22 January 2026, Thursday

സഖാക്കൾക്ക് ക്ഷയരോഗം സമ്മാനിച്ച മര്‍ദനമുറകള്‍

പല്ലിശ്ശേരി
August 26, 2025 4:15 am

കമ്മ്യൂണിസ്റ്റ് വിരുദ്ധനായ ഒരു മുഖ്യമന്ത്രി ഇവിടെ ഉണ്ടായിരുന്നു. പറവൂർ ടി കെ നാരായണപിള്ള. കമ്മ്യൂണിസ്റ്റുകാരെ പൂർണമായും ആലപ്പുഴയുടെ മണ്ണിൽ നിന്നും തുടച്ചുനീക്കുമെന്ന് തീരുമാനമെടുത്ത് നരനായാട്ടിനു തുടക്കമിട്ടു. നെഞ്ചിൻ കൂടുതകർത്ത് സന്തോഷിച്ചിരുന്ന പറവൂർ ടി കെയുടെ പൊലീസിന്റെ മുന്നിൽ വാരിക്കുന്തംകൊണ്ട് വിപ്ലവം ജയിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ആശയ പ്രചരണത്തിനുവേണ്ടി നാടകങ്ങൾ അവതരിപ്പിക്കുന്നതിന് കമ്മ്യൂണിസ്റ്റുകാർ സ്ഥാപിച്ച കെപിഎസി നാടകലോകത്ത് നിറഞ്ഞുനിന്നു.

ജനങ്ങളെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ആകർഷിക്കാൻ കെപിഎസി നാടകങ്ങൾക്കു കഴിഞ്ഞു. മര്‍ദനമേറ്റ് നെഞ്ചിന്‍കൂട് തകര്‍ന്ന എം എൻ ഗോവിന്ദൻ നായർ, കെപിഎസിയുടെ ആദ്യകാല സംഘാടകരിൽ ഒരാളും വിപ്ലവകാരിയുമായിരുന്ന കോട്ടയം ശ്രീനി, ശൂരനാടിന്റെ വീരനായകൻ മഠത്തിൽ ഭാസ്ക്കരൻ നായർ അടക്കമുള്ള കമ്മ്യൂണിസ്റ്റുകാർക്കെല്ലാം ക്ഷയരോഗം പിടിപെട്ടു. അത്തരം മര്‍ദനത്തിന് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി പറവൂർ ടി കെ കേരള ജനതയുടെ മനസിൽ കറുത്തപാടായി മാറി.

ക്ഷയരോഗം പിടിപെടുന്നവരെ നാഗർകോവിലെ ക്ഷയ രോഗാശുപത്രി ലോക്കപ്പിലേക്കാണ് അയച്ചിരുന്നത്. ