15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 15, 2024
November 9, 2024
November 7, 2024
November 6, 2024
October 21, 2024
October 18, 2024
October 17, 2024
October 5, 2024

രഞ്ജിയില്‍ ഹരിയാനയ്ക്ക് ബാറ്റിങ് തകര്‍ച്ച; ലീഡ് നേടാന്‍ കേരളം

നിധീഷ് എം.ഡിക്ക് മൂന്ന് വിക്കറ്റ്
Janayugom Webdesk
ലഹ്‌ലി
November 15, 2024 6:16 pm

രഞ്ജി ട്രോഫിയില്‍ കേരളം ഉയര്‍ത്തിയ 291 റണ്‍സിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാനയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഹരിയാനയുടെ ഹോം ഗ്രൗണ്ടില്‍ കേരളത്തിന്റെ ബൗളര്‍മാര്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ നൂറ് റണ്‍സ് തികയ്ക്കും മുമ്പ് ഹരിയാനയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെന്ന നിലയിലാണ് ഹരിയാന. നിധീഷ് എംഡിയാണ് ഹരിയാനയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കേരളത്തിന് മേല്‍ക്കൈ നല്‍കിയത്. കേരളത്തിന്റെ ബൗളര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡിനായുള്ള പോരാട്ടമാണ് ചൗധരി ബന്‍സിലാല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്നത്.

ഹരിയാനയുടെ സ്‌കോര്‍ 38 ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ യുവരാജ് സിംഗിനെ(20) പുറത്താക്കി ബേസില്‍ എന്‍.പിയാണ് ആദ്യ പ്രഹരം നല്‍കിയത്. തുടര്‍ന്ന് പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ബേസില്‍ തമ്പി ലക്ഷ്യ സുമന്റെ(21) വിക്കറ്റും വീഴ്ത്തി ഹരിയാനയ്ക്ക് തിരിച്ചടി നല്‍കി. ക്യാപ്റ്റന്‍ അങ്കിത് കുമാറും എച്ച്.ജെ റാണയും ചേര്‍ന്ന് ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും സ്‌കോര്‍ 80 ല്‍ എത്തിയപ്പോള്‍ സല്‍മാന്‍ നിസാര്‍ റാണയെ(17) റണ്‍ ഔട്ടാക്കി കേരളത്തില്‍ മേല്‍ക്കൈ നല്‍കി. പിന്നീട് എത്തിയ ധീരു സിംഗിനും കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല. അധികം വൈകാതെ ക്യാപ്റ്റന്‍ അന്‍കിത് കുമാറിനെയും ഷോണ്‍ റോജറിന്റെ കൈകളിലെത്തിച്ച് നിധീഷ് തന്നെ പുറത്താക്കി. ഇതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയിലേക്ക് ഹരിയാന കൂപ്പുകുത്തുകയായിരുന്നു. പിന്നീട് നിശാന്ത് സിന്ധു- കപില്‍ ഹൂഡ സഖ്യം 30 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും സ്‌കോര്‍ 125 ല്‍ എത്തിയപ്പോള്‍ ജലജ് സക്‌സേന ഹൂഡയുടെ വിക്കറ്റെടുത്തതോടെ ഹരിയാന പരുങ്ങലിലായി.

കേരളത്തിനായി നിധീഷ് മൂന്നും ബേസില്‍ തമ്പി, സക്‌സേന, ബേസില്‍ എന്‍.പി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മൂന്നാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് പുനരാരംഭിച്ച കേരളം 291 ന് പുറത്താവുകയായിരുന്നു. സ്‌കോര്‍: കേരളം-291, ഹരിയാന‑139/7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.