23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 14, 2024
December 8, 2024
December 7, 2024
November 23, 2024
November 22, 2024
November 15, 2024
November 12, 2024
November 11, 2024

വലതുപക്ഷ രാഷ്ട്രീയത്തിന്റെ തിന്മകളിലേക്ക് പതിക്കാതിരിക്കാന്‍ ജാഗ്രത വേണം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
July 16, 2024 7:22 pm

വലതുപക്ഷ രാഷ്ട്രീയത്തിന്റെ തിന്മകളിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പതിക്കാതിരിക്കാനായി ജാഗ്രത പാലിക്കുമ്പോള്‍ എന്‍ ഇ ബാലറാം വഴികാട്ടിയായി നമുക്ക് മുന്നിലുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബാലറാം അനുസ്മരണ ദിനത്തില്‍ സംസ്ഥാന കൗൺസിൽ ഓഫിസ് പ്രവർത്തിക്കുന്ന പിഎസ് സ്മാരകത്തിൽ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രത്യയശാസ്ത്ര അടിത്തറയില്‍ കെട്ടിപ്പടുത്ത പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക് പ്രവൃത്തിയും ആശയവും തുല്യപ്രധാനമാണ്. ആശയങ്ങളുടെ അടിത്തറയില്ലെങ്കില്‍ പ്രവൃത്തികള്‍ക്ക് മൂര്‍ച്ച കുറയുമെന്നും അവ ലക്ഷ്യത്തിലേക്കെത്താന്‍ വൈകുമെന്നും കമ്മ്യൂണിസ്റ്റുകാരന് നല്ലവണ്ണം അറിയാം. ആ സത്യം നമ്മളെ പഠിപ്പിച്ചത് എന്‍ ഇ ബാലറാം ഉള്‍പ്പെടെയുള്ള പഴയ തലമുറയിലെ നേതാക്കളായിരുന്നുവെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

പ്രത്യയശാസ്ത്ര പഠനത്തിന്റെയും ഗവേഷണത്തിന്റെയും ലോകത്തേക്ക് ആണ്ടിറങ്ങിയ ജീവിതമാണ് എന്‍ ഇ ബാലറാമിന്റെത്. സന്യാസിയാകാന്‍ പോയി വിപ്ലവകാരിയായി മാറിയ ആ വലിയ മനുഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എല്ലാതലങ്ങളിലും നല്‍കിയ നേതൃത്വം നമ്മളെയെല്ലാം അഭിമാനം കൊള്ളിക്കുന്നതാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാര്‍ക്സിസത്തിന്റെ പ്രയോഗത്തിന്റെ മാര്‍ഗം എന്താണെന്നതിനെപ്പറ്റി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ചിന്തിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ പ്രയത്നിച്ച നേതാവാണ് അദ്ദേഹം. അതിനുവേണ്ടി ഇന്ത്യയെ നാം ആഴത്തില്‍ പഠിക്കണമെന്ന് ബാലറാം ഊന്നിപ്പറഞ്ഞു. പറയുക മാത്രമല്ല പ്രാവര്‍ത്തികമാക്കാന്‍ തന്റെ അസാമാന്യമായ ധിഷണയെ അദ്ദേഹം എന്നും പാര്‍ട്ടിക്കായി സമര്‍പ്പിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ബാലറാമിന്റെ സ്മരണ പാര്‍ട്ടിക്ക് കരുത്തുപകരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

എന്‍ ഇ ബാലറാമിനെ അനുസ്മരിച്ചു

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടേറിയറ്റ് അംഗവും മുന്‍ മന്ത്രിയുമായിരുന്ന എന്‍ ഇ ബാലറാമിന്റെ ചരമവാര്‍ഷിക ദിനം സംസ്ഥാനത്ത് സമുചിതമായി ആചരിച്ചു. പാർട്ടി ഓഫിസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും അനുസ്മരണ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചുമാണ് സ്മരണ പുതുക്കിയത്. സംസ്ഥാന കൗൺസിൽ ഓഫിസ് പ്രവർത്തിക്കുന്ന പി എസ് സ്മാരകത്തിൽ സെക്രട്ടറി ബിനോയ് വിശ്വം പതാക ഉയർത്തി ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാർച്ചന നടത്തി.
ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Eng­lish Sum­ma­ry: Be care­ful not to fall into the evils of right-wing pol­i­tics: binoy viswam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.