24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 27, 2024
October 30, 2024
October 30, 2024
October 29, 2024
October 2, 2024
August 30, 2024
August 19, 2024
August 19, 2024
August 7, 2024

ബാങ്ക് തകർച്ചകൾ: അമേരിക്കയിൽ സംഭവിക്കുന്നതെന്ത്!

ബി രാംപ്രകാശ്
April 8, 2023 4:45 am

കഴിഞ്ഞ നൂറ്റാണ്ടിൽ ലോകമെങ്ങും ബാങ്ക് തകർച്ചകൾ സാധാരണ പ്രതിഭാസമായിരുന്നു. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളില്‍ നൂറുക്കണക്കിനു ബാങ്കുകൾ തകർന്നു. സെൻട്രൽ ബാങ്കുകളുടെ രൂപീകരണം, നിയമങ്ങളും നിയന്ത്രണങ്ങളും, പാർലമെന്റുകളിൽ നടപ്പിലാക്കിയ നിയമങ്ങൾ, അച്ചടക്കമുള്ള നിയന്ത്രണ സംവിധാനം തുടങ്ങിയവ ബാങ്കുകളുടെ തകർച്ചയ്ക്ക് സാവധാനം വിരാമമിട്ടു. നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം, 2008ലെ സബ് പ്രൈം ക്രൈസിസിലും ആഗോള സാമ്പത്തിക പ്രതിസന്ധിയിലും ബാങ്ക് തകർച്ചയ്ക്ക് ലോകം ഒരിക്കൽ കൂടി സാക്ഷ്യം വഹിച്ചു. എന്നിരുന്നാലും, പരാജയങ്ങളുടെ വേഗത കുറഞ്ഞു. 2020 ഒക്ടോബർ 23ന് അൽമേന സ്റ്റേറ്റ് ബാങ്കിന്റെ പരാജയത്തിനു ശേഷം ഇക്കഴിഞ്ഞ മാർച്ച് 10നാണ് സിലിക്കൺ വാലി ബാങ്കിന്റെ തകര്‍ച്ചയ്ക്ക് ലോകം സാക്ഷ്യം വഹിച്ചത്. അതിനുശേഷം, ബാങ്കിങ് വ്യവസായത്തിലേക്കു വരുന്നത് സന്തോഷകരമായ വാർത്തകളല്ല. സിൽവർ ഗേറ്റ്, സിഗ്നേചർ, ഫസ്റ്റ് റിപ്പ്ബ്ലിക് തുടങ്ങിയ ബാങ്കുകൾ അമേരിക്കയിലും സ്വിസ് ഭീമൻ ക്രെഡിറ്റ് സ്യൂസ് യൂറോപ്പിലും പ്രശ്നത്തിലാണ്.
സിലിക്കൺ വാലി ബാങ്ക് ഏകദേശം നാലു പതിറ്റാണ്ട് മുമ്പ് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ കാലിഫോർണിയയിൽ സ്ഥാപിതമായി. ലോകമെമ്പാടുമുള്ള ടെക്‌നോളജി കമ്പനികളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന യുഎസിലെ 16 ‑മത്തെ വലിയ ബാങ്കായി മാറി. കോവിഡ് വർഷങ്ങളിൽ പോലും, ടെക് മേഖലയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബാങ്കായിരുന്നു ഇത്. എസ്വിബിയുടെ സേവനങ്ങൾക്ക് വലിയ ഡിമാൻഡായിരുന്നു. ദീർഘകാല കാലാവധിയുള്ള യുഎസ് സര്‍ക്കാര്‍ ബോണ്ടുകളിലായിരുന്നു എസ്‍വിബിയുടെ പ്രധാന നിക്ഷേപങ്ങൾ. ചില ബോണ്ടുകൾക്ക് മോർട്ട്‌ഗേജുകളുടെ പിൻബലവും ഉണ്ടായിരുന്നു.

