ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിൽ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പും അതിന്റെ വിധിയെഴുത്തും ശ്രദ്ധേയവും അതേസമയം വിവാദങ്ങൾ നിറഞ്ഞതുമായി. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണാഹ്വാനവും വോട്ടെടുപ്പിന് തൊട്ടു മുമ്പ് പലയിടങ്ങളിലുമുണ്ടായ അക്രമസംഭവങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയയെ നേരത്തെ തന്നെ സംശയാസ്പദമാക്കിയിരുന്നു. അത് ശരിവയ്ക്കുന്നതായി വോട്ടെടുപ്പ്. രാവിലെ എട്ടിന് തുടങ്ങി വൈകിട്ട് അഞ്ചിന് അവസാനിച്ച വോട്ടെടുപ്പ് സമയത്തിനിടയിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്താകെ 40 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.
സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ് വോട്ടെടുപ്പ് നടന്നത് എന്നതിനാൽ പോളിങ് ശതമാനം കുറയുമെന്ന് നേരത്തെതന്നെ പ്രവചനമുണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് പുറമേ 48 മണിക്കൂർ പണിമുടക്കും പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയമായ ഐക്യം സ്ഥാപിക്കുന്നതിന് പകരം ഏകപക്ഷീയമായ പാതയിലാണ് സർക്കാർ സഞ്ചരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ഇടതുപക്ഷ പാർട്ടികളും സംയുക്തമായി തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നും അല്ലാത്തപക്ഷം സഹകരിക്കില്ലെന്നും നിലപാടെടുത്തിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബംഗ്ലാദേശ് (സിപിബി) ജനറൽ സെക്രട്ടറി റൂഹിൻ ഹൊസൈൻ പ്രിൻസ്, ബംഗ്ലാദേശ് സമാജ്താന്ത്രിക് ദൾ (ബിഎഎസ്ഡി) ജനറൽ സെക്രട്ടറി ബജ്ളുർ റഷീദ് ഫിറോസ്, എക്സിക്യൂട്ടീവ് പ്രസിഡന്റ് അബ്ദുൾ അലി, ബിഎഎസ്ഡി (മാർക്സിസ്റ്റ്) കോ-ഓർഡിനേറ്റർ മസൂദ് റാണ, ഡെമോക്രാറ്റിക് റെവല്യൂഷണറി പാർട്ടി സെൻട്രൽ ജനറൽ അബ്ദുൾ അലി എന്നിവരാണ് വാർത്താ സമ്മേളനത്തിൽ ഇടതുപക്ഷ നിലപാട് അറിയിച്ചത്. ജനങ്ങളുടെ ആവശ്യങ്ങൾ അവഗണിച്ച് തെരഞ്ഞെടുപ്പ് നടത്തിയാൽ തുടർസമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഇടതുനേതാക്കൾ പറഞ്ഞു. 2014ലെയും 2018ലെയും ശൈലിയിലാണ് തെരഞ്ഞെടുപ്പ് നടത്താൻ പോകുന്നതെന്നും ചില സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനും ചിലരെ തോല്പിക്കുവാനും വേണ്ടി സർക്കാരിന്റെയും ഭരണനേതൃത്വത്തിന്റെയും വിവിധ സർക്കാർ ഏജൻസികളുടെയും നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയ എന്ന തമാശയാണ് നടത്തുന്നതെന്ന് ഇടതു നേതാക്കൾ പറഞ്ഞിരുന്നു.
