
ചരിത്രനേട്ടം ലക്ഷ്യമിട്ടിറങ്ങിയ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ മൂന്നാം റൗണ്ടില്‍. പുരുഷ സിംഗിള്‍സില്‍ ഇറ്റലിയുടെ ഫ്രാന്‍സെസ്കോ മാസ്ട്രെല്ലിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദ്യോക്കോ പരാജയപ്പെടുത്തിയത്. സ്കോര്‍: 6–3, 6–2, 6–2. 11-ാം മെൽബൺ പാർക്ക് കിരീടവും, മാർഗരറ്റ് കോർട്ടിന്റെ റെക്കോഡ് മറികടന്ന് തന്റെ 25-ാം ഗ്രാൻഡ്സ്ലാം ട്രോഫിയും ലക്ഷ്യമിടുന്ന നാലാം സീഡ് താരം ദ്യോക്കോവിച്ച്, രണ്ടാം റൗണ്ട് പോരാട്ടത്തിൽ ആധിപത്യം നിലനിർത്തി. ഗ്രാൻഡ്‌സ്ലാം കരിയറിലെ തന്റെ 399-ാം വിജയത്തിലേക്കും മെൽബണിലെ 101-ാം വിജയത്തിലേക്കുമാണ് ഇതോടെ ദ്യോക്കോയെത്തിയത്. ഇതോടെ മെൽബണിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ എന്ന റോജർ ഫെഡററുടെ റെക്കോഡിന് തൊട്ടടുത്തെത്താൻ (ഒന്ന് മാത്രം പിന്നിൽ) ദ്യോക്കോവിച്ചിനായി.
ലോക രണ്ടാം നമ്പര്‍ താരം യാന്നിക് സിന്നറിന് രണ്ടാം റൗണ്ടില്‍ ജയം. ഓസ്ട്രേലിയയുടെ ജെയിംസ് ഡക്ക്‌വര്‍ത്തിനെയാണ് ഇറ്റാലിയന്‍ താരം പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് 6–1ന് അനായാസം നേടിയ സിന്നര്‍ പിന്നീടുള്ള രണ്ട് സെറ്റുകള്‍ 6–4, 6–2 എന്ന നിലയില്‍ സ്വന്തമാക്കി.
യുഎസ് താരങ്ങളായ ടെയ്‌ലര്‍ ഫ്രിറ്റ്സും ബെന്‍ ഷെല്‍ട്ടോണും മൂന്നാം റൗണ്ടില്‍. ചെക്ക് താരം വിറ്റ് കൊപ്രീവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫ്രിറ്റ്സ് മറികടന്നത്. സ്കോര്‍ 6–1, 6–4, 7–6. ഓസ്ട്രേലിയയുടെ ഡെയ്ന്‍ സ്വീനിയെ 6–3, 6–2, 6–2 എന്ന സ്കോറിനാണ് ബെന്‍ ഷെല്‍ട്ടോണ്‍ തോല്പിച്ചത്. ഇറ്റാലിയന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ പോരാട്ടത്തില്‍ ലോറെന്‍സോ മുസെറ്റിക്ക് ജയം. ലോറെന്‍സോ സെനേഗോയെയാണ് മുസെറ്റി പരാജയപ്പെടുത്തിയത്. സ്കോര്‍ 6–3, 6–3, 6–4. വനിതാ സിംഗിള്‍സില്‍ ജപ്പാന്റെ നവോമി ഒസാക്കയ്ക്ക് രണ്ടാം റൗണ്ടില്‍ ജയം. റൊമാനിയയുടെ സൊറാന സിറിസ്റ്റ്യയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് കീഴടക്കിയത്. സ്കോര്‍ 6–3, 4–6, 6–2. പോളണ്ടിന്റെ ഇഗ സ്വിയാടെക്ക് ചെക്ക് താരം മാരി ബൗസ്കോവയെ അനായാസം മറികടന്നു. സ്കോര്‍ 6–2, 6–3. യുഎസ് താരങ്ങളുടെ പോരാട്ടത്തില്‍ മക്‌കാര്‍ട്ടിനി കെസ്‌ലെറിനെ ജെസീക്ക പെഗ്യൂള 6–0, 6–2 എന്ന നിലയിലും ആഷ്ലിന്‍ ക്രൂഗെറിനെ മാഡിസന്‍ കീസ് 6–1, 7–5 എന്ന നിലയിലും തോല്പിച്ചു. മറ്റൊരു യുഎസ് താരം അമാന്റ അനിസിമോവയും മൂന്നാം റൗണ്ടില്‍ കടന്നു. സ്കോര്‍ 6–1, 6–4.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.