29 December 2025, Monday

Related news

December 27, 2025
December 19, 2025
December 18, 2025
December 18, 2025
December 16, 2025
December 2, 2025
December 1, 2025
December 1, 2025
November 30, 2025
November 26, 2025

ഒരു താള്‍കൂടി ചരിത്രത്തിലേക്ക്

പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ നാളെ അവസാന സെഷന്‍ 
സ്വാതന്ത്ര്യത്തിനും ഭരണഘടനാ രൂപീകരണത്തിനും സാക്ഷി 
Janayugom Webdesk
ന്യൂഡല്‍ഹി
September 17, 2023 9:10 pm

ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലേക്ക് ഒരു താള്‍ കൂടി മറിയുന്നു. ജനാധിപത്യത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയുടെ ശേഖരവും 96 വര്‍ഷത്തെ ചരിത്രവുമുള്ള പഴയ പാര്‍ലമെന്റ് ഇനി ഓര്‍മ്മകളുടെ മാത്രം മന്ദിരം. ഈ മന്ദിരത്തില്‍ നാളെ അവസാന സെഷന്‍ ആയേക്കും.

1927, ജനുവരി 18നാണ് ഇന്ത്യയുടെ വൈസ്രോയ് ആയിരുന്ന ഇര്‍വിൻ പ്രഭു പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്. കോളനിവാഴ്ചക്കും രണ്ടാം ലോക മഹായുദ്ധത്തിനും സ്വാതന്ത്ര്യത്തിനും ഭരണഘടനാ രൂപീകരണത്തിനും ചരിത്രപ്രധാനവും വിവാദപരവുമായ പല നിയമ രൂപീകരണങ്ങള്‍ക്കും ഈ മന്ദിരം സാക്ഷിയായിരുന്നു. നാല് മാസം മുമ്പാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വിവാദങ്ങള്‍ക്കിടയില്‍ നടന്നത്. പഴയ കെട്ടിടം പൊളിച്ചു നീക്കേണ്ടെന്നും കാത്തുസൂക്ഷിക്കാമെന്നും സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യൻ ചരിത്രത്തിന്റെയും ജനാധിപത്യത്തിന്റെയും കാവലാളെന്നും ഡല്‍ഹിയുടെ വാസ്തുകലയിലെ രത്നമെന്നുമൊക്കെയാണ് പഴയ മന്ദിരത്തിന് ചരിത്രകാരന്മാര്‍ നല്‍കുന്ന വിശേഷണങ്ങള്‍. ബ്രിട്ടീഷ് ഭരണകേന്ദ്രം റയ്സിനാ കുന്നുകളിലേക്ക് മാറ്റാൻ തീരുമാനിച്ചപ്പോണ് 144 തൂണുകളുള്ള വൃത്താകൃതിയിലെ ചരിത്ര മന്ദിരം നിര്‍മ്മിക്കുന്നത്. എഡ്വിൻ ല്യൂട്ടിൻസും ഹെർബെർട്ട് ബേക്കറും ചേര്‍ന്ന് രൂപകല്പന ചെയ്തതാണ് 560 അടി വ്യാസമുള്ള പഴയ പാര്‍ലമെന്റ് കെട്ടിടം. അന്ന് കൊളോണിയല്‍ ഹൗസ് എന്ന പേരില്‍ അറിയപ്പെട്ട മന്ദിരത്തിന്റെ ഉദ്ഘാടനം ആഘോഷപൂര്‍വമാണ് നടന്നത് എന്ന് രേഖകളില്‍ നിന്നും വ്യക്തം. കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ വിദേശ മാധ്യമങ്ങളിലുള്‍പ്പെടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

ആറേക്കറില്‍ സ്ഥിതി ചെയ്യുന്ന പാര്‍ലമെന്റ് മന്ദിരത്തില്‍ 1946 ഡിസംബര്‍ ഒമ്പതിനാണ് ഭരണഘടനാ അസംബ്ലി ആദ്യ യോഗം ചേര്‍ന്നത്. 1949 നവംബര്‍ 26ന് ഭരണഘടന അംഗീകരിക്കപ്പെടുകയും 1950 ജനുവരി 26ന് നിലവില്‍ വരികയും ഇന്ത്യ റിപബ്ലിക് ആകുകയും ചെയ്തു.

പാര്‍ലമെന്റ് മന്ദിരം എന്നത് വെറുമൊരു കെട്ടിടമല്ലെന്നും നമ്മുടെ ചരിത്രത്തിന്റെയും ജനാധിപത്യത്തിന്റെയും ശേഖരമാണെന്നും വാസ്തുശില്പ സംരക്ഷകനും നഗരാസൂത്രകനുമായ എ കെ ജി മേനോൻ പറഞ്ഞു. ഇന്ത്യ സ്വതന്ത്രമാകുന്നതിന് സാക്ഷ്യംവഹിക്കുകയും ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ “അര്‍ധരാത്രിയു‌‌ടെ മണി മുഴങ്ങുമ്പോള്‍, ലോകം ഉറങ്ങുന്ന സമയത്ത്, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നുയരും” എന്നാരംഭിക്കുന്ന പ്രസംഗം പ്രതിഫലിപ്പിക്കുകയും ചെയ്ത ഇടമാണ് പഴയ മന്ദിരം.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കടക്കുംമുമ്പ് പാര്‍ലമെന്റിന്റെ 75 വര്‍ഷങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ നേട്ടങ്ങളും അനുഭവങ്ങളും ഓര്‍മ്മകളും മന്ദിരത്തില്‍ നിന്നും പഠിച്ച പാഠങ്ങളും ചര്‍ച്ച ചെയ്യപ്പെടും. ശേഷം അതും ചരിത്രമാകും.

Eng­lish sum­ma­ry; Back Par­lia­ment Spe­cial Ses­sion all set to begin tomorrow

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.