22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 7, 2024
September 25, 2024
August 23, 2024
August 22, 2024
August 17, 2024
August 15, 2024
August 15, 2024
August 13, 2024
August 4, 2024
July 21, 2024

അസാധാരണ ജീവിതത്തിന്റെ അവിസ്മരണീയതയുമായി ആയിഷ !

ഡോ. ലിജിഷ എ ടി 
January 25, 2023 10:43 am

മലയാളത്തിൽ അഭിനയലോകത്തേയ്ക്ക് ആദ്യമായി കടന്നു വന്ന മുസ്‌ലിം വനിതയും കമ്യൂണിസ്റ്റ്കാരിയുമായ നിലമ്പൂർ ആയിഷ എന്ന മഹാ വ്യക്തിയുടെ സംഭവബഹുലമായ ജീവിതത്തിൽ നിന്നുള്ള ഒരധ്യായത്തെ ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്ന ഒരു സിനിമയാണ് ആയിഷ. നവാഗതനായ ആമിർ പള്ളിക്കലാണ് ആയിഷ എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഏറനാട്ടിലെ പെൺകുട്ടികളെ രോമാഞ്ചം കൊള്ളിക്കുന്ന നിലമ്പൂർ ആയിഷയുടെ ആദ്യകാല ജീവിതം ആയിഷ എന്ന സിനിമയിലില്ല. പക്ഷേ അതിന്റെ സൂചനകൾ അർഹിക്കുന്ന കനത്തിൽ സിനിമയിലുണ്ട് താനും. സിനിമയിൽ പറയുന്ന ജീവിതം തുടങ്ങുന്നതിനു മുന്നെയുള്ള ആയിഷയുടെ ജീവിതം ചെറുതായൊന്ന് സൂചിപ്പിച്ച് സിനിമാവലോകനത്തിലേക്ക് കടക്കുന്നതായിരിക്കും ഉചിതം.

1950കളിൽ കേരളത്തിലാരംഭിച്ച രാഷ്ട്രീയ നാടക പ്രസ്ഥാനത്തിലൂടെ അരങ്ങിലെത്തി വിപ്ലവാശയങ്ങൾക്ക് ചൂട്ടു കെട്ടിയ കരുത്തയായ സ്ത്രീയാണ് നിലമ്പൂർ ആയിഷ. അന്നവർക്ക് പ്രായം 16. ഒന്നല്ല രണ്ടല്ല, ഒരു പത്തു സിനിമകൾക്കുള്ള ജീവിതാനുഭവങ്ങൾ സ്വന്തമായുള്ള അതുല്യ പ്രതിഭയാണവർ. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന പഴമൊഴിയെ അർഥവത്താക്കുന്ന ജീവിതം കൈമുതലായുള്ളവർ.
പതിമൂന്നാമത്തെ വയസിൽ ഒരു 47 വയസുകാരനെ വിവാഹം ചെയ്യേണ്ടി വന്ന ആയിഷ 5 ദിവസമാണ് ആ ദാമ്പത്യത്തിൽ തുടർന്നത്. അഞ്ചാമത്തെ ദിവസം അവർ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോന്നു. പക്ഷേ ആ ബന്ധത്തിൽ നിന്ന് അവർ ഗർഭിണിയായിട്ടുണ്ടായിരുന്നു. ഉപ്പയുടെ മരണത്തോടെ ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിത്തുടങ്ങിയിരുന്നു അവരുടെ കുടുംബം. അതുകൊണ്ടുതന്നെ കുഞ്ഞിനെ വളർത്താൻ അവർ വളരെ കഷ്ടപ്പെട്ടിരുന്നു.