ബോണ്ടുകൾക്ക് പലിശ നിരക്കുമായി വിപരീത ബന്ധമുണ്ടെന്നതാണ് വസ്തുത. അതായത്, പലിശ നിരക്ക് ഉയരുമ്പോൾ, ബോണ്ടുകളുടെ വില കുറയുന്നു. പണപ്പെരുപ്പത്തെ നേരിടാൻ, ഫെഡറൽ റിസർവ്, (അമേരിക്കയുടെ കേന്ദ്ര ബാങ്ക്) പലിശ നിരക്ക് ഉയർത്താൻ തുടങ്ങി. ബാങ്കുകളുടെ ഉപഭോക്താക്കൾ ബാങ്കുകളിൽ നിന്ന് നിക്ഷേപം പിൻവലിക്കാനും കൂടുതൽ വരുമാനത്തിനായി വീണ്ടും നിക്ഷേപിക്കാനും തുടങ്ങി. ഏതാണ്ട് പൂജ്യം ശതമാനത്തിൽ നിന്ന്, യുഎസ് ഫെഡറൽ റിസർവ് ദ്രുതഗതിയിൽ ബെഞ്ച് മാർക്ക് പലിശ നിരക്ക് വർധിപ്പിച്ചു. ഇപ്പോൾ അത് 4.5 ശതമാനമാണ്. സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെ ടെക് കമ്പനികള്‍ പണക്ഷാമം നേരിടുകയും ബാങ്കിലെ നിക്ഷേപങ്ങൾ പിൻവലിക്കാൻ തുടങ്ങുകയും ചെയ്തു. ഇടപാടുകാർ വൻതോതിൽ പണം പിൻവലിക്കാൻ തുടങ്ങി. നിരവധി നിക്ഷേപകർ ഒരേ സമയം നിക്ഷേപം പിൻവലിക്കാൻ ആവശ്യപ്പെടുന്ന ഒരു ‘റൺ’ ആയി കലാശിച്ചതോടെ 200 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ബാങ്ക് തകർന്നു. ഇത് 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കാലഘട്ടത്തിലെ വാമു (വാഷിങ്ടൺ മ്യൂച്വൽ)വിന് ശേഷം യുഎസിലെ ഏറ്റവും വലിയ ബാങ്ക് പരാജയമായി. ക്രിപ്റ്റോകറൻസി നിക്ഷേപങ്ങളിലേക്ക് ശ്രദ്ധ തിരിച്ച വൻകിട റിയൽ എസ്റ്റേറ്റ് വായ്പാ ബിസിനസുള്ള ന്യൂയോർക്ക് ധനകാര്യ സ്ഥാപനമായ സിഗ്നേചർ ബാങ്ക് 2023 മാർച്ച് 12ന് അതിന്റെ പ്രവർത്തനങ്ങൾ പെട്ടെന്ന് നിർത്തലാക്കി. സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച മൂലം ഉണ്ടായ പരിഭ്രാന്തിയുടെ ഇരയാണ് ഈ സ്ഥാപനമെന്നും പറയപ്പെടുന്നു. യുഎസിലെ ചെറുകിട, ഇടത്തരം ബാങ്കുകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് ഇത് അടിവരയിടുന്നു. ‘നിങ്ങളെ സേവിക്കുന്നത് ഞങ്ങളുടെ പ്രത്യേകാവകാശമാണ്” എന്ന ടാഗ്‍ലെെൻ ഉള്ള, സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള റിപ്പബ്ലിക് ബാങ്കിന്റെ ഓഹരികൾ 60 ശതമാനത്തിലധികം ഇടിഞ്ഞു. അമേരിക്കയിലെ പതിനൊന്ന് വലിയ ബാങ്കുകളാണ് ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ രക്ഷിക്കാൻ രംഗത്തെത്തിയിരിക്കുന്നത്. 3000 കോടി യുഎസ് ഡോളറിന്റെ രക്ഷാപാക്കേജ് പ്രഖ്യാപിച്ചു.


