
സംസ്ഥാനത്തെ അൻപത്തിമൂന്ന് പ്രധാന ബീച്ചുകളിൽ ഇരുപത്തിയഞ്ച് ഇടത്തും ഒരു ലൈഫ് ഗാർഡുപോലുമില്ല. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ബീച്ചുകളിൽ ടൂറിസ്റ്റുകളുടെ തിരക്കുകൾ വർധിക്കുകയാണ്. കടലുമായി യാതൊരുവിധ പരിചയമില്ലാത്തവരാണ് സന്ദർശകരിൽ പലരും. ഒരു ഷിഫ്റ്റിൽ 446 ലൈഫ് ഗാർഡുമാർ വേണ്ടിടത്ത് 159 പേർ മാത്രമാണ് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തീരങ്ങളിൽ ഡ്യൂട്ടിയിലുള്ളത്. മലപ്പുറം, കൊല്ലം ജില്ലകളിൽ മാത്രമേ എല്ലാ ബീച്ചിലും ലൈഫ് ഗാർഡുമാരുള്ളൂ. ഓരോ ഡ്യൂട്ടി പോയിന്റിലും രണ്ട് ലൈഫ് ഗാർഡുമാർ വേണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. ടൂറിസ്റ്റുകളുടെ എണ്ണത്തിന് ആനുപാതികമായാണ് ഡ്യൂട്ടി പോയിന്റുകൾ നിശ്ചയിക്കുന്നത്.
മൂന്ന് മാസം മുമ്പ് 60 വയസ് കഴിഞ്ഞ 9 പേരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വം, ഏഴാം ക്ലാസ് വിദ്യാഭ്യാസം, സംസ്ഥാനതല സീനിയർ വിഭാഗം നീന്തൽ മത്സരത്തിൽ പങ്കെടുക്കൽ, 35 വയസ് പ്രായപരിധി എന്നിവയാണ് ലൈഫ് ഗാർഡുമാരുടെ യോഗ്യത. ഇൻഷ്വറൻസ് പരിരക്ഷ പോലുമില്ലാതെയാണ് ലൈഫ് ഗാർഡുമാരുടെ അപകടകരമായ ജോലി. ടൂറിസം വകുപ്പാണ് ഇവരെ 835 രൂപ ദിവസ കൂലിയിൽ പരിശീലനം നൽകി നിയമിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ 11 പ്രധാന ബീച്ചുകളിലായി 75 ലൈഫ് ഗാർഡുമാരാണ് ഉള്ളത്. കൊല്ലത്തെ 2 ബീച്ചുകളിലായി 10 പേരും, ആലപ്പുഴയിലെ മൂന്ന് ബീച്ചുകളിലായി 10 പേരും എറണാകുളത്തെ ഏഴ് ബീച്ചുകളിലായി 20 പേരും തൃശൂരിലെ അഞ്ച് ബീച്ചുകളിലായി എട്ടുപേരും മലപ്പുറത്തെ 3 ബീച്ചുകളിലായി 6 പേരും കോഴിക്കോട് 6 ബീച്ചുകളിലായി 14 പേരും കണ്ണൂരിലെ 7ബീച്ചുകളിലായി 12 പേരും കാസർകോട് ഒമ്പത് ബീച്ചുകളിലായി നാലുപേരും മാത്രമാണ് ഉള്ളത്.
പുലിമുട്ടുകളിലും ഇളകിയാടുന്ന കല്ലുകളിലും നിന്നു സെൽഫി എടുക്കലും ചിത്രങ്ങൾ പകർത്തലും പലപ്പോഴും അപകടങ്ങൾ വരുത്തുന്നുണ്ട്. പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ മറി കടന്നാണ് ആളുകൾ ബീച്ചുകളിലേക്ക് എത്തുന്നത്. സന്ദർശകർ തിരയിൽപ്പെടുന്ന സംഭവങ്ങളും പതിവായതിനാൽ ആവശ്യത്തിന് ലൈഫ് ഗാർഡുമാരുടെ സേവനം ഉറപ്പ് വരുത്തണമെന്ന ആവശ്യം ഉയരുകയാണ്.
English Summary: beach lifeguard crisis
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.