
സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ് സൃഷ്ടിച്ച ബാബു സ്വാമിയെയും നാഗസൈരന്ധ്രിയെയും വേദിയിലെത്തിച്ച് പൊട്ടിച്ചിരി സമ്മാനിച്ച് മീതിക വെനേഷ്. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മിമിക്രി മത്സര വേദിയിലാണ് ‘ബാബു സ്വാമി, എനിക്ക് വർഷങ്ങൾ കൊണ്ട് അറിയാം’ എന്ന ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങായ നാഗസൈരന്ധ്രിയുടെ ശബ്ദം ഉയർന്നത്. പെൺകുട്ടികളുടെ മിമിക്രി വേദിയെ കുടുകുടെ ചിരിപ്പിക്കാൻ ഈ ഒറ്റ ഡയലോഗിന് സാധിച്ചു. ചെറായി എസ്എംഎച്ച്എസ്എസ് പ്ലസ്ടു വിദ്യാർത്ഥിയാണ് ഈ ഐറ്റം വേദിയിൽ എത്തിച്ച മീതിക വെനേശ്. സമൂഹമാധ്യമങ്ങളിലൂടെ വൈറലായ നാഗചേച്ചിയെ അവതരിപ്പിച്ചതോടെ സദസ് ഉണർന്നു. മീതിക വെനേഷിന്റെ കൂട്ടുകാരൻ ഇഷാൻ ശ്യാം എച്ച്എസ്എസ് ആൺകുട്ടികളുടെ മിമിക്രിയിൽ എ ഗ്രേഡ് നേടിയ സന്തോഷം മീതികയുടെ ആവേശം ഇരട്ടിയിലാക്കി. നോർത്ത് പറവൂർ എസ്എൻഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാര്‍ത്ഥിയാണ് ഇഷാൻ. മത്സരഫലം വന്നപ്പോൾ കൂട്ടുകാരി മീതികയ്ക്കും എ ഗ്രേഡ്. അതോടെ ഈ കട്ട ‘ചങ്ക്‘സുകൾ ഇരട്ടി സന്തോഷത്തിൽ.
കലോത്സവ വേദികളിൽ കണ്ടുമുട്ടിയാണ് ഇരുവരും സുഹൃത്തുക്കളായത്. ദനൂപ് അക്കിക്കാവിന്റെ കീഴിലാണ് ഇരുവരുടെയും പരിശീലനം. ബീറ്റ്ബോക്സും പ്രകൃതിശബ്ദങ്ങളുമാണ് ഇരുവരുടെയും മാസ്റ്റർപീസ്. ഇഷാൻ കാർ ശബ്ദങ്ങളുടെ സ്പെഷ്യലിസ്റ്റാണ്. ശ്യാംകുമാർ‑ലിംസി ദമ്പതികളുടെ മകനാണ് ഇഷാൻ. കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ കഥകളിയിലും മിമിക്രിയിലും എ ഗ്രേഡ് നേടിയ മീതിക ‘വണ്ടർ ബോയ്സ്’ സിനിമയിലും ടെലിവിഷൻ ഷോകളിലും അഭിനയിച്ചിട്ടുണ്ട്. ഒ ആർ വെനേശ്-ലൈബ ദമ്പതികളുടെ മകളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.