ഇതുകൂടി വായിക്കൂ: ബാങ്കുകള്‍ തകര്‍ന്നടിയുമ്പോള്‍


167 വർഷം പഴക്കമുള്ള ബാങ്കും സ്വിറ്റ്സർലൻഡിലെ രണ്ടാമത്തെ വലിയ പണമിടപാടുകാരുമായ ക്രെഡിറ്റ് സ്യൂസ് കടുത്ത പ്രതിസന്ധിയിലാണ്. സ്വിസ് നാഷണൽ ബാങ്കിൽ നിന്ന് 5000 കോടി സ്വിസ് ഫ്രാങ്ക് (5400 കോടി യുഎസ് ഡോളർ) വരെ വായ്പയെടുക്കുമെന്ന് ബാങ്ക് അറിയിച്ചു. ക്രെഡിറ്റ് സ്യൂയിസിന്റെ പ്രശ്‌നം, സ്വിറ്റ്സർലൻഡിന്റെ മാത്രം പ്രശ്‌നമല്ല, അത് ആഗോളതലത്തിൽ പ്രത്യാഘാതങ്ങള്‍ വരുത്തുന്നതാണ്. യുബിഎസ് ഗ്രൂപ്പ് (മുമ്പ് യൂണിയൻ ബാങ്ക് ഓഫ് സ്വിറ്റ്‌സർലൻഡ്) ഈ സ്ഥാപനത്തെ ഏറ്റെടുക്കുന്നതിനുള്ള ചർച്ചയിലാണ്. സിലിക്കൺ വാലി ബാങ്കിന്റെയും ക്രെഡിറ്റ് സ്യൂസിന്റെയും പരാജയങ്ങൾ, നിയമങ്ങളും നിയന്ത്രണ സംവിധാനങ്ങളും കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കുള്ള ഒരു സൂചനയാണ്. 1930കളിലെ മഹാമാന്ദ്യത്തിനു ശേഷം, ഗ്ലാസ് സ്റ്റീഗാൾ നിയമം അമേരിക്കയിൽ പ്രാബല്യത്തിൽ വന്നു. 1933ൽ പാസാക്കിയ ഗ്ലാസ് സ്റ്റീഗാൾ നിയമം, ഓഹരികളിലെ ബാങ്കുകളുടെ ഊഹക്കച്ചവടം മൂലമുണ്ടാകുന്ന നഷ്ടത്തിൽ നിന്ന് നിക്ഷേപകരെ സംരക്ഷിക്കുന്നതിനായി ഓഹരി നിക്ഷേപ ബാങ്കുകളെ പ്രത്യേകം വേർതിരിച്ച്, ഈ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ വാണിജ്യ ബാങ്കുകളെ നിർബന്ധിതരാക്കി.
ആഗോളവൽക്കരണത്തിന്റെ വക്താക്കൾ 1999ൽ ഗ്രാമ്മ്-ലീച്ച് ‑ബ്ലീലി ആക്ട് വഴി ഗ്ലാസ്-സ്റ്റീഗാൾ നിയമവും വാണിജ്യ, നിക്ഷേപ ബാങ്കുകളും തമ്മിലുള്ള വേര്‍തിരിവുകളും നിയന്ത്രണങ്ങളും ഇല്ലാതാക്കി. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഈ ഭേദഗതിയുടെ അനന്തരഫലമാണെന്നു വാദിക്കപ്പെടുന്നു.

ആഗോള സാമ്പത്തിക പ്രതിസന്ധി ബാങ്ക് തകർച്ചയുടെ ഒരു പരമ്പരയ്ക്കുതന്നെ കാരണമായി. യുഎസ് സർക്കാർ 2010ൽ ഡോഡ്-ഫ്രാങ്ക് നിയമം കൊണ്ടുവന്നു. ഇത് ബാങ്കുകളുടെ പ്രവർത്തനത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഡോഡ്-ഫ്രാങ്ക് നിയമത്തിൽ ഉൾപ്പെടുത്തിയിരുന്ന പോൾ വോൾക്കർ നിയമം വാണിജ്യ ബാങ്കുകളുടെ ഉടമസ്ഥതയിലുള്ള വ്യാപാരം നിരോധിച്ചിരുന്നു. അതുവഴി നിക്ഷേപങ്ങൾ ബാങ്കിന്റെ സ്വന്തം അക്കൗണ്ടുകളിൽ വ്യാപാരം ചെയ്യാൻ ഉപയോഗിക്കുന്ന രീതി തടഞ്ഞു. എന്നാൽ, ട്രംപ് ഭരണകൂടം ഡോഡ്-ഫ്രാങ്ക് നിയമം റദ്ദാക്കുകയും ‘സാമ്പത്തിക വളർച്ച, റെഗുലേറ്ററി റിലീഫ്, ഉപഭോക്തൃ സംരക്ഷണ നിയമം 2018’ കൊണ്ടുവരികയും ചെയ്തു. ഇത് മേൽനോട്ടവും മൂലധന ആവശ്യകതകളും കുറച്ചു. ഡോഡ്-ഫ്രാങ്ക് നിയമത്തിനു കീഴിൽ, 5000 കോടി ഡോളറോ അതിലധികമോ ആസ്തിയുള്ള ഏതൊരു ബാങ്കിനും ‘മെച്ചപ്പെടുത്തിയ പ്രൂഡൻഷ്യൽ സ്റ്റാൻഡേർഡ്’ എന്നറിയപ്പെടുന്ന കടുത്ത മൂലധന, തരളധന ആവശ്യകതകൾ ബാധകമാണ്. ട്രംപ് യുഗത്തിൽ, എസ്‍വിബി ഉൾപ്പെടെയുള്ള ഇടത്തരം ബാങ്കുകൾ, കർശനമായ മേൽനോട്ട നിയമത്തിൽ നിന്ന് ഒഴിവാക്കുന്നതിന് ഭരണകൂടത്തെയും കോൺഗ്രസിനെയും നിർബന്ധിച്ചു. 2018ൽ, യുഎസ് പാർലമെന്റിലെയും സെനറ്റിലെയും റിപ്പ്ബ്ലിക്കൻ ഭൂരിപക്ഷം ബാങ്ക് ആസ്തി പരിധി 25000 കോടി ഡോളറായി ഉയർത്താൻ വോട്ട് ചെയ്യുകയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമത്തിൽ ഒപ്പിടുകയും ചെയ്തപ്പോൾ ലോബിയിങ് ഫലം കണ്ടു. സിലിക്കൺ വാലി ബാങ്കിന് ഏകദേശം 20900 കോടി ഡോളർ ആസ്തിയുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. സിലിക്കൺ വാലി ബാങ്കിന്റെ പരാജയത്തിനു ശേഷം, ബാങ്കുകളുടെ ആസ്തി പരിധി വീണ്ടും 5000 കോടി ഡോളറായി കുറയ്ക്കുന്നതിനുള്ള ഒരു പുതിയ ബിൽ അവതരിപ്പിക്കുന്നുണ്ടത്രേ.


