70 വയസ് പിന്നിട്ടവർക്കുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി (പിഎം — ജെഎവൈ )യിൽ അംഗങ്ങളായിച്ചേരാൻ വയോജനങ്ങൾ നെട്ടോട്ടത്തിൽ. രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ചയോളമായെങ്കിലും നടപടി ഇപ്പോഴും കടലാസിൽ തന്നെയാണ്. ആയുഷ്മാൻ ആപ്പിലും വെബ് പോർട്ടലിലും പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി കഴിഞ്ഞെന്നും പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ തുടങ്ങിയെന്നുമായിരുന്നു ദിവസങ്ങൾക്ക് മുമ്പുള്ള അറിയിപ്പ്. എന്നാൽ, ഇത് സംബന്ധിച്ച ഔദ്യോഗിക നിര്‍ദേശങ്ങളൊന്നും സംസ്ഥാനങ്ങൾക്ക് നൽകാതെയായിരുന്നു പ്രഖ്യാപനം. സംസ്ഥാനങ്ങൾക്ക് നൽകിയതാകട്ടെ, രജിസ്ട്രേഷൻ സംവിധാനം തയ്യാറാക്കണമെന്ന നിര്‍ദേശം മാത്രവും. രജിസ്ട്രേഷൻ നടപടികൾ ഇനിയും വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. രജിസ്ട്രേഷന് ആവശ്യമായ മാറ്റം ആപ്പിലോ വെബ് പോർട്ടറിലോ വരുത്താത്തതാണ് തകരാറുകൾക്കും കാലതാമസത്തിനും കാരണം. വെബ് സൈറ്റിലെ പിഴവ് തിരുത്തണമെന്ന ആവശ്യവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ് സംസ്ഥാനങ്ങൾ.
ഡിജിറ്റൽ സേവ പൊതു സേവന കേന്ദ്രങ്ങൾ (സിഎസ്‌സി), അക്ഷയ കേന്ദ്രങ്ങൾ മുഖേന രജിസ്ട്രേഷൻ സാധ്യമാകുമെന്ന് പത്രവാർത്തകളിൽ കണ്ടതോടെ പ്രതീക്ഷയോടെ അവിടങ്ങളിൽ മുട്ടി നിരാശരായി മടങ്ങുകയാണ് വയോജനങ്ങൾ. സാങ്കേതികമായ തകരാറുകൾ തുടരുകയും ഒന്നിലും വ്യക്തതയില്ലാതെ സംസ്ഥാനങ്ങൾ തലപുകയ്ക്കുകയും ചെയ്യുന്നതിനിടയിലും പദ്ധതി ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുമെന്നാണ് കേന്ദ്രം പറയുന്നത്. 70 വയസ് കഴിഞ്ഞവർക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സൗജന്യ ചികിത്സാ ഇൻഷുറൻസ് പദ്ധതിയെന്നാണ് കൊട്ടിഘോഷിക്കുന്നതെങ്കിലും ചെലവിന്റെ നല്ല പങ്ക് വഹിക്കേണ്ടത് സംസ്ഥാനങ്ങളാണ്. ഉദാഹരണത്തിന്, 1000 കോടി രൂപയിലധികം പദ്ധതിക്കായി കേരളം ചെലവഴിക്കുമ്പോൾ കേന്ദ്ര വിഹിതമായി അനുവദിക്കുന്നത് 151 കോടി രൂപ മാത്രം. കേരളത്തിൽ കാരുണ്യ ആരോഗ്യ പരിരക്ഷാ പദ്ധതിയുമായി സംയോജിപ്പിച്ചാണ് പിഎം — ജെഎവൈ നടപ്പാക്കുന്നത്. എന്നാൽ, രജിസ്ട്രേഷൻ നടത്തേണ്ടത് കേന്ദ്ര പോർട്ടൽ വഴി മാത്രമാണ്. അതു വഴി രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മാത്രമേ ചികിത്സാ സഹായം കിട്ടു. പദ്ധതിയിലുൾപ്പെട്ട 581 ആശുപത്രികളിൽ രജിസ്ട്രേഷൻ കിയോസ്കുകൾ സ്ഥാപിച്ച് സംസ്ഥാനം ഏറെ മുന്നിലെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.