14 January 2026, Wednesday

വിദ്യാഭ്യാസ വ്യവസായ രംഗത്തെ പിന്നാക്കാവസ്ഥയും പോരായ്മകളും

എ ജി വെങ്കിടേഷ്
January 5, 2026 4:23 am

2011ലെ സെൻസസ് പ്രകാരം, ഗുജറാത്തില്‍ ആദിവാസി മേധാവിത്വമുള്ള ജില്ലയാണ് ഛോട്ടാ ഉദേപൂർ. ഇവിടെയുള്ള ജനങ്ങള്‍ക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും  വിദ്യാഭ്യാസം വലിയ വെല്ലുവിളിയാണ് ഇപ്പോഴും. ഇത് ഛോട്ടാ ഉദേപൂരില്‍ മാത്രമല്ല ഗുജറാത്തിലാകെയുളള സ്ഥിതിയാണ്. ഗുജറാത്തിന്റെ മൊത്തത്തിലുള്ള വിദ്യാർത്ഥി-അധ്യാപക അനുപാതം രൂക്ഷമായ പ്രാദേശിക അസമത്വങ്ങൾ തുറന്നുകാട്ടുന്നതാണ്.
പ്രാഥമിക തലത്തിൽ 30:1 എന്ന വിദ്യാഭ്യാസ അവകാശ മാനദണ്ഡം വ്യാപകമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാന ബിജെപി സർക്കാർ നിയമസഭയെ അറിയിച്ചിട്ടുണ്ടെങ്കിലും, വിദ്യാഭ്യാസ വകുപ്പിന്റെ രേഖകളും ഇപ്പോഴും ഉയർന്ന തോതിൽ ഏകാധ്യാപക, അധ്യാപക രഹിത സ്‌കൂളുകൾ ഉണ്ടെന്നാണ്. ഛോട്ടാ ഉദേപൂർ, ദാഹോദ്, നർമ്മദ, താപി തുടങ്ങിയ ആദിവാസി മേധാവിത്വ ജില്ലകളിലാണ് ഇത് കൂടുതലെന്നും വ്യക്തമാകുന്നു. അനുവദിച്ച തസ്തികകൾ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ഒരു അധ്യാപകന്‍ ഒരേസമയം ഒന്നിലധികം ക്ലാസുകള്‍ കൈകാര്യം ചെയ്യാൻ നിർബന്ധിതരാകുന്നു. ഗുജറാത്ത് നിയമസഭയിൽ പ്രതിപക്ഷവും ആദിവാസി മേഖലയിലെ ബിജെപി എംഎൽഎമാരുള്‍പ്പെടെ ഈ വിഷയം ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ട്.
നസ്വാഡിയിൽ നിലവിൽ 239 അധ്യാപകരാണുള്ളത്. ആകെ അധ്യാപക ജീവനക്കാരുടെ 50%. 2023ൽ സംസ്ഥാനത്തെ ഏകദേശം 32,000 സ്കൂളുകളിൽ ഒന്ന് മുതൽ എട്ടുവരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഒരു അധ്യാപകൻ മാത്രമുള്ളതായി സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്കുകള്‍  വെളിപ്പെടുത്തുന്നു. 2022ൽ, ഒരു അധ്യാപകൻ നടത്തുന്ന 700 സ്കൂളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, രണ്ട് വർഷത്തിനുള്ളിൽ ആ കണക്ക് ഇരട്ടിയായി. ഈ വർധനവിന് പ്രധാന കാരണം അധ്യാപകരെ അവർക്കിഷ്ടമുള്ള സ്ഥലങ്ങളിലേക്ക് മാറ്റുന്നതാണെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കുബേർ ഡിൻഡോർ നിയമസഭയിൽ പറയുകയുണ്ടായി. 2009 ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശ നിയമം (ആർ‌ടി‌ഇ) പ്രകാരം, പ്രാഥമിക വിദ്യാലയങ്ങൾ പ്രവര്‍ത്തിപ്പിക്കുന്നതിന് ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി സ്കൂളുകളിൽ എത്ര അധ്യാപകർ ഉണ്ടായിരിക്കണം എന്നതുൾപ്പെടെയാണ് നിയമം. ഒന്ന് മുതൽ അഞ്ചുവരെ ക്ലാസുകളിൽ, 60 കുട്ടികൾ വരെ പ്രവേശനം നേടുന്ന ഒരു സ്കൂളിൽ കുറഞ്ഞത് രണ്ട് അധ്യാപകരെങ്കിലും ഉണ്ടായിരിക്കണം. 