
ഡോ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ അവാമി ലീഗിന്റെ പ്രവർത്തനങ്ങൾ നിരോധിച്ചത് അടുത്തവർഷം ആദ്യം നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളില്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. അയൽരാജ്യത്ത് ഇപ്പോൾ ഒരു സുഹൃദ് രാഷ്ട്രീയ പാർട്ടിയില്ലെന്നത് ഇന്ത്യയെ സംബന്ധിച്ചും പ്രാധാന്യമർഹിക്കുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യ — പാക് സംഘർഷത്തിൽ മുഴുകിയതിനാല്‍ യൂനുസ് സർക്കാരിന്റെ നടപടിയുടെ വ്യാപകമായ പ്രത്യാഘാതങ്ങൾ ഇന്ത്യൻ മാധ്യമങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നേടിയില്ല. മേഖലയിലെ ഏറ്റവും ശക്തമായ രാഷ്ട്രമാണെങ്കിലും നരേന്ദ്ര മോഡി സർക്കാർ ഇപ്പോൾ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്ന് ദക്ഷിണേഷ്യൻ കാര്യങ്ങളെക്കുറിച്ചുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ബംഗ്ലാദേശിലെ രാഷ്ട്രീയ ഇതിഹാസമായ ഷെയ്ഖ് മുജിബുർ റഹ്മാൻ സ്ഥാപിച്ച പാർട്ടിയാണ് അവാമി ലീഗ്. 1971ൽ ബംഗ്ലാദേശ് രൂപീകരണത്തിനായുള്ള വിമോചന പോരാട്ടത്തിന് പാർട്ടി നേതൃത്വം നൽകി. 2024 വരെ, സൈനിക ഭരണത്തിൻ കീഴിലുള്ള ഏതാനും വർഷങ്ങളും നിലവിലെ പ്രധാന പ്രതിപക്ഷമായ ബിഎൻപിയുടെ ചെയർപേഴ്‌സണ്‍ ഖാലിദ സിയായുടെ നേതൃത്വത്തിലുള്ള രണ്ട് കാലാവധികളും ഒഴികെ അധികാരം കയ്യാളിയ പാര്‍ട്ടി. 2009 മുതൽ തുടർച്ചയായി പതിനഞ്ച് വർഷം ഷെയ്ഖ് ഹസീനയാണ് ഭരിച്ചത്. പക്ഷേ 2024 ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. ഇപ്പോഴും ഇന്ത്യയിൽത്തന്നെ തുടരുകയും ബംഗ്ലാദേശിലെ തന്റെ അനുയായികളെ വീഡിയോയിലൂടെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു.
കഴിഞ്ഞയാഴ്ച, അവാമി ലീഗിന്റെ എല്ലാ പ്രവർത്തനങ്ങളും ഉടനടി നിരോധിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ സിറ്റിസൺസ് പാർട്ടി (എൻസിപി) എന്ന പുതിയ വിദ്യാർത്ഥി സംഘടന ധാക്കയില്‍ 72 മണിക്കൂർ നീണ്ട വമ്പിച്ച റാലി നടത്തി. അവാമി ലീഗിന്റെ നിരോധനം പ്രധാന പരിപാടിയായി ഏറ്റെടുത്ത പാർട്ടിയാണ് എൻസിപി. കൊലപാതകം, പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയ നേതാക്കളെയും പ്രവര്‍ത്തകരെയും ഒഴിവാക്കി അവാമി ലീഗിനെ പ്രവർത്തിക്കാൻ അനുവദിക്കുന്നതിനായി നേരത്തെ ചർച്ചകൾ നടന്നിരുന്നു.
