സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം നിലവിൽ വരും. നിരോധനം ശക്തമായി നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ജില്ലകളിൽ പൂർത്തിയായി. കേരള തീരങ്ങളിൽ മത്സ്യബന്ധനം നടത്തുന്ന മുഴുവൻ ഇതര സംസ്ഥാന യന്ത്രവൽക്കൃത ബോട്ടുകളും ട്രോളിങ് നിരോധനത്തിന് മുമ്പ് തന്നെ തീരം വിട്ടു പോകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മറ്റു ബോട്ടുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടതാണ്. അല്ലാത്ത യാനങ്ങളുടെ ഉടമകൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളും. ഈ കാലയളവിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തീരത്തിന്റെ 22 കിലോമീറ്ററിനുള്ളിൽ ഇൻബോർഡ് വള്ളങ്ങളിലും മുറിവഞ്ചികളിലും ഔട്ട് ബോർഡ് വള്ളങ്ങളിലും മത്സ്യബന്ധനം നടത്താനാവും. ഒരു ഇൻബോർഡ് വളളത്തിനൊപ്പം ഒരു കാരിയർ വളളം മാത്രമേ അനുവദിക്കുകയുള്ളു. നിയമാനുസൃത കണ്ണിവലിപ്പമുള്ള വലകൾ മാത്രമേ മത്സ്യ ബന്ധനത്തിന് ഉപയോഗിക്കാൻ അനുവദിക്കുകയുള്ളു. മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിലേക്കും ലാന്റിങ് സെന്ററുകളിലേക്കും പ്രവേശിക്കുമ്പോൾ സുരക്ഷിതമായ വേഗത മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നുള്ള നിർദേശവും നൽകിയിട്ടുണ്ട്. ട്രോളിങ് നിരോധന സമയത്ത് കടലിൽ പോകുമ്പോൾ മത്സ്യത്തൊഴിലാളികൾ നിർബന്ധമായും ആധാർ കാർഡ് കൈയിൽ കരുതണം. ഇക്കുറി ലൈഫ് ജാക്കറ്റ്, ബയോമെട്രിക് ഐഡി കാർഡ് എന്നിവയും നിർബന്ധമാക്കിയിട്ടുണ്ട്. കളർകോഡിങ് പൂർത്തിയാക്കാത്ത ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും ട്രോളിങ് നിരോധനം കഴിയുന്നതിനു മുൻപ് പൂർണമായും കളർകോഡിങ് പൂർത്തിയാക്കണം. ഏറ്റവും കൂടുതൽ ആളുകൾ മത്സ്യബന്ധനത്തിനു പോകുന്ന ഇൻബോർഡ് വള്ളങ്ങളിൽ മതിയായ ജീവൻ രക്ഷാ ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഫിഷറീസ് വകുപ്പ് പരിശോധന നടത്തും. സിഐഎഫ്എൻഇടി, സിഎംഎഫ്ആർ ഐ, സിഐആർഎഫ് എന്നീ സ്ഥാപനങ്ങളുടെ റിസർച്ച് വെസലുകൾക്ക് ട്രോൾബാൻ കാലയളവില്‍ ഇളവ് അനുവദിക്കും. രക്ഷാ പ്രവർത്തനങ്ങൾക്കായി കോസ്റ്റ് ഗാർഡ് എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവരുടെ സംയുക്ത സേവനം ഉറപ്പുവരുത്തും. മറൈൻ ആംബുലൻസും സജ്ജമാക്കും. തീരപ്രദേശത്തും ഹാർബറുകളിലും മറ്റും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ യന്ത്രവൽക്കൃത ബോട്ടുകൾക്ക് യാതൊരു കാരണവശാലും ഇന്ധനം നല്കാൻ പാടില്ല. പരമ്പരാഗത തൊഴിലാളികൾ പ്രവർത്തിക്കുന്ന യാനങ്ങൾക്കൊഴികെ ഇന്ധനം നല്കുന്ന ഡീസൽ ബങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കായലിനോടോ ജെട്ടിയോടോ ചേർന്ന് പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ ട്രോളിങ് നിരോധനം കഴിയുന്നതുവരെ തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്ന് ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സൗജന്യ റേഷൻ വിതരണം ചെയ്യുന്നതിനുളള നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
english summary; Ban on trolling from midnight tomorrow
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.