ഇതുകൂടി വായിക്കൂ:  സിലിക്കണ്‍വാലി ബാങ്കിന്റെ തകര്‍ച്ചയും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ – വ്യവസ്ഥയും


ഓരോ രാത്രിയും ഒരു ബാങ്കിന്റെ കൈയിൽ ഉണ്ടായിരിക്കേണ്ട ഫണ്ടുകളുടെ ആകെ തുകയാണ് കരുതൽ ധനം. ബാങ്കിന്റെ നിക്ഷേപത്തിന്റെ നിശ്ചിത ശതമാനമാണിത്. ഒരു രാജ്യത്തിന്റെ സെൻട്രൽ ബാങ്കാണ് ശതമാന നിരക്ക് നിശ്ചയിക്കുന്നത്. നമ്മുടെ രാജ്യത്ത്, ക്യാഷ് റിസർവ് റേഷ്യോ (സിആർആർ), സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റിസർവ് (എസ്എൽആർ) എന്നീ സംവിധാനങ്ങൾ കരുതൽ ധന ആവശ്യകത നിയന്ത്രിക്കുന്നു. ഇവിടെ ബാങ്കുകളുടെ നിലവിലെ കരുതൽ ധന അനുപാതം ലോകത്തിലെ ഏറ്റവും മികച്ച ഒന്നാണ്. 2020 മാർച്ച് 15ന്, കോവിഡ് കാലയളവിൽ ബാങ്കുകളെ വായ്പ നൽകാൻ പ്രോത്സാഹിപ്പിക്കുന്നതിനായി യുഎസ് ഫെഡറൽ റിസർവ് കരുതൽ ധന ആവശ്യകതാ അനുപാതം പൂജ്യമാക്കി കുറച്ചു. നാളിതുവരെ ഇത് പൂജ്യം ശതമാനത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. നേരത്തെ ഇത് 10 ശതമാനമായിരുന്നു. അങ്ങനെ, യുഎസിലെ ബാങ്കുകൾ സെൻട്രൽ ബാങ്കിൽ റിസർവ് ഇല്ലാതെ പ്രവർത്തിക്കുന്നു. എസ്‍വിബിയുടെ തകർച്ചയുടെ കാരണങ്ങളിലൊന്നായി ഇതും ആരോപിക്കപ്പെടുന്നു. നിക്ഷേപകർക്ക് എപ്പോഴും ആത്മവിശ്വാസം നിറയ്ക്കേണ്ട ഒരു ബിസിനസാണ് ബാങ്കിങ് എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു. ബാങ്കുകൾ പൊതു പണം കൊണ്ടാണ് ബിസിനസ് നടത്തുന്നത്. വായ്പയും നിക്ഷേപവും വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. സ്വകാര്യ ബാങ്കുകൾ ലാഭത്തിനുവേണ്ടിയുള്ള തങ്ങളുടെ ആർത്തി ശമിപ്പിക്കാൻ എല്ലാ അധാർമ്മികമായ കച്ചവടങ്ങളും നടത്തി കുഴപ്പത്തിലാകുന്നു. സ്വകാര്യ ബാങ്കുകൾ പ്രതിസന്ധിയിലായപ്പോഴും നികുതിദായകരുടെ പണമോ മറ്റ് ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന പൊതുപണമോ ആണ് പ്രതിസന്ധിയിലായ ബാങ്കുകളെ രക്ഷപ്പെടുത്താൻ ഉപയോഗിക്കുന്നതെന്ന് ചരിത്രം പറയുന്നു. പൊതു പണം എല്ലാഴ്‌പ്പോഴും പൊതുക്ഷേമത്തിനായി ഉപയോഗിക്കണം, പൊതുജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടപ്പെടരുത്. സർക്കാർ പൊതുപണത്തിന്റെ സംരക്ഷകനാകണം എന്ന മുദ്രാവാക്യം എല്ലായ്പ്പോഴും പ്രസക്തമാണ്, ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ബാങ്കിങ് സംവിധാനത്തിന്മേൽ കാര്യക്ഷമമായ നിരീക്ഷണവും നിയന്ത്രണങ്ങളും തുടർച്ചയായ ജാഗ്രതയോടെ നടപ്പാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.