22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 27, 2024
November 21, 2024
November 14, 2024
November 6, 2024
October 31, 2024
October 31, 2024
October 30, 2024
October 30, 2024
October 29, 2024
October 27, 2024

ബ്രിട്ടന് തിരിച്ചടി : പലസ്തീന്‍ അനുകൂലിയായ വിദ്യാര്‍ത്ഥിയുടെ വിസ റദ്ദാക്കാനുള്ള നീക്കത്തിനെതിരെ യുകെ കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
October 31, 2024 1:44 pm

പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥിയുടെ അപ്പീലില്‍ ബ്രിട്ടന്‍ സര്‍ക്കാരിന് തിരിച്ചടി. പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്തതിന് 19 കാരിയായ വിദ്യാര്‍ത്ഥിയുടെ വിസ റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം യുകെ കോടതി തടഞ്ഞു. ജസ്റ്റിസ് മെലാനി പ്ലിമ്മറിന്റേതാണ് നടപടി.മാഞ്ചസ്റ്ററില്‍ നടന്ന ഇസ്രയേല്‍ വിരുദ്ധ റാലിയിലാണ് ഡാന അബൂഖമര്‍ പങ്കെടുത്ത് സംസാരിച്ചത്. കനേഡിയന്‍-ജോര്‍ദാനിയന്‍ പൗരത്വമുള്ള വിദ്യാര്‍ത്ഥിയാണ് ഡാന. പൊതു സുരക്ഷയ്ക്ക് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുകെ വിസ റദ്ദാക്കിയത്. സ്റ്റുഡന്റ് വിസ അസാധുവാക്കിയതിലൂടെ ഡാനയുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ തടസപ്പെടുത്തിയെന്ന് മെലാനി പ്ലിമ്മര്‍ പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ മനുഷ്യാവകാശങ്ങളും സംസാരിക്കാനുള്ള സ്വാതന്ത്ര്യവുമാണ് സര്‍ക്കാര്‍ തടസപ്പെടുത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിസ റദ്ദാക്കിയത് യു.കെ ഹോം ഓഫീസിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണെന്നും കോടതി പറഞ്ഞു. ഡാന ഒരു തീവ്രവാദിയല്ലെന്നും ഒക്ടോബറിലുണ്ടായ പ്രത്യാക്രമണത്തില്‍ ഹമാസിനുണ്ടായ പങ്കിനെ കുറിച്ച് വിദ്യാര്‍ത്ഥിക്ക് അറിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ഭീകരാക്രമണങ്ങളെ ഡാന പിന്തുണക്കുന്നില്ലെന്നും കോടതി പറഞ്ഞു. വാദത്തിനിടെ ഇസ്രയേല്‍ പൗരന്മാര്‍ക്കെതിരായ ആക്രമണത്തെ ഞാന്‍ പിന്തുണക്കുന്നില്ല. എന്നാല്‍ പലസ്തീനികള്‍ അവരുടെ അവകാശങ്ങള്‍ നിയമപരമായി നേടിയെടുക്കണം. പലസ്തീനികളുടെ പ്രശ്‌നങ്ങള്‍ക്ക് നിയമസാധുത ഉണ്ടാകണം,എന്ന് ഡാന അബൂഖമര്‍ പറഞ്ഞിരുന്നു.

ഡാനയുടെ പ്രസ്തുത പരാമര്‍ശത്തെ ഉദ്ധരിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. കോടതിയുടെ അനുകൂല വിധിയില്‍ സന്തോഷവും നന്ദിയുമുണ്ടെന്നും ഡാന പ്രതികരിച്ചു.ഇസ്രയേലിന്റെ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനങ്ങള്‍ക്കെതിരെ നിയമനടപടി തുടരുന്നവരെ ഈ വിധി പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,എന്നും ഡാന പറഞ്ഞു.തന്റെ സാന്നിധ്യം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു യുകെ പറഞ്ഞിരുന്നത്. 

തന്റെ വീക്ഷണങ്ങള്‍ തീവ്രവാദത്തെ പിന്തുണക്കുന്നതാണെന്നും ഭരണകൂടം അവകാശപ്പെട്ടിരുന്നതായും ഡാന ചൂണ്ടിക്കാട്ടി. തന്റെ അഭിപ്രായങ്ങള്‍ തെറ്റായി ചിത്രീകരിക്കപ്പെട്ടു. നിരപരാധികളായ പൗരന്മാരെ കൊന്നൊടുക്കുന്നത് ആരാണെങ്കിലും അവര്‍ക്ക് മാപ്പില്ലെന്നും ഡാന പറഞ്ഞു.നേരത്തെ യൂറോപ്പില്‍ ഉടനീളമായി നടന്ന പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തിയിരുന്നു. ഫ്രാന്‍സിലെ സയന്‍സ് പോ യൂണിവേഴ്‌സിറ്റിയില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ വ്യാപകമായതോടെ വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്ന് നീക്കം ചെയ്യാന്‍ അധികൃതര്‍ പൊലീസ് സഹായം ആവശ്യപ്പെട്ടിരുന്നു

60 ഓളം വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് വളയുകയും കുത്തിയിരിപ്പ് സമരം നടത്തുകയുമായിരുന്നു. ജര്‍മനിയിലെ സര്‍വകലാശാലകളിലും സമാനമായി നടന്ന പ്രതിഷേധങ്ങളില്‍ പലസ്തീന്‍ അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ അറസ്റ്റ് ചെയ്യപ്പെട്ടു.ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.