24 January 2026, Saturday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും

Janayugom Webdesk
തിരുവനന്തപുരം
January 9, 2024 6:38 pm

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സമരത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് അടൂരിലെ വീട്ടില്‍ നിന്ന് ഇന്നലെ രാവിലെ കന്റോണ്‍മെന്റ് പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. വൈകിട്ട് കോടതിയില്‍ ഹാജരാക്കി 22 വരെ റിമാന്‍ഡ് ചെയ്തു.
കേസില്‍ നാലാം പ്രതിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായതോടെയാണ് ജാമ്യാപേക്ഷ തള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(മൂന്ന്) പൂജപ്പുര ജയിലിലേക്ക് റിമാന്‍ഡ് ചെയ്തത്. സംഘം ചേര്‍ന്ന് അക്രമം നടത്തി, പൊതുമുതല്‍ നശിപ്പിച്ചു, കൃത്യനിര്‍വഹണം തടസപ്പെടുത്തി, ഉദ്യോഗസ്ഥരെ ആക്രമിച്ചു തുടങ്ങിയ വകുപ്പുകളിലാണ് കേസ്. കേസുമായി ബന്ധപ്പെട്ട് നേരത്തെ മുപ്പതിലധികം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. 

രാഹുല്‍ മാങ്കൂട്ടത്തിലിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പ്രതിഭാഗം വാദിച്ചതിനെത്തുടര്‍ന്നാണ് വിശദമായ മെഡിക്കല്‍ പരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചത്. തലയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും സ്ട്രോക്കിന് സാധ്യതയുണ്ടെന്നുമായിരുന്നു വാദം. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍, ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വ്യക്തമായി. നേരത്തെ ഫോര്‍ട്ട് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. 

ഡിസംബര്‍ 20നാണ് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന്റെ പേരില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. പൊലീസുകാരെ ആക്രമിക്കുകയും പൊലീസ് വാഹനങ്ങളുള്‍പ്പെടെ തകര്‍ക്കുകയും ചെയ്തു. പൂജപ്പുര എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിന്റെ തെളിവുകളായി വീഡിയോ ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ ഹാജരാക്കി. നടന്നത് രാഷ്ട്രീയപ്രതിഷേധമാണെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍, സമാധാനമായി പ്രതിഷേധിക്കുന്നവര്‍ എന്തിനാണ് തടിക്കഷണവുമായി വന്നതെന്ന് കോടതി ചോദിച്ചു.
അറസ്റ്റിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം പല ജില്ലകളിലും അക്രമാസക്തമായി. ഇന്ന് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധ മാർച്ചിനും ആ​​ഹ്വാനം ചെയ്തിട്ടുണ്ട്. 

Eng­lish Sum­ma­ry: Bail appli­ca­tion reject­ed; Rahul and Mangkootam will be trans­ferred to Poo­japu­ra Jail

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.