ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകളുടെ കൂമ്പാരം. അടിയന്തര ഇടപെടലിലൂടെ ജഡ്ജിയെ സ്ഥലം മാറ്റി സുപ്രീം കോടതി കൊളീജിയം. തുടരന്വേഷണത്തിനും ശുപാര്‍ശ.
ജസ്റ്റിസ് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തം ഉണ്ടായതോടെയാണ് സംഭവം പുറത്തായത്. ജസ്റ്റിസ് സ്ഥലത്തില്ലായിരുന്നെങ്കിലും വീട്ടിലുണ്ടായിരുന്നവര്‍ അഗ്നിശമന സേനയെ വിവരമറിയിച്ചു. തീ കെടുത്തിയ ശേഷം ലോക്കല്‍ പൊലീസും ഫയര്‍ഫോഴ്‌സും തീപിടിത്തം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഒരു മുറിയില്‍ കെട്ടുകണക്കിന് നോട്ടുകള്‍ കണ്ടെത്തിയത്. നോട്ട് കൂമ്പാരത്തിന്റെ വിവരം ഉടന്‍ തന്നെ ലോക്കല്‍ പൊലീസും ഫയര്‍ ബ്രിഗേഡും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
വിവരമറിഞ്ഞ ആഭ്യന്തര മന്ത്രാലയം വിവരം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചതോടെ അടിയന്തരമായി കൊളീജിയം യോഗം ചേര്‍ന്ന് വിഷയത്തില്‍ ഇടപെടുകയായിരുന്നു. എന്നാല്‍ എത്ര രൂപ കണ്ടെത്തിയെന്നതില്‍ സുപ്രീം കോടതിയോ കേന്ദ്ര സര്‍ക്കാരോ വ്യക്തത വരുത്തിയില്ല.
സംഭവത്തില്‍ നടപടി ക്രമങ്ങളുടെ ഭാഗമായി ജസ്റ്റിസ് വര്‍മ്മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കാന്‍ കൊളീജിയം തീരുമാനമെടുത്തു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കൊളീജിയം ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സുപ്രീം കോടതി തുടര്‍ നടപടികള്‍ സ്വീകരിക്കുക. സ്ഥലമാറ്റം തുടക്കം മാത്രമാണ്.
അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് നോട്ടുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് മേധാവി അതുല്‍ ഗാര്‍ഗ് പറയുന്നു. ഈ മാസം 14ന് രാത്രി 11.35നാണ് തീപിടിത്ത അറിയിപ്പ് കിട്ടിയത്. 11.43 ഓടെ സ്ഥലത്തെത്തുകയും തീയണയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തുനിന്ന് പിന്‍മാറുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനിടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് വര്‍മ്മയെ അലഹബാദിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് സംഭവവുമായി ബന്ധമില്ലെന്നാണ് സുപ്രീം കോടതി അറിയിക്കുന്നത്. അതിനിടെ ഉപയോഗമില്ലാത്തവരെ തിരിച്ചെടുക്കാന്‍ അലഹബാദ് ചവറ്റുകൊട്ടയല്ലെന്ന ബാര്‍ അസോസിയേഷന്‍ പ്രതികരണവും വിവാദത്തിലായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.