ബ്ലേഡ് മാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു. പാലക്കാട് കുഴൽമന്ദം നടുത്തറ വീട്ടിൽ കെ മനോജ് (39) ആണ് ഇന്നലെ മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഈമാസം ഒമ്പതിന് കുഴൽമന്ദം കുളവൻമുക്കിൽ സ്ഥിതി ചെയ്യുന്ന ബ്ലേഡ് ‑സാമ്പത്തിക ഇടപാടു സംഘം മനോജിനെ ആക്രമിച്ചു. കടം നൽകിയ പണം തിരിച്ചു നൽകാൻ വൈകുന്നതിനെ ചൊല്ലിയായിരുന്നു യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇതിന് മുമ്പും ഇവരിൽ നിന്നും മനോജിന് മർദനമേറ്റിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ആക്രമണമുണ്ടായ ദിവസം വൈകീട്ട് അവശനിലയിലായ മനോജ് സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലെത്തിയെങ്കിലും വിവരങ്ങൾ മറച്ചുവെച്ച് വീണെന്നാണ് പറഞ്ഞത്.
നിൽക്കാൻ പോലും സാധിക്കാതിരുന്ന മനോജിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിന്റെ ശരീരത്തിൽ മരണകാരണമാകാവുന്ന നിരവധി പരിക്കുകൾ കണ്ടെത്തിയതായി ചികിത്സിച്ച ഡോക്ടർമാർ പറയുന്നു. ഐസിയുവിൽ ചികിത്സയിൽ തുടർന്ന മനോജ് ഇന്നലെ രാവിലെ മരിയ്ക്കുകയായിരുന്നു. മനോജിന്റെ ബന്ധുക്കളുടെ പരാതിയിൽ കുഴൽമന്ദം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ മനോജിന്റെ കുടുംബാംഗങ്ങൾക്ക് ഭീഷണിയുള്ളതിനാലാണ് അവർ ആദ്യം വിവരങ്ങൾ മറച്ചുവച്ചതെന്ന് സമീപവാസികളും യുവജന കമ്മീഷൻ അംഗവും പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.