റഷ്യൻ അധിനിവേശത്തെത്തുടർന്ന് ഉക്രെയ്നിലെ ഉല്പാദന സാധ്യത കുറയുകയും ഇന്ത്യ കയറ്റുമതി നിരോധനം പ്രഖ്യാപിക്കുകയും ചെയ്തതോടെ അന്താരാഷ്ട്ര വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയർന്നതായി യുഎൻ ഭക്ഷ്യ ഏജൻസി. ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) വില സൂചിക 2022 മേയിൽ ശരാശരി 157.4 പോയിന്റാണ്. ഏപ്രിലിൽ നിന്ന് 0. 6 ശതമാനം കുറവാണെങ്കിലും 2021 മേയ് മാസത്തെ അപേക്ഷിച്ച് 22.8 കൂടുതലാണിത്.
അന്താരാഷ്ട്ര ഗോതമ്പ് വില തുടർച്ചയായ നാലാം മാസവും ഉയർന്നു. മേയ് മാസത്തിൽ 5.6 ശതമാനമാണ് വർധന. കഴിഞ്ഞ വർഷത്തെക്കാൾ 56.2 ശതമാനം ഉയർന്ന വിലയിലെത്തി. ഇത് 2008 മാർച്ചിലുണ്ടായ റെക്കോർഡ് വിലയെക്കാൾ 11 ശതമാനം മാത്രം താഴെയാണെന്ന് റിപ്പോർട്ട് പറയുന്നു.
ഉക്രെയ്ൻ യുദ്ധ സാഹചര്യത്തിൽ ഗോതമ്പിന്റെ വില 40 ശതമാനം വരെ ഉയർന്നിരുന്നു. ഇന്ത്യ നടപ്പിലാക്കിയ കയറ്റുമതി നിരോധനം കൂടി ആയപ്പോൾ ലോകത്താകമാനം ഗോതമ്പ് ക്ഷാമം നേരിടുകയാണ്. ഇന്ത്യയിൽ ഭക്ഷ്യധാന്യ വില കുതിച്ചുയർന്നത് മാത്രമല്ല ഉഷ്ണ തരംഗവും ഗോതമ്പ് വില വർധിപ്പിക്കാൻ കാരണമായി. ഉത്തരേന്ത്യയിൽ അനുഭവപ്പെട്ട ഉഷ്ണതരംഗം ഗോതമ്പ് കൃഷിക്ക് അനുകൂലമല്ലാത്ത സാഹചര്യമാണ് സൃഷ്ടിച്ചത്. എന്നാൽ ഭക്ഷ്യധാന്യ ഉല്പാദനത്തിൽ മിക്ക രാഷ്ട്രങ്ങളും പിന്നിലായ സാഹചര്യത്തിൽ ഇന്ത്യ നടപ്പിലാക്കിയ നയം കോടിക്കണക്കിന് ദരിദ്രരെ പട്ടിണിയിൽ ആഴ്ത്തുന്ന സാഹചര്യമുണ്ടാക്കിയെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു.
മേയ് 13 നാണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. പ്രതിസന്ധി രൂക്ഷമായ അവസ്ഥയിൽ യുഎഇ, ദക്ഷിണ കൊറിയ, ഒമാൻ, യെമൻ എന്നീ രാജ്യങ്ങൾ ഇന്ത്യയോട് ഗോതമ്പിനായി അഭ്യർത്ഥിച്ചു. കയറ്റുമതി നിരോധനത്തിന് ശേഷവും പ്രത്യേക അഭ്യർത്ഥന കണക്കിലെടുത്ത് ഈജിപ്തിന് ഇന്ത്യ 61,500 ദശലക്ഷം ടൺ ഗോതമ്പ് നൽകിയിരുന്നു.
English Summary: Ban on Indian exports; Wheat prices soared
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.