
മണിപ്പൂര്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയായ ഇന്ന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. രണ്ടു വര്‍ഷമായി സംസ്ഥാനത്ത് മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള കലാപം തുടരുകയാണ്. ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്നാശ്യപ്പെട്ടാണ് ബന്ദ് ആഹ്വാനം ചെയ്തത്.
ബന്ദിനെ തുടര്‍ന്ന് സംസ്ഥാനത്തെ റോഡുകള്‍ വിജനമായിരുന്നു. സ്കൂളുകള്‍, ഓഫിസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയൊക്കെ അടഞ്ഞുകിടന്നു. പൊതുഗതാഗതം സ്തംഭിച്ചു. ക്രമസമാധാന പാലനത്തിനായി പൊലീസ് സേനയെ വ്യാപകമായി വിന്യസിച്ചിരുന്നു.
കോ-ഓര്‍ഡിനേറ്റിങ് കമ്മിറ്റി ഓണ്‍ മേയ്തി ഇന്റഗ്രിറ്റി (സിഒസിഒഎംഐ) എന്ന സംഘടനയാണ് താഴ്‌വര ജില്ലകളില്‍ ബന്ദ് പ്രഖ്യാപിച്ചത്. സോമി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (ഇസഡ്എസ്എഫ്), കുക്കി സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ (കെഎസ്ഒ) സംഘടനകളാണ് മലയോരമേഖലകളില്‍ ബന്ദ് ആഹ്വാനം ചെയ്തത്. മെയ്തി സ്വാധീനമുള്ള ഇംഫാല്‍ താഴ്‌വരയിലും കുക്കികള്‍ കൂടുതലുള്ള മലയോരമേഖലകളിലും ബന്ദ് ജനജീവിതത്തെ സ്വാധീനിച്ചു.
കലാപത്തില്‍ ജീവന്‍ പൊലിഞ്ഞവരോടുള്ള ആദരസൂചകമായി മെഴുകുതിരി റാലികള്‍ നടത്തി. ചുരാചന്ദ്പൂരിലും കാങ്പോക്പിയിലുമുള്ള കുക്കി വിഭാഗം വേര്‍പിരിയലിന്റെ ദിനമായാണ് ഇന്നലെ ആചരിച്ചത്. സിഒസിഒഎംഐ വിഭാഗം ഇംഫാലിലെ ഖുമാന്‍ ലംപാക് സ്റ്റേഡിയത്തില്‍ മണിപ്പൂര്‍ പീപ്പിള്‍സ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. 2023 മേയ് മൂന്നിനാണ് മണിപ്പൂരിൽ മെയ്തി, കുക്കി കലാപം പൊട്ടിപുറപ്പെട്ടത്. കലാപത്തിൽ 260 പേര്‍ കൊല്ലപ്പെട്ടു. 1500 പേര്‍ക്ക് പരിക്കേറ്റു. 70,000 പേർ സംസ്ഥാനം വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരായി.
സംഘർഷം തടയുന്നതിൽ ബിജെപി സർക്കാരിന് വീഴ്ച സംഭവിച്ചതോടെ മണിപ്പൂർ ആളിക്കത്തുകയായിരുന്നു. സർക്കാരിനെതിരെ ബിജെപിയിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നുവന്നു. കലാപം ആളിക്കത്തിച്ച് മണിപ്പൂരിനെ രണ്ടായി വിഭജിച്ച ബിജെപി സർക്കാരിന്റെ ഭരണവും പ്രതിസന്ധിയിലായി. ഇതോടെ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവച്ചു. മുഖ്യമന്ത്രിയുടെ രാജിക്ക് പിന്നാലെ 2025 ഫെബ്രുവരി 13ന് മണിപ്പൂരിൽ ഭരണഘടനയുടെ 356 വകുപ്പ് പ്രകാരം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.