ചില നിബന്ധനകളോടെ അവാമി ലീഗിനെ തെരഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കുന്നതിനെ ബിഎന്‍പിയും അനുകൂലിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക നിരോധനത്തോടെ, ദേശീയ ആവശ്യമെന്നു പറഞ്ഞ് ബിഎന്‍പി പിന്തുണച്ചു. ഇതോടെ വരുന്ന തെരഞ്ഞെടുപ്പുകളിൽ, മത്സരം മുൻ പ്രധാനമന്ത്രി ഖാലിദ സിയ നയിക്കുന്ന ബിഎന്‍പിയും കഴിഞ്ഞ ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് കാരണക്കാരായ വിദ്യാർത്ഥികൾ നയിക്കുന്ന എന്‍സിപിയും തമ്മിലായിരിക്കും. മറ്റ് പാർട്ടികൾ വലിപ്പത്തിൽ ചെറുതായതുകൊണ്ട് ഏതെങ്കിലും ഒരു ഗ്രൂപ്പുമായി സഖ്യമുണ്ടാക്കാൻ ശ്രമിക്കും. വിദേശ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള വലിയ സാമ്പത്തിക സഹായം കാരണം ജമാഅത്തെ — ഇ — ഇസ്ലാമി സമീപകാലത്ത് ശക്തി പ്രാപിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ക്കിടയിൽ സ്വീകാര്യത വളരെക്കുറവാണ്. അതുകൊണ്ട് പ്രധാന തെരഞ്ഞെടുപ്പ് പോരാട്ടം ബിഎന്‍പിയിലും എന്‍സിപിയിലും മാത്രമായി പരിമിതപ്പെടും.
അവാമി ലീഗിന് ഇപ്പോഴും സമർപ്പിതരായ ഒട്ടേറെ പ്രവർത്തകർ രാജ്യത്തുണ്ട്. പക്ഷേ അവർക്ക് പരസ്യമായി പ്രവർത്തിക്കാൻ കഴിയില്ല. തീർച്ചയായും കോടതിയിൽ നിരോധനത്തെ പാര്‍ട്ടി ചോദ്യം ചെയ്യും. എന്നാൽ സർക്കാർ ഉത്തരവിലെ ചില പ്രത്യേക വ്യവസ്ഥകൾ നിയമപോരാട്ടത്തിൽ അവാമി ലീഗിന് ബുദ്ധിമുട്ടുണ്ടാക്കും. ഷെയ്ഖ് ഹസീന സമീപ നാളുകളില്‍ സജീവമായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്ഥാനുമായുള്ള സംഘർഷം കൈകാര്യം ചെയ്യുന്നതിൽ മുഴുകിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യൻ മണ്ണിൽ നിന്ന് സജീവമായി ഇടപെടുന്നതിന് ഹസീനയ്ക്ക് പ്രോത്സാഹനം നല്‍കാന്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും താല്പര്യപ്പെടുന്നില്ല.
ബംഗ്ലാദേശ് രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ, സർക്കാരിന്റെ നിരോധനത്തെക്കുറിച്ചും ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അവാമി ലീഗിനെ ഇല്ലാതാക്കുമോ എന്നതിനെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. പ്രമുഖ ബംഗ്ലാ ദിനപത്രമായ ഡെയ്‌ലി സ്റ്റാറിന്റെ അഭിപ്രായത്തിൽ, അവാമി ലീഗ് കേവലമൊരു രാഷ്ട്രീയ പാർട്ടിയല്ല — അത് ഒരു ബഹുതലമുറ പ്രസ്ഥാനമാണ്. മുൻകാലങ്ങളിൽ രാജ്യത്തുടനീളം ദശലക്ഷക്കണക്കിനാളുകൾ അതിനെ പിന്തുണച്ചിരുന്നു. അവരിൽ പലരും പതിറ്റാണ്ടുകളായി പാർട്ടികുടുംബങ്ങളിൽ ജനിച്ചവരാണ്. പുതിയ സാഹചര്യത്തില്‍ അവര്‍ക്ക് എന്ത് സംഭവിക്കും, എങ്ങനെ പ്രതികരിക്കും എന്നതാണ് പ്രധാന ചോദ്യം. കൂടാതെ, നിരോധനം അവാമി ലീഗിന് അതിന്റെ പ്രതിച്ഛായ പുനഃസ്ഥാപിക്കാനും അവസരം നൽകുന്നു — അടിച്ചമർത്തുന്നവനിൽ നിന്ന് അടിച്ചമർത്തപ്പെട്ടവനിലേക്ക് എന്ന നിലയില്‍. വിയോജിപ്പുകളെ നിശബ്ദമാക്കാൻ അധികാരമുപയോഗിച്ച പാർട്ടി ഇപ്പോൾ ഇരയാണെന്ന് അവകാശപ്പെടുന്നു എന്ന് ഡെയ്‌ലി അഭിപ്രായപ്പെടുന്നു.
