ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ചപ്പോള്‍ സൂപ്പര്‍താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും നേടിയത് നിരവധി നേട്ടങ്ങള്‍. ചാമ്പ്യന്‍സ് ട്രോഫി വിജയത്തോടെ ഐസിസിയുടെ വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളില്‍ നിരവധി റെക്കോഡുകള്‍ ഇരുവര്‍ക്കും സ്വന്തമായി. ഏറ്റവും കൂടുതല്‍ ഐസിസി ട്രോഫികള്‍ നേടിയ ഇന്ത്യന്‍ താരങ്ങളാണ് രോഹിത്തും കോലിയും. ഇതുവരെ നാല് ഐസിസി ട്രോഫികളാണ് ഇരുവരും നേടിയിട്ടുള്ളത്. 2011 ഏകദിന ലോകകപ്പാണ് കോലിയുടെ ആദ്യ കിരീടം. തുടർന്ന് 2013 ചാമ്പ്യൻസ് ട്രോഫി, പിന്നീട് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം 2024 ടി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി 2025 എന്നിവയാണ് താരം വിജയിച്ചിട്ടുള്ളത്. രോഹിത്തിന്റെ ആദ്യ ഐസിസി കിരീടം 2007‑ലെ ടി20 ലോകകപ്പാണ്. തുടർന്ന് ചാമ്പ്യന്‍സ് ട്രോഫി 2013, 2024 ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി 2025 എന്നിവയും താരം കോലിയ്‌ക്ക് ഒപ്പം തന്നെ വിജയിച്ചു.
ഏറ്റവും കൂടുതല്‍ ഐസിസി കിരീടങ്ങള്‍ നേടിയ പട്ടികയില്‍ സംയുക്ത രണ്ടാം സ്ഥാനക്കാരാണ് ഇരുവരും. ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങാണ് തലപ്പത്ത്. അഞ്ച് ഐസിസി കിരീടങ്ങളാണ് പോണ്ടിങ്ങിനുള്ളത്. 1999, 2003, 2007 വർഷങ്ങളിലെ ഏകദിന ലോകകപ്പ്, 2006, 2009 വർഷങ്ങളിലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവയാണ് പോണ്ടിങ് വിജയിച്ചിട്ടുള്ളത്.
ഐസിസി വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച താരങ്ങളായും രോഹിത്തും കോലിയും മാറി. ഇക്കാര്യത്തില്‍ പോണ്ടിങ് ഇരുവര്‍ക്കും പിന്നിലാണ്. 2011 ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി, 2015 ലോകകപ്പ്, 2019 ലോകകപ്പ്, 2023 ലോകകപ്പ്, 2025 ചാമ്പ്യന്‍സ് ട്രോഫി, ടി20 ലോകകപ്പിന്റെ വിവിധ പതിപ്പുകള്‍ ഉള്‍പ്പെടെ 90 മത്സരങ്ങളാണ് വിരാട് കോലി ഇത്തരത്തില്‍ കളിച്ചിട്ടുള്ളത്. ഇതില്‍ 72 വിജയങ്ങള്‍ നേടാന്‍ താരത്തിന് കഴിഞ്ഞു. 90 മത്സരങ്ങളിൽ നിന്നും 70 വിജയങ്ങളാണ് രോഹിത്തിനുള്ളത്. പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ശ്രീലങ്കന്‍ താരം മഹേള ജയവർധനയാണ്. 93 മത്സരങ്ങളിൽ നിന്ന് 57 വിജയങ്ങളാണ് താരത്തിനുള്ളത്. കുമാർ സംഗക്കാര (90 മത്സരങ്ങളിൽ നിന്ന് 56 വിജയം), രവീന്ദ്ര ജഡേജ 66 മത്സരങ്ങളിൽ നിന്ന് 52), എം എസ് ധോണി (78 മത്സരങ്ങളിൽ നിന്ന് 52 വിജയം ), റിക്കി പോണ്ടിങ് (70 മത്സരങ്ങളിൽ നിന്ന് 52 വിജയം) എന്നിവരാണ് പിന്നില്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.