദീപ് വിക്കറ്റിനു മുന്നിൽ കുടുക്കി. പിന്നാലെ മിച്ചൽ ഓവനെയും (10 പന്തിൽ 14), മാത്യു ഷോർട്ടിനെയും ജസ്പ്രീത് ബുംറ പുറത്താക്കി.
എന്നാല്‍ മാർക്കസ് സ്റ്റോയ്നിസും (ആറ്), സേവ്യർ ബാർട്‍ലെറ്റും ചേർന്ന് ഓസ്ട്രേലിയയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ നിരയില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ വീഴ്ത്തിയത്. അര്‍ധ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മ്മയുടെയും 35 റണ്‍സടുത്ത ഹര്‍ഷിത് റാണയുടെയും ഇന്നിങ്സുകളാണ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഇന്ത്യന്‍ ഇന്നിങ്സിലെ ആദ്യ പന്തില്‍ തന്നെ ജോഷ് ഹേസല്‍വുഡ് ഞെട്ടിച്ചു. ഹേസല്‍വുഡിന്റെ ആദ്യ പന്തില്‍ തന്നെ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഔട്ടായതായി അമ്പയര്‍ വിധിച്ചു. എന്നാല്‍ ഗില്‍ റിവ്യു എടുത്തതോടെ വിക്കറ്റല്ലെന്ന് വിധിയെത്തി. ഹേസല്‍വുഡിന്റെ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് ഇന്ത്യ നേടിയത്.
സ്കോര്‍ 20ല്‍ നില്‍ക്കെ ഗില്ലിനെ ഹേസല്‍വുഡ് തന്നെ മടക്കി. 10 പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നാലെ സ്ഥാനക്കയറ്റം കിട്ടി മൂന്നാമതെത്തിയ സഞ്ജുവും (2) വന്നപോലെ മടങ്ങി. സൂര്യകുമാര്‍ യാദവ് (ഒന്ന്), തിലക് വർമ (പൂജ്യം) എന്നിവരാണ് പവർപ്ലേ ഓവറുകളിൽ പുറത്തായ മറ്റു താരങ്ങള്‍. അക്‌സര്‍ പട്ടേലിനെ കൂട്ടുപിടിച്ച് അഭിഷേക് ശര്‍മ്മ ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയെങ്കിലും അക്‌സര്‍(7) റണ്ണൗട്ടായതോടെ ഇന്ത്യ 50 കടക്കും മുമ്പെ അഞ്ച് വിക്കറ്റ് നഷ്ടമായി പതറി. മധ്യനിരയിൽ ഹർഷിത് റാണയെ കൂട്ടുപിടിച്ച് അഭിഷേക് ശർമ്മ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ 100 കടത്തിയത്. സ്കോർ 105 ൽ നിൽക്കെ സേവ്യർ ബാർട്‍ലെറ്റ് റാണയെ വീഴ്ത്തി. 33 പന്തില്‍ 35 റണ്‍സാണ് റാണ നേടിയത്. റാണയെക്കൂടാതെ മറ്റാര്‍ക്കും അഭിഷേകിന് പിന്തുണ നല്‍കാനായില്ല. വാലറ്റത്തെ അവസാന മൂന്ന് പേര്‍ക്കും റണ്ണൊന്നുമെടുക്കാനായില്ല. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹേസല്‍വുഡ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സേവ്യര്‍ ബാര്‍ട്ട്‌ലെറ്റും നഥാന്‍ എല്ലിസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.