ന്യൂഡല്‍ഹി
December 18, 2023 11:20 pm
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രാജ്യത്തെ കര്‍ഷക ആത്മഹത്യകളില്‍ റെക്കോഡ് വര്‍ധന. 2014 നും 2022 നും ഇടയില്‍ രാജ്യത്ത് ഒരു ലക്ഷത്തില്‍ പരം കര്‍ഷകര്‍ ജീവനൊടുക്കി. ഓരോ ദിവസവും ശരാശരി 30 കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2013ല്‍ കടബാധ്യതയുള്ള കര്‍ഷകരുടെ ശതമാനം 52 ആയിരുന്നത് 2019‑ല്‍ 50.2 ശതമാനമായി കുറഞ്ഞുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ഈ വാദം തെറ്റാണെന്ന് എന്‍സിആര്‍ബി റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ വ്യക്തമാകും. ഒമ്പത് വര്‍ഷത്തിനിടെ കര്‍ഷകരുടെ കടബാധ്യതയില്‍ പ്രകടമായ വര്‍ധനവുണ്ടായി. ഇക്കാലയളവില്‍ കടമുള്ള കര്‍ഷകരുടെ എണ്ണം 902 ലക്ഷത്തില്‍നിന്ന് 930 ലക്ഷമായി ഉയര്‍ന്നു. കൂടാതെ, കുടിശ്ശികയുള്ള വായ്പയുടെ ശരാശരി തുക 2013 നെ അപേക്ഷിച്ച് ഏകദേശം 1.6 മടങ്ങ് വര്‍ധിച്ചു.
രണ്ടാം മോഡി സര്‍ക്കാരിന്റെ കാലത്ത് മൊത്തത്തിലുള്ള ബജറ്റ് ചെലവുമായി ബന്ധപ്പെട്ട് കാര്‍ഷിക മേഖലയിലെ പൊതുചെലവ് പടി പടിയായി കുറയുകയും ചെയ്തിട്ടുണ്ട്. കര്‍ഷക ക്ഷേമത്തിനായുള്ള വിഹിതവും ചുരുങ്ങി. 2014–15 നും 2021–22 നും ഇടയില്‍ കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെ യഥാര്‍ത്ഥ വേതനത്തിന്റെ വളര്‍ച്ചാ നിരക്ക് പ്രതിവര്‍ഷം വെറും ഒരു ശതമാനത്തില്‍ താഴെയായി മാറുകയും ചെയ്തു.
ഒന്നാം മോഡി സർക്കാരിന്റെ അവസാന പാദത്തിൽ 10,281 കർഷകരാണ് ജീവനൊടുക്കിയത്. രണ്ടാം പാദത്തിൽ 2022 ആകുമ്പോഴേക്കും ഇത് 11,290 ആയി ഉയർന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ ആത്മഹത്യകളുടെ എണ്ണം 4,324 ൽനിന്ന് 6,083 ലേക്ക് ഉയർന്നു. വർധന 41 ശതമാനം. മഹാരാഷ്ട്രയാണ് ഏറ്റവും മോശം സ്ഥിതിയിലുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
English Summary: Average 30 Farmer Suicides Per Day in Modi Govt Years
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.