19 December 2024, Thursday
KSFE Galaxy Chits Banner 2

ബൈക്കപകടത്തില്‍ പരിക്കേറ്റ ബാലവേദി രക്ഷാധികാരിസമിതി അംഗം സി ഡി ബാബു വിടവാങ്ങി

web desk
കോട്ടയം
June 21, 2023 8:13 pm

ബാലവേദി സംസ്ഥാന രക്ഷാധികാരി സമിതി അംഗവും സാംസ്കാരിക പ്രവര്‍ത്തകനും ജനസേവാദള്‍ പരിശീലകനുമായിരുന്ന ചങ്ങനാശ്ശേരി പെരുന്നയില്‍ ചാത്തനാട് വീട്ടില്‍ സി ഡി ബാബു (65) വിടവാങ്ങി. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ചങ്ങനാശേരിയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നില്‍ ഓട്ടോയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇപ്റ്റയ്ക്ക് വേണ്ടി അദ്ദേഹം എഴുതിയ നാടകത്തിന്റെ റിഹേഴ്സല്‍ കഴിഞ്ഞ് ചങ്ങനാശേരി പാര്‍ട്ടി ഓഫീസില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സംസ്കാരം പിന്നീട് നടക്കും.

സ്കൂട്ടറിന് പിന്നില്‍ യാത്രചെയ്തിരുന്ന സി ഡി ബാബു അപകടത്തെ തുടര്‍ന്ന് തെറിച്ചുവീണു. റോഡിന് സമീപത്തെ ഓടയിലെ സ്ലാബില്‍ തലയടിച്ച് വീണ അദ്ദേഹത്തെ ഉടന്‍ തന്നെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: ജമീല, മക്കള്‍: ഹനീഷ, ഹസീന, മരുമകൻ: ഹലീല്‍.

ഇന്ത്യൻ പീപ്പിള്‍സ് തീയറ്റര്‍ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ചങ്ങനാശ്ശേരി യൂണിറ്റ് സെക്രട്ടറിയുമായിരുന്നു സി ഡി ബാബു. സമകാലിക വിഷയങ്ങളെ ആസ്പദമാക്കി ധാരാളം തെരുവുനാടങ്ങളും പാരഡി ഗാനങ്ങളും രചിക്കുകയും അവതരിപ്പിക്കുകയും ചെയ്ത കലാകാരനാണ്. ഇപ്റ്റയ്ക്കുവേണ്ടി ചെങ്കോൽ എന്ന ആക്ഷേപഹാസ്യ നാടകം അദ്ദേഹം രചിച്ചിരുന്നു. നാടകം അവതരണത്തിനുള്ള റിഹേഴ്സലിന്റെ അവസാനവട്ട പ്രവര്‍ത്തനത്തിലുമായിരുന്നു അദ്ദേഹം. നാടക ക്യാമ്പിൽ നിന്നും റിഹേഴ്സൽ കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെയുണ്ടായ വാഹന അപകടത്തെ തുടര്‍ന്നുണ്ടായ സിഡിയുടെ അന്ത്യം സംഘടനയ്ക്ക് കനത്ത നഷ്ടമായെന്ന് ഇപ്റ്റ ജില്ലാ സെക്രട്ടറി പ്രദീപ് ശ്രീനിവാസന്‍ അനുസ്മരിച്ചു.

Eng­lish Sam­mury: Balve­di coor­di­na­tor CD Babu passed away after being injured in a bike accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.