15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 14, 2025
March 14, 2025
March 14, 2025
March 13, 2025
March 12, 2025
March 12, 2025
March 12, 2025
March 12, 2025
March 11, 2025
March 11, 2025

മണിപ്പൂരിൽ കാലു കുത്താത്ത മോഡി സമാധാന ദൂതുമായി വിദേശങ്ങളിൽ ബേബി ആലുവ

Janayugom Webdesk
കൊച്ചി
November 22, 2024 9:37 pm

രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലയിലെ കൊച്ചു സംസ്ഥാനമായ മണിപ്പൂർ കത്തിയെരിയുമ്പോൾ അതിനെ നിസംഗതയോടെ കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക സമാധാനത്തിന്റെ മാധ്യസ്ഥ്യ വാഴ്വിൽ വിദേശപര്യടനത്തിലാണെന്ന പരിഹാസവുമായി ലത്തീൻ കത്തോലിക്കാ സഭാ മുഖപത്രമായ ജീവനാദം. തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിന് മുമ്പായി വിദേശത്തുനിന്ന് തിരിച്ചെത്തുന്ന മോഡിയെ ഒരു വട്ടം മണിപ്പൂരിലേക്കൊന്ന് പായിക്കണമെന്ന് പത്രം രാഷ്ട്രപതിയെ ഉപദേശിക്കുന്നുമുണ്ട്. 

കലാപത്തിൽ 265 പേർ മരണമടയുകയും 1000 ത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഒരു ലക്ഷത്തിലധികം പേർക്ക് വാസ സ്ഥലങ്ങളിൽ നിന്ന് പലായനം ചെയ്യേണ്ടിവരികയും ഒന്നര വർഷമായി 351 ദുരിതാശ്വാസ ക്യാമ്പുകളിലായി 22,000 കുട്ടികളടക്കം 60, 000 പേർ ദുരിത ജീവിതം നയിക്കേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തിട്ടും രാജ്യത്തിന്റെ പ്രധാനമന്ത്രി അജ്ഞാത കാരണങ്ങളാൽ ഇന്നേവരെ മണിപ്പൂരിലെ ജനങ്ങളെ ആശ്വസിപ്പിക്കാൻ അവിടെ കാലുകുത്തിയിട്ടില്ല. ഇതിനിടയിൽ, നരേന്ദ്ര മോഡി റഷ്യയും ഉക്രെയ്നും സന്ദർശിക്കുകയും അവിടെ സമാധാനത്തിനായി ആത്മാർത്ഥമായി ഇടപെടുകയും ചെയ്തു. മണിപ്പൂരിനെ ഇന്ത്യൻ യൂണിയന്റെ ഭാഗമായി കാണാൻ കഴിയാതാത്ത വിധം ഇത്രത്തോളം നിസംഗത പുലർത്താൻ ഒരു പ്രധാനമന്ത്രിക്ക് ആവുന്നതെങ്ങനെയെന്ന് ‘ജീവനാദം’ ചോദിക്കുന്നു. 

ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തരമായി വിന്യസിക്കുന്ന 7000 സേനാംഗങ്ങളുടെ അധികബലം കൊണ്ടോ, കർഫ്യൂ — ഇന്റർനെറ്റ് നിയന്ത്രണത്തിലൂടെയോ 33 ലക്ഷം വരുന്ന ജനങ്ങൾ ഒന്നര വർഷത്തോളമായി അനുഭവിക്കുന്ന കൊടും യാതനകൾക്ക് എന്ത് അറുതിയുണ്ടാക്കാനാണ്? ‘സംസ്ഥാനത്തെ സങ്കീർണമായ പ്രശ്നങ്ങൾ കുറെക്കൂടി രൂക്ഷമാക്കി ’ സമാധാനം’ കൊണ്ടുവരാനാണ് ബിരേന്ദ്ര സിങ്ങിനെക്കാൾ വാശിയോടെ അമിത്ഷാ വാചകക്കസർത്ത് നടത്തുന്നത്.
സംസ്ഥാനത്തെ ഗോത്രവർഗക്കാരായ കൈസ്തവരെ മ്യാൻമറിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരായും ലഹരി ഇടപാടുകാരായും മുദ്രകുത്തി അമൂല്യ ധാതു സമ്പത്തുള്ള വന മേഖല കോർപറേറ്റ് താല്പര്യങ്ങൾക്കായി പിടിച്ചെടുക്കാനുള്ള ഗൂഢതന്ത്രങ്ങളും ഇതോടൊപ്പം പയറ്റുന്നുണ്ട്.
മണിപ്പൂരിലെ ഭരണത്തകർച്ചയും ഭരണഘടനാ സംവിധാനത്തിന്റെ പൂർണ പരാജയവും മുൻ നിർത്തി മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ പുറത്താക്കി ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാൻ പ്രസിഡന്റിന് ഗവർണറുടെ റിപ്പോർട്ട് പോലും വേണമെന്നില്ലെന്ന് പത്രം ഈ ലക്കം മുഖപ്രസംഗത്തിൽ ഓർമിപ്പിക്കുന്നുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.