അക്കാലത്ത് നാടകങ്ങളിൽ സ്ത്രീകഥാപാത്രങ്ങൾ ചെയ്തിരുന്നത് പുരുഷൻമാർ തന്നെയായിരുന്നു. അങ്ങനെയിരിക്കെ ഇ കെ അയമുവിന്റെ ‘ജ് നല്ലൊരു മൻസനാവാൻ നോക്ക്’ എന്ന നാടകം കണ്ട ഇഎംഎസ് നമ്പൂതിരിപ്പാടും മറ്റുമാണ് സ്ത്രീകഥാപാത്രങ്ങളെ സ്ത്രീകൾ തന്നെ അവതരിപ്പിച്ചാലോ എന്ന ആശയം മുന്നോട്ടു വെയ്ക്കുന്നത്. വളരെ അപ്രതീക്ഷിതമായി നാടകത്തിലഭിനയിക്കാനുള്ള അവസരം ആയിഷയേയും ജാനകി എന്ന മറ്റൊരു പെൺകുട്ടിയേയും തേടിയെത്തി. കലയെ ഏറെ സ്നേഹിച്ചിരുന്ന ആയിഷ നാടകത്തിലഭിനയിക്കാൻ തയ്യാറായി. ഏറനാടിന്റെ വിരിമാറിൽ നിന്നും ഒരു അനാഘ്രാത പുഷ്പം – ആയിഷ എന്ന പെൺകുട്ടി നാടകത്തിലേക്ക്.. 1950 കളിലും 60 കളിലും കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും മുഴങ്ങിക്കേട്ട ഒരു വിളംബരമായിരുന്നു ഇത്. മലയാള സിനിമയിലെ ആദ്യനായികയായ പി കെ റോസിയെ അടിച്ചോടിച്ച നാട്ടിൽ ഒരു മുസ്‌ലിം വനിത നാടകത്തിലഭിനയിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളെല്ലാം അവർക്കും നേരിടേണ്ടി വന്നു. ഭ്രാന്തു പിടിച്ച സമുദായമേലാളർ അവരെ തുടർച്ചയായി വേട്ടയാടിക്കൊണ്ടിരുന്നു. നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെ അവർക്കു നേരെ കല്ലെറിഞ്ഞവരുണ്ടായിരുന്നു. കല്ലേറിൽ നെറ്റി പൊട്ടി ചോരയൊലിച്ചിട്ടും അവർ നാടകം പൂർത്തിയാക്കി. മറ്റൊരിക്കൽ മെയ്ക്കപ്പ് റൂമിൽ അതിക്രമിച്ചു കയറി ഒരാൾ അവരുടെ ചെവിയ്ക്കടിച്ചു.

ആ അടിയിൽ അവരുടെ കർണപടം തകരാറിലായി. മഞ്ചേരിയിൽ നാടകമവതരിപ്പിച്ചുകൊണ്ടിരിക്കെ അവർക്ക് നേരെ വെടിയുതിർത്തു. തലനാരിഴയ്ക്കാണ് അവരതിൽ നിന്നും രക്ഷപ്പെട്ടത്. പക്ഷേ ഇതുകൊണ്ടൊന്നും അവരെ ഭയപ്പെടുത്താൻ ആർക്കും സാധിച്ചില്ല. വിപ്ലവത്തിന്റെയും കലയുടേയും വേരുറച്ചു പോയിരുന്നു ആ മനസിൽ. പൂർവാധികം ശക്തിയോടെ അവർ ചെങ്കൊടിയേന്തുകയും പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുന്ന നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ഒട്ടനേകം പെൺകുട്ടികൾക്ക് കലയുടെ ലോകത്തേയ്ക്ക് കടന്നു വരാൻ അവർ പ്രചോദനമായി. ഇതിനിടയിൽ അവരെത്തേടി സിനിമയിൽ നിന്നും അവസരങ്ങൾ വന്നു. കണ്ടം ബെച്ച കോട്ട്, കുട്ടിക്കുപ്പായം, സുബൈദ തുടങ്ങി ധാരാളം സിനിമകളിൽ സഹനടിയായി തിളങ്ങി. സിനിമയിൽ അവസരങ്ങൾ കുറയുകയും ലഭിക്കുന്ന കഥാപാത്രങ്ങളിൽ വിരക്തി തോന്നുകയും ചെയ്തതോടെ സാമ്പത്തിക പ്രതിസന്ധി അവരെ അലട്ടാൻ തുടങ്ങി. ഇതിനിടയിൽ നാടകട്രൂപ്പിൽ ചില പ്രശ്നങ്ങൾ ഉടലെടുക്കുക കൂടി ചെയ്തതോടെ മനം മടുത്ത അവർ പുതിയ തൊഴിൽ സാധ്യതകൾ തേടിക്കൊണ്ടിരുന്നു. ജീവിക്കുന്ന ജീവിതത്തിൽ നിന്ന് ഒരു മാറ്റം അവർ ആഗ്രഹിച്ചിട്ടുണ്ടാവാം. അങ്ങനെയാണവർക്ക് ഗൾഫിൽ ഒരു രാജകുടുംബത്തിലെ ഗദ്ദാമയുടെ ജോലി ശരിയാവുന്നത്. അവർ ഗൾഫിലേക്ക് പറക്കുന്നു.

ആയിഷയുടെ പ്രവാസജീവിതം മുതലാണ് സിനിമ ആരംഭിക്കുന്നത്. ഒരുപക്ഷേ മലയാളിയ്ക്ക് അധികം പരിചയമില്ലാത്ത ഒരേടാണ് ആയിഷയുടെ പ്രവാസജീവിതം. ആ ഒരു സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒരു കമ്യൂണിസ്റ്റ്കാരിയ്ക്ക് ഏതു മണലാരണ്യത്തിൽ ചെന്നാലും കമ്യൂണിസ്റ്റ്കാരിയായി മാത്രമെ ജീവിക്കാൻ സാധിക്കുകയുള്ളുവെന്ന യാഥാർഥ്യം സിനിമയിൽ നിന്ന് മനസിലാക്കാൻ സാധിയ്ക്കും. പ്രതിസന്ധികളെ അവർ തരണം ചെയ്തു. സ്വവർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. ഇടനിലക്കാരെയും ചൂഷകരെയും നിലയ്ക്കു നിർത്തി. തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യത്തിൽ ജീവിക്കേണ്ടി വന്നിട്ടും സാഹചര്യങ്ങളെ തനിക്കനുകൂലമാക്കി തീർക്കാനുള്ള, നൻമയാൽ മനുഷ്യഹൃദയങ്ങൾ കീഴടക്കാനുള്ള ആയിഷയുടെ ശേഷി മാതൃകാപരമായിരുന്നുവെന്ന് മനോഹരമായ ഈ സിനിമയിലൂടെ അനാവരണം ചെയ്യപ്പെടുന്നു.

അറബിനാടുകളിലെ ജീവിതങ്ങളെക്കുറിച്ച് മലയാളസിനിമയിൽ ഇതുവരെയുണ്ടായിട്ടുള്ള ചിത്രീകരണങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ചിത്രീകരണമാണ് ഈ സിനിമയിലുള്ളത്. സ്നേഹിക്കുകയും സ്നേഹത്തെ തിരിച്ചറിയുകയും ചെയ്യുന്ന മനുഷ്യർ ലോകത്തെല്ലായിടത്തുമുണ്ട് എന്ന യാഥാർഥ്യം ആയിഷയുടെ അനുഭവങ്ങളിൽ നിന്ന് വ്യക്തമാവുന്നു. 1990 കളിലെ അറബ്സംസ്കാരത്തെ പുനരാവിഷ്കരിക്കുന്ന രംഗപശ്ചാത്തലങ്ങളും നവ്യമായൊരു കാഴ്ചാനുഭൂതി നൽകുന്നുണ്ട്. മറ്റൊരു പ്രത്യേകത സിനിമയിലെ ഭാഷയാണ്. അറബി, ഇംഗ്ലീഷ്, തമിഴ്, മലയാളം തുടങ്ങി പല ഭാഷകളും സാഹചര്യങ്ങൾക്കനുസരിച്ച് സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ സാഹചര്യങ്ങളും കഥാപാത്രങ്ങളുടെ ഭാവങ്ങളും തമ്മിലുള്ള ലയനം മികച്ചതായതിനാൽ ഭാഷാവ്യത്യാസം സിനിമാസ്വാദനത്തെ തടസപ്പെടുത്തുന്നേയില്ല. ഒരു ക്ലാസിക് കൃതിയിലേതെന്നതു പോലെ ആഴമേറിയതും അതിസുന്ദരവുമായ സംഭാഷണങ്ങൾ സിനിമയുടെ മറ്റൊരു സവിശേഷതയാണ്.

