
ആഷസ് അഞ്ചാം ടെസ്റ്റില്‍ ഓസ്ട്രേലിയ തിരിച്ചടിക്കുന്നു. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 384 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെന്ന നിലയിലാണ്. സെഞ്ചുറിയിലേക്ക് കുതിക്കുന്ന ട്രാവിസ് ഹെഡ് (91), മൈക്കല്‍ നെസര്‍ (ഒന്ന്) എന്നിവരാണ് ക്രീസില്‍. സ്കോര്‍ 57ല്‍ നില്‍ക്കെ ജേക്ക് വെതറാള്‍ഡിനെയാണ് ഓസീസിന് ആദ്യം നഷ്ടമായത്. 21 റണ്‍സെടുത്ത താരത്തെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് എല്‍ബിഡബ്ല്യുവില്‍ കുരുക്കി. ഹെഡും മൂന്നാമനായെത്തിയ മാര്‍നസ് ലാബുഷെയ്നും ചേര്‍ന്ന് 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അര്‍ധസെഞ്ചുറിക്ക് രണ്ട് റണ്‍സകലെ ലാബുഷെയ്ന്‍ വീണു. നേരത്തെ മൂന്നിന് 211 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ഇന്നലെ ബാറ്റിങ് ആരംഭിച്ചത്.
84 റണ്‍സെടുത്ത് ഹാരി ബ്രൂക്കാണ് ആദ്യം പുറത്തായത്. ജോ റൂട്ടുമായി 169 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ബ്രൂക്ക് മടങ്ങിയത്. ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് പൂജ്യത്തിന് പുറത്തായെങ്കിലും ജാമി സ്മിത്തിനെ കൂട്ടുപിടിച്ച് തകര്‍ത്തടിച്ച റൂട്ട് ഇംഗ്ലണ്ടിനെ 300 കടത്തി. ഇതിനിടെ ടെസ്റ്റിലെ 41-ാം സെഞ്ചുറിയും ഓസ്ട്രേലിയയിലെ രണ്ടാം സെഞ്ചുറിയും പൂര്‍ത്തിയാക്കിയ റൂട്ട് ടെസ്റ്റിലെ സെഞ്ചുറി വേട്ടയില്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പമെത്തി. സ്മിത്തും റൂട്ടും ചേര്‍ന്ന് 94 റൺസാണ് കൂട്ടിച്ചേർത്തത്. സ്മിത്ത്(46) പുറത്തായശേഷം വില്‍ ജാക്സുമൊത്ത് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ റൂട്ട് ഇംഗ്ലണ്ടിനെ 375ല്‍ എത്തിച്ചെങ്കിലും ജാക്സ് പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ട് വാലറ്റം ചെറുത്തുനില്‍പ്പില്ലാതെ കീഴടങ്ങി. ഒമ്പതാമനായാണ് റൂട്ട് മടങ്ങിയത്. 242 പന്തില്‍ 15 ബൗണ്ടറികളും ഉള്‍പ്പെടെ 160 റണ്‍സ് നേടിയാണ് റൂട്ട് പുറത്തായത്. മഴയും വെളിച്ചക്കുറവും മൂലം ആദ്യ ദിനത്തില്‍ പന്തെറിഞ്ഞത് 45 ഓവര്‍ മാത്രമാണ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സിന് തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ റൂട്ടും ബ്രൂക്കുമാണ് കരകയറ്റിയത്. സ്കോര്‍ 35ല്‍ നില്‍ക്കെ ഓപ്പണറായ ബെന്‍ ഡക്കറ്റിനെ മിച്ചല്‍ സ്റ്റാര്‍ക്ക് അലക്സ് ക്യാരിയുടെ കൈകളിലെത്തിച്ചു. 27 റണ്‍സാണ് താരം നേടിയത്.
മറ്റൊരു ഓപ്പണറായ സാക്ക് ക്രൗളിയെ (16) മൈക്കല്‍ നെസര്‍ എല്‍ബിഡബ്ല്യുവില്‍ കുരുക്കി. പിന്നാലെയെത്തിയ ജേക്കബ് ബേതലിനെയും അധികനേരം ക്രീസില്‍ തുടരാന്‍ ഓസീസ് ബൗളര്‍മാര്‍ അനുവദിച്ചില്ല. 10 റണ്‍സെടുത്ത താരത്തെ സ്കോട്ട് ബോളണ്ട് ക്യാരിയുടെ കയ്യിലെത്തിച്ചു. പിന്നാലെയാണ് ബ്രൂക്കും റൂട്ടും ഇംഗ്ലണ്ടിനെ രക്ഷിച്ചത്. 63 പന്തിലാണ് ടെസ്റ്റിലെ 15–ാം അർധസെഞ്ചുറി ബ്രൂക്ക് പൂർത്തിയാക്കിയത്. ഓസ്ട്രേലിയയ്ക്കായി മൈക്കല്‍ നെസര്‍ നാല് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, സ്കോട്ട് ബോളണ്ട് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.