61–90 വിദ്യാർത്ഥികൾക്ക് മൂന്ന്, 91–120 കുട്ടികൾക്ക് നാല് വീതം അധ്യാപകരും. വലിയ സ്കൂളുകളിൽ ഒരൊറ്റ അധ്യാപകനെ മാത്രം ആശ്രയിക്കുന്നതിനുപകരം ഒന്നിലധികം അധ്യാപകരെ നിയമിക്കണമെന്നും വിദ്യാർത്ഥി-അധ്യാപക അനുപാതം (പ്രാഥമിക തലത്തിൽ 30:1) പേരിന് പകരം പ്രായോഗികമായി നിലനിർത്തണമെന്നും ഈ മാനദണ്ഡം ലക്ഷ്യമിടുന്നു. 2011 ലെ സെൻസസ് പ്രകാരം ഛോട്ടാ ഉദേപൂരിലെ സാക്ഷരതാ നിരക്ക് 43.51% ആണ്, ഗുജറാത്തിലെ ഏറ്റവും താഴ്ന്നത്. അടിസ്ഥാന സൗകര്യങ്ങളും ഒരു തടസ്സമാണ്, സ്കൂളുകൾ ഇപ്പോൾ തകർന്നിരിക്കുന്നു, അറ്റകുറ്റപ്പണികൾ ആവശ്യമാണ്. ആദിവാസി മേഖലയിലെ സർക്കാർ പ്രൈമറി സ്കൂളുകളില്‍ ദീർഘകാലമായി നിലനില്‍ക്കുന്ന അധ്യാപക ക്ഷാമവും ശോചനീയാവസ്ഥയും ചൂണ്ടിക്കാണിക്കുന്ന വിവരാവകാശ അപേക്ഷ പ്രകാരമുള്ള ചില കണക്കുകളും അടുത്തിടെ പുറത്തുവന്നിരുന്നു.
ഒന്ന് മുതൽ അ‍ഞ്ച് വരെ ക്ലാസുകളുളള 138 സ്കൂളുകളിലെങ്കിലും ഒരു അധ്യാപകനേ ഉള്ളൂ എന്നാണ് ബ്ലോക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ മറുപടിയിലുള്ളത്. ഈ സ്കൂളുകളുടെ പേരുകളും നല്‍കിയിരുന്നു.  അഞ്ച്  വരെ ക്ലാസുകളുളള 152 സ്കൂളുകളിൽ അധ്യാപകക്ഷാമം ഉണ്ടെന്നും ആറ് മുതൽ എട്ട് വരെ ക്ലാസുകളിൽ വിഷയാധ്യാപകരുടെയും 36 സ്കൂളുകളിലായി 44 അധ്യാപകരുടെയും കുറവുണ്ടെന്നും മറുപടിയിൽ പറയുന്നു. 30 സ്‌കൂളുകളിൽ ജീർണിച്ചതും ഉപയോഗശൂന്യവുമായ ക്ലാസ് മുറികളുണ്ടെന്നും മറുപടിയിൽ സമ്മതിച്ചിട്ടുണ്ട്. പാർലമെന്റിൽ, രേണുക ചൗധരി എംപിയുടെ ചോദ്യത്തിന് മറുപടിയായി, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 65.7 ലക്ഷം കുട്ടികൾ സ്കൂൾ ഉപേക്ഷിച്ചതായി കേന്ദ്ര വനിതാ-ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂർ വെളിപ്പെടുത്തിയിരുന്നു. ഈ കണക്കിൽ, 2025–26ൽ ഏറ്റവും കൂടുതൽ കുട്ടികൾ സ്കൂള്‍ ഉപേക്ഷിച്ചത് ഗുജറാത്തിലാണ്, 2.4 ലക്ഷം വിദ്യാർത്ഥികള്‍. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ 35,000 ക്ലാസ് മുറികളുടെയും 15,000 അധ്യാപകരുടെയും കുറവുണ്ടെന്ന് പ്രതിപക്ഷം സംസ്ഥാന നിയമസഭയില്‍ തന്നെ പറയുകയുണ്ടായി. 100ൽ താഴെ വിദ്യാർത്ഥികളുള്ള സ്കൂളുകൾ സർക്കാർ അടച്ചുപൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്യുന്നതിനാൽ വിദ്യാർത്ഥികൾ സ്കൂളിൽ പോകാൻ കൂടുതൽ യാത്ര ചെയ്യേണ്ടിവരുന്നു. അത് സാമ്പത്തികമായി ദുർബലരായ കുടുംബങ്ങളെ നിരുത്സാഹപ്പെടുത്തുന്നുവെന്നും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പറയുന്നു. വിദ്യാഭ്യാസ, മേഖലയില്‍ നിലനില്‍ക്കുന്ന പോരായ്മകളും അത് വിവിധ മേഖലകളില്‍, പ്രത്യേകിച്ച് ആദിവാസി മേഖലകളില്‍ ഉണ്ടാക്കുന്ന പിന്നാക്കാവസ്ഥയും തുറന്നുകാട്ടുന്നതാണ് ഈ കണക്കുകള്‍.
