
ആഷസ് രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ഒന്നാം ഇന്നിങ്സ് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 334 റണ്‍സിന് മറുപടിയായി ഓസ്ട്രേലിയ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സെന്ന നിലയിലാണ്. 44 റണ്‍സിന്റെ ലീഡുണ്ട്. 46 റണ്‍സോടെ അലക്സ് ക്യാരിയും 15 റണ്‍സുമായി മൈക്കല്‍ നേസറും ക്രീസില്‍. ജെയ്ക്ക് വെതറാള്‍ഡ്, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ഭേദപ്പെട്ട തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ ട്രാവിസ് ഹെഡും ജെയ്ക്ക് വെതറാള്‍ഡും 77 റണ്‍സ് കൂട്ടിച്ചര്‍ത്തു. 33 റണ്‍സെടുത്ത ഹെഡിനെ പുറത്താക്കി ബ്രൈഡന്‍ കഴ്സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ ലാബുഷെയ്ന്‍ (65), സ്റ്റീവ് സ്മിത്ത് (61) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 72 റണ്‍സ് നേടിയ ജെയ്ക്ക് വെതറാള്‍ഡാണ് ഓസീസിന്റെ ടോപ് സ്കോറര്‍. കാമറൂണ്‍ ഗ്രീന്‍ (45), അലക്സ് ക്യാരി (46) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.
രണ്ടാം ദിനമായ ഇന്നലെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് സ്കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രമാണ് ചേര്‍ക്കാനായത്. ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്.
ജോ റൂട്ടിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. ഒരു ഘട്ടത്തില്‍ 300 കടക്കുമോ എന്നു സംശയിച്ച സ്കോര്‍ ഈ നിലയ്‌ക്കെത്തിച്ചത് അവസാന വിക്കറ്റില്‍ ഒന്നിച്ച റൂട്ട്-ജോഫ്ര ആര്‍ച്ചര്‍ സഖ്യത്തിന്റെ കൂറ്റനടികളായിരുന്നു. ഇരുവരും ചേര്‍ന്നു പിരിയാത്ത പത്താം വിക്കറ്റില്‍ 61 റണ്‍സ് അതിവേഗം ചേര്‍ത്തതോടെ ഇംഗ്ലീഷ് സ്കോര്‍ 300 കടന്നു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് തകർച്ചയോടെയാണ് തുടങ്ങിയത്. അഞ്ച് റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ ടീമിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ബെന്‍ ഡക്കറ്റിനെയും ഒല്ലി പോപ്പിനെയും റൺസൊന്നും എടുക്കാൻ അനുവദിക്കാതെ സ്റ്റാർക്ക് മടക്കി.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒരുമിച്ച സാക് ക്രോളി-ജോ റൂട്ട് സഖ്യം ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്ന് കരകയറ്റി. അര്‍ധ സെഞ്ചുറി തികച്ച സാക് ക്രോളിയെ ടീം സ്കോര്‍ 122 റൺസില്‍ നില്‍ക്കേ മൈക്കേൽ നെസർ പുറത്താക്കി. 76 റണ്‍സെടുത്താണ് ക്രോളിയുടെ മടക്കം. പിന്നാലെയെത്തിയ ഹാരി ബ്രൂക്കിനെ കൂട്ടുപിടിച്ച് ജോ റൂട്ട് ഇംഗ്ലീഷ് സ്കോറുയര്‍ത്തി. 31 റണ്‍സെടുത്ത ബ്രൂക്കിനെയും സ്റ്റാര്‍ക്ക് കൂടാരം കയറ്റിയതോടെ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെന്ന നിലയിലായി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (19), ജാമി സ്മിത്ത് (0), വില്‍ ജാക്ക്‌സ് (19), ഗസ് ആറ്റ്കിന്‍സണ്‍ (4), ബ്രൈഡന്‍ കാഴ്‌സ് (0) എന്നിവര്‍ നിരാശപ്പെടുത്തി. 40-ാം ടെസ്റ്റ് സെഞ്ചുറിയാണ് റൂട്ട് ഗാബയില്‍ കുറിച്ചത്. ഓസീസ് മണ്ണില്‍ കരിയറില്‍ ആദ്യമായാണ് റൂട്ട് ടെസ്റ്റ് സെഞ്ചുറി നേടുന്നത്. 202 പന്തുകള്‍ നേരിട്ട് 15 ഫോറും ഒരു സിക്‌സും സഹിതം റൂട്ട് 135 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.