18 April 2025, Friday
KSFE Galaxy Chits Banner 2

ബാഴ്സ ഗോളടിമേളം; ഡോര്‍ട്ട്മുണ്ടിനെതിരെ നാലുഗോള്‍ ജയം

ഇരട്ടഗോളുമായി ലെവൻഡോവ്സ്കി
റാഫിഞ്ഞ മെസിക്കൊപ്പം 
Janayugom Webdesk
പാരിസ്
April 10, 2025 10:41 pm

യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് മിന്നും ജയം. ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദത്തില്‍ ജര്‍മ്മന്‍ ക്ലബ്ബ് ബൊറൂസിയാ ഡോര്‍ട്ട്മുണ്ടിനെതിരേ ബാഴ്‌സലോണ എതിരില്ലാത്ത നാല് ഗോളിന്റെ ജയം നേടി. മത്സരത്തില്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി ഇരട്ടഗോള്‍ നേടി. ഒരു ഗോള്‍ നേടുകയും രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത ബ്രസീല്‍ താരം റാഫിഞ്ഞ ഇതിഹാസ താരം ലയണല്‍ മെസിയുടെ റെക്കോഡിനൊപ്പമെത്തി. കൗമാര താരം ലമീൻ യമാലാണ് നാലാം ഗോള്‍ നേടിയത്. 25-ാം മിനിറ്റില്‍ റാഫിഞ്ഞയിലൂടെ ബാഴ്സ ലീഡെടുത്തു. പോ കുബാർസിയുടെ ക്രോസില്‍നിന്നാണ് റാഫിഞ്ഞ വല കുലുക്കിയത്. വാർ പരിശോധനയ്ക്കൊടുവിലാണ് ഗോള്‍ അനുവദിച്ചത്. 1–0 സ്കോറിനാണ് മത്സരം ഇടവേളയ്ക്ക് പിരിഞ്ഞത്. രണ്ടാം പകുതിയില്‍ തിരിച്ചുവരാനുള്ള ഡോർട്ട്മുണ്ടിന്റെ ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. 

48-ാം മിനിറ്റില്‍ പോളണ്ട് താരത്തിലൂടെ ബാഴ്സ ലീഡ് ഉയര്‍ത്തി. റാഫിഞ്ഞയുടെ ഹെഡ്ഡർ മറ്റൊരു ഹെഡ്ഡറിലൂടെ ലെവൻഡോവ്സ്കി വലയിലാക്കി. 66ാം മിനിറ്റിലായിരുന്നു താരത്തിന്റെ രണ്ടാം ഗോള്‍. ക്ലബ്ബിനായി ലെവന്‍ഡോവ്സ്കിയുടെ 99-ാം ഗോളായിരുന്നു ഇത്. ഫെർമിൻ ലോപ്പസാണ് ഗോളിന് വഴിയൊരുക്കിയത്. 77-ാം മിനിറ്റില്‍ യമാലിലൂടെ ബാഴ്സ ഗോള്‍ പട്ടിക പൂർത്തിയാക്കി. റാഫിഞ്ഞയുടെ പാസില്‍ നിന്നുമായിരുന്നു ഗോള്‍. ഇതിഹാസ താരമായ ലയണല്‍ മെസിയുടെ റെക്കോ‍ഡിനൊപ്പമെത്താനും റാഫിഞ്ഞക്ക് സാധിച്ചു. ഒരു ചാമ്പ്യൻസ് ലീഗ് സീസണില്‍ ബാഴ്സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തമുള്ള താരമെന്ന റെക്കോഡില്‍ ബ്രസീലിയൻ താരം മെസിക്കൊപ്പമെത്തി. ഈ സീസണില്‍ 19 ഗോളുകളില്‍ റാഫിഞ്ഞയുടെ സ്പര്‍ശമുണ്ടായിരുന്നു. 12 ഗോളുകളും ഏഴു അസിസ്റ്റുകളുമാണ് നേടിയത്. 2011-12 സീസണിലായിരുന്നു മെസി ഈ നേട്ടം കൈവരിച്ചിരുന്നത്. ഇനിയും മത്സരങ്ങള്‍ അവശേഷിക്കുന്നതിനാല്‍ ഈ റെക്കോഡ് ഉടന്‍ തന്നെ റാഫിഞ്ഞയുടെ മാത്രം പേരിലായേക്കും. 

വരാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങളില്‍ മൂന്ന് ഗോളുകള്‍ കൂടി നേടിയാല്‍ യുവേഫ ചാമ്പ്യൻസ് ലീഗില്‍ ബാഴ്സലോണയ്ക്ക് വേണ്ടി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി മാറാനും റാഫിഞ്ഞയ്ക്ക് സാധിക്കും. പന്തു കൈവശം വയ്ക്കുന്നതിലും ഷോട്ടുകള്‍ തൊടുക്കുന്നതിലും ഉള്‍പ്പെടെ മത്സരത്തിലുടനീളം ബാഴ്സയുടെ ആധിപത്യമായിരുന്നു. 61 ശതമാനം പന്തടക്കം സ്വന്തമാക്കിയ ബാഴ്സലോണ 18 ഷോട്ടുകളാണ് ജർമ്മൻ ക്ലബ്ബിന്റെ പോസ്റ്റിലേക്ക് ഉന്നം വച്ചത്. ഇതില്‍ 10 ഷോട്ടുകള്‍ ലക്ഷ്യത്തിലേക്കായിരുന്നു. മറുഭാഗത്ത് 13 ഷോട്ടുകളില്‍ നിന്നും മൂന്ന് ഷോട്ടുകള്‍ ആണ് ഡോർമുണ്ടിന് ലക്ഷ്യത്തിലേക്ക് തൊടുക്കാന്‍ കഴിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.