
ഒരാഴ്ച മുമ്പ് കാണാതായ ഓസ്ട്രിയൻ ബ്യൂട്ടി വ്‌ളോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സ്റ്റെഫാനി പീപ്പറെ സ്ലോവേനിയൻ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്യൂട്ട്‌കേസിനുള്ളിൽ അടച്ച നിലയിലായിരുന്നു മൃതദേഹം. കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരുടെ മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സ്ലോവേനിയയിലെ വനമേഖലയിൽ നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെടുത്തത്. സ്റ്റെഫാനിയെ താൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് 31കാരനായ മുൻ കാമുകൻ പൊലീസിന് മൊഴി നൽകി. ഇയാളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നിർണായകമായ ഈ കണ്ടെത്തൽ.
ഒരു ഫോട്ടോഷൂട്ടിനായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്റ്റെഫാനിയെ കിട്ടാതെ വന്നതോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകിയത്. ക്രിസ്മസ് പാർട്ടിയിൽ വെച്ചാണ് സുഹൃത്തുക്കൾ സ്റ്റെഫാനിയെ അവസാനമായി കണ്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സ്റ്റെഫാനി തന്റെ ഒരു സുഹൃത്തിന് വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. തന്നെ ആരോ പിന്തുടരുന്നുണ്ടെന്നും, അയാൾ വീടിന്റെ പടിക്കെട്ടിലുണ്ടെന്നുമായിരുന്നു ആ സന്ദേശം. സ്റ്റെഫാനിയുടെ കെട്ടിടത്തിൽ മുൻ കാമുകനെ കണ്ടിരുന്നെന്നും ഇവർ തമ്മിൽ വഴക്ക് കേട്ടുവെന്നുമാണ് അയല്‍വാസികള്‍ വ്യക്തമാക്കിയത്. സ്റ്റെഫാനിയെ കാണാതായി ഒരാഴ്ച പിന്നിട്ടപ്പോഴാണ് മുൻ കാമുകൻ കുറ്റം സമ്മതിച്ചത്. ഇയാളോടൊപ്പം കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സഹോദരനെയും രണ്ടാനച്ഛനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എങ്കിലും, കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.