
ഓസ്‌ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ മുൻ ആശുപത്രി നഴ്‌സ് കുറ്റക്കാരനെന്ന് കോടതി. 2018 ഒക്ടോബർ 22നാണ് ടോയ കോർഡിംഗ്ലിയുടെ മൃതദേഹം കെയ്ൻസ് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കുള്ള വാങ്കെറ്റി ബീച്ചിലെ മൺതിട്ടകൾക്കിടയിൽ പകുതി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പ്രതിയായ രാജ്‌വീന്ദർ സിങ് ഭാര്യയുമായി വഴക്കിട്ട ശേഷം ബീച്ചിൽ പോയപ്പോഴാണ് കൊലപാതകം നടത്തിയത്. ഇയാൾ പഴങ്ങളും ഒരു കത്തിയും കയ്യിൽ കരുതിയിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
സംഭവ ദിവസം ഫാർമസി ജീവനക്കാരിയായിരുന്ന കോർഡിംഗ്ലി തന്റെ നായയുമായി ബീച്ചിൽ നടക്കുകയായിരുന്നു. നായ സിങ്ങിനു നേരെ കുരച്ചുതുടങ്ങിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിൽ പ്രകോപിതനായ സിങ് യുവതിയെ കുത്തിക്കൊല്ലുകയും മൃതദേഹം മണലിൽ കുഴിച്ചിടുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം യുവതിയുടെ നായയെ ഇയാൾ ഒരു മരത്തിൽ കെട്ടിയിട്ടതായും കണ്ടെത്തി. കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം പ്രതി ജോലിയും കുടുംബത്തേയും ഉപേക്ഷിച്ച് മുത്തച്ഛന് സുഖമില്ലെന്ന് പറഞ്ഞ് ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു. നാല് വർഷത്തോളം ഒളിവിൽ കഴിഞ്ഞ ഇയാൾ ഈ സമയങ്ങളിൽ കുടുംബവുമായി ബന്ധപ്പെട്ടിരുന്നുമില്ല. കൊലപാതകം നടന്ന് മൂന്നാഴ്ചക്കകംതന്നെ സിങ്ങിന്റെ കാർ ട്രാക്ക് ചെയ്ത പൊലീസ് ഈ ലൊക്കേഷനും കോർഡിംഗ്ലിയുടെ മൊബൈൽ ഫോൺ ലൊക്കേഷനുമായി യോജിച്ചതോടെ ഇയാളെ സംശയിച്ചു.
സിങ്ങിനെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ക്വീൻസ്‌ലാൻഡ് പൊലീസ് വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ ഒരു മില്യൺ ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 5.5 കോടിയിലധികം ഇന്ത്യൻ രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2022 നവംബറിൽ ഡൽഹി പൊലീസിൻ്റെ സ്‌പെഷ്യൽ സെൽ ഡൽഹിയിൽ നിന്നാണ് സിംഗിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് 2023‑ൽ ഇയാളെ ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയ പൊലീസിന് കൈമാറ്റം ചെയ്യുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.