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള അഭിനേതാക്കളും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ആയിഷയായി അഭിനയിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്‌ജുവാര്യരാണ്. ആയിഷയായി ജീവിക്കാൻ ലഭിച്ച അവസരം അവർ ഏറ്റവും മനോഹരമായി വിനിയോഗിച്ചിട്ടുണ്ട്. മഞ്ജുവിന്റെ അഭിനയജീവിതത്തിലെ ശക്തവും സുന്ദരവുമായ കഥാപാത്രമായി ആയിഷ മാറിയിട്ടുണ്ട്. ഒരു പക്ഷേ നിലമ്പൂർ ആയിഷയ്ക്കും മഞ്ജു വാര്യർക്കും വേണ്ടി കാലം കാത്തു വെച്ച നിധിയായിരുന്നിരിക്കാം ഈ സിനിമ! സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രമായ മാമ്മയെ അവതരിപ്പിച്ചിരിക്കുന്നത് മോണ എസ്സെ എന്ന നടിയാണ്. ആയിഷയും മാമ്മയും തമ്മിലുള്ള വൈകാരികാനുഭവങ്ങളാണ് സിനിമയുടെ ഹൃദയ സ്പർശിയായ ഭാഗങ്ങളിലൊന്ന്. മഞ്ജുവാര്യരുടെ അഭിനയത്തിനൊപ്പം നിൽക്കുന്നതൊ അതിനു മേലെ നിൽക്കുന്നതൊ എന്നു സംശയം തോന്നാവുന്ന തരത്തിലുള്ള അഭിനയമാണ് മോണ എസ്സെ കാഴ്ച വെച്ചിരിക്കുന്നത്. മോണയുടെ അഭിനയത്തെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല. വാർധക്യകാലത്തെ മാനുഷിക വ്യാപാരങ്ങളെ അതീവ തൻമയത്വത്തോടെയാണ് അവർ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നത്. മാമ്മയും ആയിഷയും തമ്മിലുള്ള രസതന്ത്രമാണ് ഈ സിനിമയുടെ കാതൽ. മാമ്മയുടെ സ്ഥാനത്ത് മോണ എസ്സെ എന്ന നടിയെ ഉറപ്പിച്ചപ്പോൾ തന്നെ സംവിധായകൻ പാതി വിജയിച്ചു എന്നു പറയാം. അത്രമാത്രം മികച്ചൊരു കഥാപാത്രതിരഞ്ഞെടുപ്പായിരുന്നു അത്. മാമ്മയെപ്പോലെത്തന്നെ ആക്വിഫിനേയും നമ്മൾക്ക് മറക്കാൻ കഴിയില്ല. കൃഷ്ണ ശങ്കർ അവതരിപ്പിച്ച ആബിദ് എന്ന കഥാപാത്രത്തിന്റെ സ്വാഭാവികതയിൽ മാത്രമാണ് അൽപം സംശയം തോന്നിയത്. ബാക്കിയെല്ലാ അഭിനേതാക്കളും അവരവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്.

കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ അതിന്റെ വ്യാപ്തിയിൽ തൊടാനുള്ള പരിമിതി സ്വയം തിരിച്ചറിഞ്ഞതുകൊണ്ടാവാം സംവിധായകൻ നിലമ്പൂർ ആയിഷയുടെ ആ അധ്യായങ്ങളെ തൊടാതെത്തന്നെ ആയിഷ എന്ന വ്യക്തിയുടെ തികച്ചും വ്യത്യസ്തമായ മറ്റൊരു അനുഭവത്തിലൂടെ അവരുടെ മഹനീയത സുന്ദരമായി ആവിഷ്കരിച്ചത്. പരിമിതികൾ തിരിച്ചറിഞ്ഞ് സാധ്യതയെ പ്രയോജനപ്പെടുത്തുക എന്നതും ഒരു സംവിധായകനുണ്ടായിരിക്കേണ്ട കയ്യടക്കമാണല്ലൊ. സമൂഹത്തിലെ എല്ലാതരം മനുഷ്യർക്കും ആസ്വദിക്കാവുന്ന ഒരു മികച്ച സിനിമ തന്നെയാണ് ആയിഷ. അതീവ സുന്ദരമായ ക്യാമറ ഫ്രെയ്മുകളും പശ്ചാത്തല സംഗീതവും സുന്ദരമായ സംഭാഷണങ്ങളും വ്യത്യസ്തമായ വേഷവിധാനങ്ങളും അഭിനയമുഹൂർത്തങ്ങളുമെല്ലാം ഈ സിനിമയെ ആഗോളനിലവാരത്തിലേക്ക് ഉയർത്തുന്നുണ്ട്.
നിലമ്പൂർ ആയിഷയെന്ന മഹ്ദ് വ്യക്തിയെ ഏറ്റവും മനോഹരമായി ഒപ്പിയെടുത്ത് അഭ്രപാളികളിൽ പകർന്ന ആമിർ പള്ളിക്കലും അണിയറ പ്രവർത്തകരും തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.

Eng­lish Summary:Ayesha with the unfor­get­table life of an extra­or­di­nary life!
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.