രാഷ്ട്രീയ അവകാശങ്ങൾക്കുള്ള നിയന്ത്രണങ്ങൾ, നിയമസാധുത, ആവശ്യകത എന്നിവയുടെ പരിശോധനകൾ നേരിടണമെന്ന് വ്യക്തമാക്കുന്ന സിവിൽ, രാഷ്ട്രീയ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയിൽ (ഐസിസിപിആര്‍) ബംഗ്ലാദേശ് ഒപ്പുവച്ചിട്ടുണ്ട്. ഇതനുസരിച്ച് രാഷ്ട്രീയ നിയന്ത്രണത്തിന്റെ ഏറ്റവും കടുത്തരൂപമായ നിരോധനം, മറ്റെല്ലാ മാർഗങ്ങളും പ്രകടമായി പരാജയപ്പെട്ടാൽ മാത്രമേ ന്യായീകരിക്കാൻ കഴിയൂ. കുറ്റകൃത്യങ്ങളിൽ ആരോപിതരായ അവാമി ലീഗ് നേതാക്കളെ വ്യക്തിഗതമായി വിചാരണ ചെയ്യാനും, സാക്ഷികൾക്കും പ്രവർത്തകർക്കും സംരക്ഷണം നൽകാനും, അക്രമാസക്തരായ വിഭാഗങ്ങളെ പിരിച്ചുവിടാനും, രാഷ്ട്രീയ ഉപരോധങ്ങൾ ഏർപ്പെടുത്താനുമെല്ലാം ശക്തമായ സംവിധാനങ്ങള്‍ രാജ്യത്ത് ഇപ്പോഴുമുണ്ട്. ഈ സംവിധാനങ്ങള്‍ നീതിന്യായത്തെ ശക്തിപ്പെടുത്തും. കുറ്റവാളികളെ ശിക്ഷിക്കണമെന്നാണ് നിയമം ആവശ്യപ്പെടുന്നത്. എന്നാല്‍ അവരുമായി നേരിട്ട് ബന്ധപ്പെടാത്ത എല്ലാവരെയും ശിക്ഷിക്കരുത്.
നീതിപൂർവകമായ കാരണത്തിന്റെ പേരിലാണെങ്കില്‍ പോലും, കാടടച്ചുള്ള ശിക്ഷ നീതിയുടെ നിയമസാധുതയെത്തന്നെ ദുർബലപ്പെടുത്തും. പാർട്ടികളെ പിരിച്ചുവിടുന്നത് അപൂർവമായി മാത്രമേ രാഷ്ട്രങ്ങളെ രക്ഷിക്കുകയുള്ളുവെന്നും ചരിത്രം കാണിക്കുന്നു. ഇത് പലപ്പോഴും പ്രതിസന്ധികള്‍ വർധിപ്പിക്കുകയും, പരാതികൾ സൃഷ്ടിക്കുകയും, കുറ്റാരോപിതരായവരെ രക്തസാക്ഷികളാക്കുകയും ചെയ്യും. എന്നാൽ ഈ വാദങ്ങൾ വിദ്യാസമ്പന്നരായ വൃത്തങ്ങളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു.
നിലവിൽ, അവാമി ലീഗിനെ പൂർണമായും നിരോധിക്കുന്നതിനുള്ള രാഷ്ട്രീയ അന്തരീക്ഷം എന്‍സിപിയും ജമാ — ഇ- അത്തും സൃഷ്ടിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ഈ നിലപാട് എന്തെങ്കിലും മാറ്റത്തിന് വിധേയമാകാനുള്ള സാധ്യത കുറവാണ്. അന്താരാഷ്ട്ര ഇടപെടലിലൂടെ മാത്രമേ ഇത് സാധ്യമാകൂ. വരുന്ന തെരഞ്ഞെടുപ്പുകളിൽ അവാമി ലീഗിന് ഇടം ലഭിക്കുന്നതിന് ഫലപ്രദമായ പങ്കുവഹിക്കാൻ യുഎസിന് മാത്രമേ കഴിയൂ. എന്നാൽ യുഎസ് അങ്ങനെ ചെയ്യുമെന്നതിന്റെ സൂചനകളൊന്നും ഇപ്പോഴില്ല.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.