
ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസില്‍ സെമിഫൈനല്‍ ലൈനപ്പായി. പുരുഷ സിംഗിള്‍സില്‍ നാളെ നടക്കുന്ന ആദ്യ സെമിയില്‍ സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചും ഇറ്റലിയുടെ യാന്നിക് സിന്നറും രണ്ടാം സെമിയില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കാരസും ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വരേവും ഏറ്റുമുട്ടും. ഇറ്റാലിയന്‍ താരം ലോറെന്‍സോ മുസേറ്റി മത്സരത്തിനിടെ പിന്മാറിയതോടെയാണ് സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് സെമിയില്‍ കടന്നത്. കരിയറിലെ 25-ാം ഗ്രാൻഡ്‌സ്ലാം കിരീടമെന്ന ചരിത്രനേട്ടം ലക്ഷ്യമിടുന്ന ദ്യോക്കോവിച്ച് ഇതോടെ ഒരുപടി കൂടി അടുത്തു.
ഇറ്റാലിയൻ യുവതാരമായ മുസേറ്റി വിജയത്തിനരികെ നില്‍ക്കുമ്പോഴാണ് പരിക്കിന്റെ രൂപത്തിൽ വിധി വില്ലനായത്. മത്സരത്തിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട മുസേറ്റിക്ക് കളി തുടരാൻ സാധിക്കാതെ വന്നു. ആദ്യ രണ്ട് സെറ്റും മുസേറ്റി മുന്നിലായിരുന്നു. 6–4, 6–3 എന്ന സ്കോറിനായിരുന്നു മുസേറ്റി മുന്നിട്ടുനിന്നത്. മൂന്നാം സെറ്റ് 3–1 എന്ന നിലയില്‍ ദ്യോക്കോ മത്സരത്തിലേക്ക് തിരിച്ചുവരുമ്പോഴാണ് മുസേറ്റി പിന്മാറിയത്. യുഎസിന്റെ ബെന്‍ ഷെല്‍ട്ടോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ലോക രണ്ടാം നമ്പര്‍ താരം യാന്നിക് സിന്നര്‍ സെമിടിക്കറ്റുറപ്പിച്ചത്. സ്കോര്‍ 6–3, 6–4, 6–4.
വനിതാ സിംഗിള്‍സ് സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം അര്യാന സബലങ്ക ഉക്രെയ്ന്റെ എലീന സിറ്റോലിനയെയും യുഎസിന്റെ ജെസീക്ക പെഗ്യൂള കസാക്ക് താരം എലീന റൈബാക്കിനയെയും നേരിടും. ക്വാര്‍ട്ടര്‍ ഫൈനലില്‍ യുഎസിന്റെ അമാന്റ അനിസിമോവയെ 6–2, 7–6 എന്ന സ്കോറിന് വീഴ്ത്തിയാണ് പെഗ്യൂള സെമിയിലെത്തിയത്. പോളണ്ടിന്റെ ഇഗ സ്വിയാടെക്കിനെ വീഴ്ത്തിയാണ് റൈബാക്കിന അവസാന നാലില്‍ ഇടംപിടിച്ചത്. സ്കോര്‍ 7–5, 6–1.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.