13 February 2026, Friday

Related news

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026
February 12, 2026
February 11, 2026
February 11, 2026

കേരളത്തിന് തിരിച്ചടി; ലീഡ് വഴങ്ങി

Janayugom Webdesk
നാഗ്പൂര്‍
February 28, 2025 7:26 pm

രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ വിദർഭയ്ക്ക് 37 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളം ആദ്യ ഇന്നിങ്സിൽ 342 റൺസിന് പുറത്തായി. 379 റൺസായിരുന്നു വിദർഭ ആദ്യ ഇന്നിങ്സിൽ നേടിയത്. 98 റൺസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. രഞ്ജി ട്രോഫി ചരിത്രത്തിൽ, ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയ വിദർഭ താരം ഹർഷ് ദുബെയുടെ പ്രകടനവും മൂന്നാം ദിവസം ശ്രദ്ധേയമായി.

മൂന്ന് വിക്കറ്റിന് 131 റൺസെന്ന നിലയിലാണ് കേരളം മൂന്നാം ദിവസം ബാറ്റിങ് തുടങ്ങിയത്. ആദ്യ പന്ത് തന്നെ ബൌണ്ടറി കടത്തിയാണ് തുടങ്ങിയതെങ്കിലും കരുതലോടെയാണ് ആദിത്യ സർവാടെയും സച്ചിൻ ബേബിയും ഇന്നിങ്സ് മുന്നോട്ട് നീക്കിയത്. സ്കോർ 170ൽ നില്ക്കെ ആദിത്യ സർവാടെയുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. 79 റൺസെടുത്ത സർവാടെ, ഹർഷ് ദുബെയുടെ പന്തിൽ ഡാനിഷ് മലേവാർ പിടിച്ച് പുറത്താവുകയായിരുന്നു. ഒരറ്റത്ത് സച്ചിൻ ബേബി ഉറച്ച് നിന്നെങ്കിലും തുടർന്നെത്തിയ മറ്റാർക്കും ദീർഘമായ ഇന്നിങ്സുകൾ കളിക്കാനാവാതെ പോയത് കേരളത്തിന് തിരിച്ചടിയായി. സമീപ മല്സരങ്ങളിൽ രക്ഷകനായി അവതരിച്ച സൽമാൻ നിസാർ 21 റൺസെടുത്ത് പുറത്തായി.

സച്ചിൻ ബേബിയും മൊഹമ്മദ് അസറുദ്ദീനും ചേർന്ന 59 റൺസിൻ്റെ കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. എന്നാൽ 34 റൺസെടുത്ത മൊഹമ്മദ് അസറുദ്ദീൻ ദർശൻ നൽഖണ്ഡെയുടെ പന്തിൽ എൽബിഡബ്ലു ആയത് കേരളത്തിന് തിരിച്ചടിയായി. തുടർന്നെത്തിയ ജലജ് സക്സേനയും സച്ചിന് മികച്ച പിന്തുണയായി. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്തു. കേരള സ്കോർ മുന്നൂറും കടന്ന് ലീഡിലേക്ക് നീങ്ങിയേക്കുമെന്ന തോന്നിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിതമായി സച്ചിൻ ബേബി പുറത്തായത്. അർഹിച്ച സെഞ്ച്വറിക്ക് രണ്ട് റൺസ് അകലെയാണ് സച്ചിൻ പുറത്തായത്. 235 പന്തുകളിൽ 10 ബൌണ്ടറിയക്കം 98 റൺസ് നേടിയ സച്ചിൻ, പാർഥ് രഖഡെയുടെ പന്തിൽ കരുൺ നായർ പിടിച്ചാണ് പുറത്തായത്. തുടർന്ന് കേരളത്തിൻ്റെ ചെറുത്തുനില്പ് അധികം നീണ്ടില്ല. 18 റൺസ് കൂടി ചേർക്കുന്നതിനിടെ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. ജലജ് സക്സേന 28ഉം ഏദൻ ആപ്പിൾ ടോം പത്തും, നിധീഷ് ഒരു റണ്ണെടുത്തും പുറത്തായി. കേരളത്തിൻ്റെ ഇന്നിങ്സ് 342ന് അവസാനിച്ചു.

വിദർഭയ്ക്ക് വേണ്ടി ദർശൻ നൽഖണ്ഡെ, ഹർധ് ദുബെ, പാർഥ് റെഖാഡെ എന്നിവർ മൂന്ന് വിക്കറ്റ് വീതവും യഷ് ഥാാക്കൂർ ഒരു വിക്കറ്റും വീഴ്ത്തി. രഞ്ജിയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന താരമെന്ന നേട്ടം സ്വന്തമാക്കിയ ഇടംകയ്യൻ സ്പിന്നർ ഹർഷ് ദുബെയുടെ പ്രകടനമാണ് ശ്രദ്ധേയമായത്. കേരളത്തിനെതിരായ മൂന്ന് വിക്കറ്റുകളോടെ ഈ സീസണിൽ ഹർഷ് ദുബെയുടെ ആകെ വിക്കറ്റ് നേട്ടം 69 ആയി. ഇതോടെ 2018–19 സീസണിൽ 68 വിക്കറ്റുകൾ വീഴ്ത്തിയ ബിഹാർ താരം അശുതോഷ് അമൻ്റെ റെക്കോഡാണ് ഹർഷ് ദുബെ മറികടന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.