വിദ്യാഭ്യാസ മേഖലയിലെ സ്ഥിതി ഇതാണെങ്കില്‍ വ്യാവസായിക രംഗത്തും സാഹചര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് മറ്റ് ചില കണക്കുകള്‍ വെളിപ്പെടുത്തുന്നത്.  അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 11,000 ചെറുകിട യൂണിറ്റുകളാണ് അടച്ചുപൂട്ടിയത്. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി സംഘടിപ്പിക്കുന്നതിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും അടിസ്ഥാന യാഥാർത്ഥ്യം വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്. വിദ്യാസമ്പന്നരായ യുവാക്കൾക്ക് കൂടുതല്‍ തൊഴിലവസരങ്ങൾ ഉണ്ടാകുന്നുവെന്ന് ഗുജറാത്ത് സർക്കാർ അവകാശപ്പെടുമ്പോഴാണ് ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്. 2020–21ൽ 67 ചെറുകിട വ്യവസായങ്ങൾ അടച്ചുപൂട്ടി. 2024–25ൽ അടച്ചുപൂട്ടലുകൾ 3,534 ആയി കുത്തനെ ഉയർന്നു. അഞ്ച് വർഷത്തിനിടെ 10,948 ചെറുകിട വ്യവസായങ്ങൾ അടച്ചുപൂട്ടിയതിലൂടെ 54,901 പേർക്ക് തൊഴിൽ നഷ്ടമുണ്ടാക്കി. ഉദ്യം പോർട്ടൽ രജിസ്ട്രേഷനില്‍ ഉണ്ടായ വന്‍ ഇടിവ് ചെറുകിട വ്യവസായങ്ങള്‍ നടത്തുന്നതിലെ പ്രതിസന്ധി പ്രതിഫലിക്കുന്നു. 2023–24 ൽ 13 ലക്ഷത്തിലധികം ചെറുകിട വ്യവസായങ്ങൾ രജിസ്റ്റർ ചെയ്തിരുന്നെങ്കില്‍ 2025–26 ൽ 5,30,160 ആയി കുറഞ്ഞു.
വൻകിട വ്യവസായങ്ങളിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, ചെറുകിട വ്യവസായികളെ കൂടുതൽ അകറ്റി നിർത്തുന്നുണ്ടെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ചെറുകിട മേഖലയ്ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയുടെ അഭാവം സംസ്ഥാന വ്യവസായ നയത്തിലെ വിടവുകൾ തുറന്നുകാട്ടുകയും അതിന്റെ ദീർഘകാല സുസ്ഥിരതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു. വിദേശത്ത് നിന്ന് ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യുകയും ഇറക്കുമതി തീരുവകൾ നീക്കം ചെയ്യുകയും ചെയ്യുമ്പോൾ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നും, അതേസമയം പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾക്ക് ചരക്ക് സേവന നികുതി (ജിഎസ്‌ടി) ചുമത്തുന്നത് പ്രതിസന്ധിയാണെന്നും ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിദ്യാഭ്യാസ, വ്യവസായ മേഖലകളിലെ ഈ പോരായ്മകളും വീഴ്ചകളും ബിജെപി സര്‍ക്കാരിന്റെ അവകാശവാദങ്ങളുടെ മറുപുറമാണ് തുറന്നുകാട്ടുന്നത്.
(അവസാനിക്കുന്നു)

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.