
കുടുംബശ്രീ ബാലസഭാംഗങ്ങളായ കുട്ടികൾക്ക് ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും മനസിലാക്കുന്നതിനുള്ള അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി 30 ന് രാവിലെ 11.30ന് പഴയ നിയമസഭാ മന്ദിരത്തിൽ സംസ്ഥാനതല ബാലപാർലമെന്റ് സംഘടിപ്പിക്കും. ഈ സാമ്പത്തിക വർഷത്തെയും മുൻവർഷത്തെയും ഉൾപ്പെടെ രണ്ട് ബാലപാർലമെന്റുകളാണ് അന്നേ ദിവസം സംഘടിപ്പിക്കുക. ജില്ലാതല ബാലപാർലമെന്റിൽ മികച്ച പ്രകടനം കാഴ്ച വച്ച 330 കുട്ടികൾ ഇതിൽ പങ്കെടുക്കും. ഇവർക്കായി 29ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാവിലെ 9.30ന് മന്ത്രി എം ബി രാജേഷ് കുട്ടികളുമായി സംവദിക്കും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ അധ്യക്ഷത വഹിക്കും. 29ന് നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികളിൽ നിന്നും രാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കർ, ആറ് വകുപ്പ് മന്ത്രിമാർ, പ്രതിപക്ഷനേതാവ്, ചീഫ് മാർഷൽ, എഡിസി എന്നിവരെയും തെരഞ്ഞെടുക്കും.
30 ന് രാവിലെ 11.30 ന് നടക്കുന്ന സംസ്ഥാനതല ബാലപാർലമെന്റിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി വി അനുപമ കുട്ടികളുമായി സംവദിക്കും. ഓരോ സിഡിഎസിലുമുളള ബാലപഞ്ചായത്തുകളിൽ നിന്നും പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്ത് വിദഗ്ധ പരിശീലനം നൽകിയ ശേഷമാണ് കുട്ടികളെ ജില്ലാതല ബാലപാർലമെന്റിൽ പങ്കെടുപ്പിക്കുന്നത്. ഇതിൽ കുട്ടികൾ അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവകാശ സംരക്ഷണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരും. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങൾ, പ്രാദേശിക വികസനം എന്നിങ്ങനെ നിരവധി പ്രസക്തമായ വിഷയങ്ങളും ഇതിൽ ഉൾപ്പെടും. ജില്ലാതല പാർലമെന്റിൽ മികച്ച രീതിയിൽ അവതരണം നടത്തിയ കുട്ടികളെയാണ് സംസ്ഥാനതല ബാലപാർലമെന്റിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. കുട്ടികളിൽ ജനാധിപത്യ അവബോധം വളർത്തുക, പാർലമെന്റ് നടപടിക്രമങ്ങൾ, നിയമ നിർമാണം, ഭരണ സംവിധാനങ്ങൾ, ഭരണഘടനാ മൂല്യം തുടങ്ങിയ വിവിധ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നിവയാണ് ബാലപാർലമെന്റിന്റെ ലക്ഷ്യങ്ങൾ. കുട്ടികൾക്ക് നിയമസഭ സന്ദർശിക്കാനും നടപടിക്രമങ്ങൾ മനസിലാക്കാനും ബാലപാർലമെന്റ് അവസരമൊരുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.