12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 6, 2024
September 4, 2024
September 3, 2024
September 1, 2024
August 27, 2024
August 25, 2024
August 25, 2024
August 21, 2024
August 21, 2024

ബദ്‌ലാപൂർ ലൈംഗികാതിക്രമം: പ്രദേശത്ത് ഇന്റര്‍നെറ്റ് നിര്‍ത്തിവച്ചു, സ്‌കൂളുകൾക്ക് അവധി

സ്കൂള്‍ ബിജെപി നേതാവിന്റെ ബന്ധുവിന്റേത്
പൊലീസ് അലംഭാവം കാട്ടുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ 
Janayugom Webdesk
താനെ
August 21, 2024 3:10 pm

മഹാരാഷ്ട്രയിലെ താനെയില്‍ രണ്ട് നഴ്സറി പെൺകുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ബദ്‌ലാപൂരിൽ ഇന്റര്‍നെറ്റ് സേവന സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ പ്രദേശത്തെ ഭൂരിഭാഗം സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. 

ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിനിടെ റെയിൽവേ സ്റ്റേഷനിലും ബദ്‌ലാപൂരിന്റെ മറ്റ് ഭാഗങ്ങളിലും കല്ലേറുണ്ടായ സംഭവങ്ങളിൽ 17 സിറ്റി പോലീസ് ഉദ്യോഗസ്ഥർക്കും എട്ടോളം റെയിൽവേ പോലീസുകാർക്കും പരിക്കേറ്റതായും അക്രമവുമായി ബന്ധപ്പെട്ട് 72 പേരെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

ക്രമസമാധാനപാലനത്തിനായി ടൗണിൽ അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും നഗരത്തിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇൻ്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ശുചിമുറിയിൽ സ്‌കൂൾ സ്വീപ്പർ രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാർ ട്രെയിനുകള്‍ തടയുകയും സ്കൂൾ ആക്രമിക്കുകയും ചെയ്തതിനെത്തുടർന്ന് ചൊവ്വാഴ്ച ബദ്‌ലാപൂർ നഗരം സ്തംഭിച്ചു.

ബദ്‌ലാപൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 32 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റെയിൽവേ പൊലീസ് കമ്മീഷണർ (ജിആർപി) രവീന്ദ്ര ഷിശ്വെ പറഞ്ഞു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രിൻസിപ്പലിനെയും ക്ലാസ് ടീച്ചറെയും വനിതാ അറ്റൻഡറെയും സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമം അന്വേഷിക്കുന്നതിൽ കൃത്യവിലോപം കാട്ടിയതിന് മുതിർന്ന പൊലീസ് ഇൻസ്‌പെക്ടർ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ചൊവ്വാഴ്ച സംസ്ഥാന സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു.

മുതിർന്ന ഐപിഎസ് ഓഫീസർ ആർതി സിങ്ങിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഉത്തരവിട്ടതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ചൊവ്വാഴ്ച പറഞ്ഞു. അതേസമയം സ്കൂളിനെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. കേസ് അതിവേഗം അന്വേഷിക്കുമെന്നും കുറ്റവാളികൾ രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവം നടന്ന സ്‌കൂൾ ബദ്‌ലാപൂരിൽ നിന്നുള്ള ഒരു ബിജെപി നേതാവിന്റെ അടുത്ത ബന്ധുവിന്റേതാണെന്ന് സ്രോതസുകള്‍ വ്യക്തമാക്കുന്നു. 

സെന്‍സിറ്റീവായ കേസായിട്ടുപോലും സംഭവത്തില്‍ പൊലീസ് അലംഭാവം കാട്ടുന്നതായും കേസ് എടുക്കാൻ വൈകുന്നതായും മുതിര്‍ന്ന അഭിഭാഷകൻ ഉജ്ജ്വല്‍ നികം പ്രതികരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.