
റാഞ്ചി: ഛത്തീസ്ഗഢിന് പിന്നാലെ മതപരിവര്‍ത്തനം ആരോപിച്ച് ഝാര്‍ഖണ്ഡിലും ആള്‍ക്കൂട്ട വിചാരണ. ടാറ്റാനഗര്‍ റെയില്‍വെ സ്റ്റേഷനില്‍ ബജ്‍റംഗ്‌ദള്‍ പ്രവര്‍ത്തകരും റെയില്‍വേ ഉദ്യോഗസ്ഥരും ചേര്‍ന്ന് കന്യാസ്ത്രീയെയും 19 ആദിവാസി കുട്ടികളെയും അഞ്ച് മണിക്കൂറോളം തടഞ്ഞുവച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഫോട്ടോകളും വീഡിയോകളും ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തതായി ക്രിസ്ത്യന്‍ സംഘടനകള്‍ ആരോപിച്ചു. തൊഴില്‍ നൈപുണ്യ പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു കന്യാസ്ത്രീയും കുട്ടികളുമെന്ന് ദ ഇന്ത്യന്‍ എക‍്സ‌്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നാല് ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളും കന്യാസ്ത്രീയും അടങ്ങുന്നതായിരുന്നു സംഘം. അതേസമയം മതപരിവര്‍ത്തന ആരോപണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവ് കണ്ടെത്താനായിട്ടുമില്ല. സൗത്ത് ബിഹാര്‍ എക്സ്പ്രസ് ഖര്‍സവാനിനും ജംഷഡ്പൂരിനും ഇടയിലെ സ്ഥലത്തെത്തിയപ്പോള്‍ രണ്ട് പുരുഷന്മാര്‍ തങ്ങളെ പിന്തുടര്‍ന്നെന്ന് കന്യാസ്ത്രീ പറഞ്ഞു. ഇതിനിടെ കുട്ടികളുടെ രേഖകൾ ടിടിഇയുടെ നേതൃത്വത്തിൽ പരിശോധിക്കാൻ തുടങ്ങി. അവസാന നിമിഷം പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചതിനാൽ ചില കുട്ടികളുടെ കയ്യിൽ ആധാർ കാർഡുകൾ ഉണ്ടായിരുന്നില്ല. തുടർന്ന്, പൊലീസിന് കൈമാറുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പ്രോഗ്രാം ഡയറക്ടർ കൂടിയായ ബിരേന്ദ്ര ടെറ്റെ എന്ന പുരോഹിതനെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് അവർ പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ വനിതാ പൊലീസുകാരില്ലാതെ കുട്ടികള്‍ തനിയെ ഇരിക്കുകയായിരുന്നെന്ന് ബിരേന്ദ്ര ടെറ്റെ പറഞ്ഞു. അവര്‍ക്ക് ചുറ്റം ബജ്‍റംഗ്‌ദള്‍ പ്രവര്‍ത്തകരുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി 11 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ നാല് വരെ കന്യാസ്ത്രീയും കുട്ടികളും റെയില്‍വേ സ്റ്റേഷനിലിരുന്നു. ഒടുവില്‍ റെയില്‍വേ പൊലീസ് എത്തി കുട്ടികളെ ചോദ്യംചെയ്ത് ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ബംജ്‍റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയ ശേഷമാണ് കുട്ടികളെ പരിശീലന പരിപാടിക്ക് കൊണ്ടുപോയതെന്ന് ടെറ്റെ പറഞ്ഞു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും വിശദമായി അന്വേഷണം നടക്കുകയാണെന്നും റെയില്‍വേ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജയശ്രീ കജൂര്‍ പറഞ്ഞു. അതേസമയം, കുട്ടികളെ സംശയാസ്പദമായ സാഹചര്യത്തിൽ ട്രെയിനിൽ കണ്ടതോടെ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് ബജ്‌റംഗ്‌ദൾ നേതാവ് അരുൺ സിങ് പറഞ്ഞു. കുട്ടികളുടെ ചിത്രങ്ങളും വീഡിയോയും തെളിവിനായാണ് ചിത്രീകരിച്ചതെന്നും സിങ് അവകാശപ്പെട്ടു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ഓൾ ഇന്ത്യ ക്രിസ്ത്യൻ മൈനോറിറ്റി ഫ്രണ്ട് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.