ഷേഖ് ഹസീന അധികാരം നിലനിർത്തുന്നിടത്തോളം കാലം ബംഗ്ലാദേശിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടാകുമെന്നും അതുകൊണ്ടുതന്നെയാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് തീരുമാനിച്ചതെന്നും ബിഎൻപിയുടെ ആക്ടിങ് ചെയർമാൻ താരിഖ് റഹ്‌മാൻ അറിയിച്ചിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ നേതൃത്വത്തിൽ ജനാധിപത്യ വിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ നടപടികളാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്ത് വലിയ തോതിലുള്ള പ്രതിഷേധങ്ങളും നടന്നുവന്നിരുന്നു. രാജ്യത്തെ ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്കൊപ്പം ജനാധിപത്യപരമായ തെരഞ്ഞെടുപ്പ്, ദേശീയ പാർലമെന്റ് പിരിച്ചുവിട്ട് എല്ലാ പാർട്ടികളുമായും ചർച്ച നടത്തി സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവർത്തിക്കുന്ന കാവൽ സർക്കാർ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധം. എന്നാൽ ഇവയെ അടിച്ചമർത്തുന്നതിനാണ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ നേതൃത്വത്തിൽ ശ്രമിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ബിഎൻപി സംഘടിപ്പിച്ച റാലിക്കുനേരെ പൊലീസ് നടപടിയുണ്ടായതിനെ തുടർന്ന് അക്രമാസക്തമാവുകയും ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതേതുടർന്ന് മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഏകദേശം 8,000ത്തോളം പേരെയാണ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. വിവിധ ഘട്ടങ്ങളിലായി ഇടതു പാർട്ടികൾ നടത്തിയ സമരങ്ങളെയും ഇതേ രീതിയിലാണ് നേരിട്ടത്. 2023 ഒക്ടോബർ അവസാനം മുതൽ 20,000ലധികം പ്രതിപക്ഷ പ്രവർത്തകർ തടവിലാക്കപ്പെട്ടുവെന്നും ഇതിൽ അഞ്ച് പേർ ജയിലിൽ മരിച്ചുവെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് വെളിപ്പെടുത്തുകയുണ്ടായി. സ്വേച്ഛാധിപത്യ അടിച്ചമർത്തലാണ് ബംഗ്ലാദേശിൽ നടക്കുന്നത് എന്നായിരുന്നു ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ബിഎൻപിയുടെ ആയിരക്കണക്കിന് പ്രവർത്തകർക്ക് കുടുംബങ്ങളെ ഉപേക്ഷിച്ച് വീടുകളിൽ നിന്നും മാറി താമസിക്കേണ്ടിവന്നതായും വാർത്തകളുണ്ടായിരുന്നു. ഒരു ദശലക്ഷത്തോളം ബിഎൻപി പ്രവർത്തകർ കോടതി കേസുകൾ നേരിടുന്നുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിപക്ഷ പ്രവർത്തകർ അക്രമാസക്തരാവുകയാണെന്ന് ആരോപിച്ചാണ് സർക്കാർ അടിച്ചമർത്തലിനെ ന്യായീകരിക്കുന്നത്. പൊതുഗതാഗതത്തിന് തീയിടുന്നു, പൊലീസിനും ഉദ്യോഗസ്ഥർക്കും നേരെ ബോംബുകൾ എറിയുന്നു തുടങ്ങിയ കുറ്റങ്ങളാണ് പ്രവർത്തകർക്കെതിരെ ചുമത്തിയത്.
വോട്ടെടുപ്പ് തീയതി അടുത്തതോടെ രാജ്യത്ത് സംഘർഷം വ്യാപകമാകുകയും ചെയ്തു. പോളിങ് ബൂത്തുകൾ തീവച്ച് നശിപ്പിക്കുകയും നിരവധി അക്രമസംഭവങ്ങൾ ഉണ്ടാവുകയും ചെയ്തു.
പടിഞ്ഞാറൻ നഗരമായ ജെസോറിൽ നിന്നും ധാക്കയിലേക്ക് വന്ന ട്രെയിനിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നാല് കോച്ചുകൾ പൂർണമായും കത്തിനശിച്ചു. സംഭവത്തെ കുറിച്ച് ഐക്യരാഷ്ട്ര സഭാ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബംഗ്ലാദേശ് (സിപിബി) പ്രസിഡന്റ് മുഹമ്മദ് ഷാ ആലമും ജനറൽ സെക്രട്ടറി റൂഹിൻ ഹുസൈനും ആവശ്യപ്പെട്ടു. ഈ സംഭവങ്ങളിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്നും ഇതിന് പിന്നിലുള്ള സൂത്രധാരന്മാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളെയും സമരങ്ങളെയും അടിച്ചമർത്തുക മാത്രമല്ല കെടുകാര്യസ്ഥത കൊണ്ട് സാമ്പത്തിക സ്ഥിതി താറുമാറാകുന്ന സ്ഥിതിയും രാജ്യത്തുണ്ടായി.
ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കിൽ രാജ്യം ഗുരുതരമായ രാഷ്ട്രീയ‑സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താൻ പോകുന്നുവെന്നമുന്നറിയിപ്പ് പല കോണുകളിൽ നിന്നുമുയർന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി സുസ്ഥിര ജിഡിപി വളർച്ചയും സാമൂഹിക സൂചകങ്ങളിലെ പുരോഗതിയും ഉണ്ടായിരുന്ന ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥയാണ് പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുന്നത്. കരുതൽ ധനത്തിന്റെ അഭാവമാണ് രാജ്യം നേരിടുന്ന പ്രധാന സാമ്പത്തിക പ്രതിസന്ധി. ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി, ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾ, സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതിലെ ഘടനാപരമായ പിഴവുകൾ, മൂലധന ശോഷണം എന്നിവയെല്ലാം സാമ്പത്തിക സ്ഥിതി രൂക്ഷമാകുമെന്ന സൂചനകളാണ് നൽകുന്നത്. ഇന്ത്യയുടെ മറ്റൊരു അയൽരാജ്യമായ ശ്രീലങ്ക നേരിട്ട സാമ്പത്തിക അസ്ഥിരതയ്ക്ക് സമാനമായ സാഹചര്യങ്ങളാണ് രാജ്യത്തെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ജനാധിപത്യം അട്ടിമറിച്ചുള്ള തെരഞ്ഞെടുപ്പും പ്രതിപക്ഷത്തിന്റെ സഹകരണമില്ലായ്മയും പ്രശ്നങ്ങളെ രൂക്ഷമാക്കുമെന്നാണ് കരുതപ്പെടുന്നത്. 299 മണ്ഡലങ്ങളിലാണ് ഞായറാഴ്ച വോട്ടെടുപ്പ് നടന്നത്. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. 40 ശതമാനം സമ്മതിദായകർ വോട്ടു ചെയ്തതിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഷേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ഭരണം തുടരുന്നതിനുള്ള സാഹചര്യമുണ്ടായിരിക്കുന്നത്. എന്നുവച്ചാൽ വോട്ടര്‍മാരിലെ 70 ശതമാനത്തിലധികം പേർ നിലവിലുള്ള സർക്കാരിന് അനുകൂലമല്ലെന്നാണ് അർത്ഥം.
ഇന്ത്യയുടെ സ്ഥിതിയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 67.41 ശതമാനം വോട്ട് പോൾ ചെയ്യപ്പെട്ടതിൽ 37 ശതമാനമാണ് ബിജെപിക്ക് ലഭിച്ചത്. അതുപ്രകാരം വോട്ടു ചെയ്തവരിലെ മാത്രമല്ല ആകെ വോട്ടർമാരിലെ ഭൂരിപക്ഷവും ബിജെപിക്ക് എതിരാണെന്ന് കാണാവുന്നതാണ്. ഇവിടെയും പ്രതിപക്ഷത്തെ ഇല്ലാതാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഭരണകക്ഷിയായ ബിജെപി നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അമിതമായ അവകാശവാദങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോഡിയും മറ്റ് മന്ത്രിമാരും നടത്തുന്നുവെങ്കിലും ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയും അത്ര ശുഭകരമല്ല.
ജനാധിപത്യത്തെ വില മതിക്കാത്ത ഭരണാധികാരികൾ അതാത് രാജ്യങ്ങളിലെ സാമ്പത്തിക, സാമൂഹ്യാവസ്ഥകളെ എത്രത്തോളം ദുരിതപൂർണമാക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ബംഗ്ലാദേശെങ്കിൽ ഭാവി ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്തമാകുമെന്ന് കരുതാനാവില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.