വാഴകൃഷിയെന്ന് കേൾക്കുമ്പോൾ ആദ്യം ഓർമവരുന്നത് വാഴക്കുലയാണ്. എന്നാൽ ആലപ്പുഴ മുഹമ്മ സ്വദേശി ചാക്കോയ്ക്ക് വാഴക്കുല ബോണസാണ്, വാഴയില മുഖ്യവും. 60-ാം വയസ്സിലും ചുറുചുറുക്കോടെ വാഴയിലകൃഷി ചെയ്യുകയാണ് ഇദ്ദേഹം. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിൽ കായിപ്പുറം എന്ന പ്രദേശമാണ് ഇദ്ദേഹത്തിന്റെ സ്വദേശം. കൃഷിയും അവിടെ തന്നെ. ആദ്യമായി 500 വാഴ നട്ടാണ് കൃഷി തുടങ്ങിയത്. ഇപ്പോൾ 1800 ഓളം വാഴകൾ ഉണ്ട്. അഞ്ച് വർഷമായി വാഴകൃഷി തുടങ്ങിയിട്ട്. മൂന്ന് സ്ഥലത്താണ് കൃഷി. ഒരു കുഴിയിൽ രണ്ടോ മൂന്നോ വിത്തുകൾ വയ്ക്കും. വാഴക്കുലയ്ക്ക് പ്രാധാന്യം കൊടുക്കാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. വിത്ത് നടുന്നതിന് തൊട്ടുമുമ്പ് ചാണകം ചാരവുമായി കൂട്ടി വളം ഇടും. രണ്ട് മൂന്ന് ആഴ്ചകൾ കഴിയുമ്പോൾ കോഴിവളം, ചാണകം, എല്ലുപൊടി, വേപ്പ് പിണ്ണാക്ക് ഇവയെല്ലാം ചേർത്ത് ദ്രാവക രൂപത്തിൽ കൂട്ടുവളമിടും.
ഈ കൂട്ടുവളം വളരെ പ്രയോജനം ചെയ്യുന്നതായി ഇദ്ദേഹം പറയുന്നു. ഒരു ചുവട്ടിൽ ഒരു കുട്ടവീതമാണ് കൂട്ടുവളം ഇടുന്നത്. ഒന്നരമാസം കഴിയുമ്പോൾ ഇലവെട്ടാൻ തുടങ്ങാം. ഒരു ഇലയ്ക്ക് 4 രൂപ ലഭിക്കും. 200–250 വാഴയില കൊടുക്കുമ്പോൾ 1000 രൂപ ലഭിക്കും. രാവിലെ തന്നെ തോട്ടത്തിലേയ്ക്ക് ഇറങ്ങും. ഏകദേശം 10 മണിയാകുമ്പോൾ പണി കഴിയും. 250–300 ഇല ഏകദേശം ഒരുദിവസം ലഭിക്കുന്നുണ്ട്. ഞാലിപ്പൂവൻ വാഴയാണ് കൃഷി ചെയ്യുന്നത്. ഞാലിപ്പൂവൻ ഇലയ്ക്ക് ഒരു പ്രത്യേകതയുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ ഭാഷ്യം. കട്ടി കുറവാണ്, നല്ല ആകൃതിയുമാണ്, അതാണ് ഞാലിപൂവൻ ഇല സദ്യക്ക് എടുക്കുന്നത്. അടുക്കിവയ്ക്കാനും എളുപ്പാണ്. പെട്ടെന്ന് പൊട്ടിനശിക്കില്ല. വാഴയിൽ നിന്നും തൂശനില മാത്രമേ എടുക്കാറുള്ളൂ. എട്ട് മാസത്തോളം ഒരു വാഴയിൽ നിന്ന് ഇലയെടുക്കും. ഒടുവിൽ ഒരു കുലയും ബോണസായി കിട്ടും. എന്നാൽ തമിഴ്‌നാട്ടിൽ നിന്ന് നീളത്തിലുള്ള ഒരുതണ്ട് ഇലയാണ് വരുന്നത്. അതിന് 12 മുതൽ 15 രൂപ വരെ വില വരുന്നുണ്ട്. അവർക്ക് വാഴക്കുല പ്രശ്നമല്ല.
വാഴകൃഷി തെരഞ്ഞെടുക്കാനുള്ള കാരണമായി ഇദ്ദേഹം പറയുന്നത് ഇതാണ്. തമിഴ്‌നാട്ടിൽ നിന്നുമാണ് 80 ശതമാനം ഇലകളും വരുന്നത്. കേരളത്തിൽ കൃഷി ചെയ്യുന്ന വാഴയിൽ നിന്നും 20 ശതമാനം ഇലകൾ മാത്രമേ നമ്മൾ പ്രയോജനപ്പെടുത്തുന്നുള്ളൂ. ഇതിൽ ഒരു വിപണിയുണ്ടെന്ന് മനസ്സിലാക്കിയാണ് ഈ കൃഷി തെരഞ്ഞെടുത്തത്. പ്ലാസ്റ്റിക് ഒഴിവാക്കുക എന്നൊരു സാമൂഹ്യ പ്രതിബദ്ധത കൂടി ഇതിന് പിന്നിലുണ്ട്. അഞ്ച് വർഷം കൊണ്ട് ഒരുലക്ഷം ഇല ഏകദേശം ഉൽപ്പാദിപ്പിച്ചിട്ടുണ്ട്. അതുമൂലം ഒരു ലക്ഷം പ്ലാസ്റ്റിക് ഇല ഒഴിവാക്കാൻ പറ്റിയെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. വാഴചുണ്ട്, ഇല, കുല, പിണ്ടി ഇതിൽ നിന്നും വരുമാനം കിട്ടും. അടുത്തുള്ള പള്ളിയുടെ കുരിശടിക്ക് മുന്നിൽ അധികം വരുന്ന പച്ചക്കറികളും വാഴ ഉൽപ്പന്നങ്ങളും വയ്ക്കാറുണ്ട്. അത് നാട്ടുകാർക്ക് സൗജന്യമായി എടുക്കാം.
മകൾ ഒരു വർഷം അടുത്തുള്ള ഒരു സ്കൂളിൽ പഠിപ്പിച്ചിരുന്നു. ഈ ഒരു വർഷക്കാലം ഉച്ചകഞ്ഞിയുടെ സമയത്ത് വാഴചുണ്ടും വാഴയ്ക്കായും സൗജന്യമായി കൊടുത്തിരുന്നു. ആകെ മൂന്ന് കൃഷിത്തോട്ടങ്ങളാണുള്ളത്. ഒരു തോട്ടത്തിൽ ഏകദേശം നൂറ് ചുവടോളം പൈനാപ്പിൾ വെച്ചിട്ടുണ്ട്. പിന്നെ കുറച്ച് പപ്പായകൃഷിയും പച്ചക്കറികൃഷിയും ഉണ്ട്. വാഴകൃഷിയാണ് മുഖ്യം. ഉടൻതന്നെ ചോളകൃഷിയും തുടങ്ങാൻ പദ്ധതിയുണ്ട്. കൃഷി രീതികള്‍ പഠിക്കാനായി 24 രാജ്യങ്ങളിൽ പോയിട്ടുണ്ട്.
English Summary:banana leaf is must
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.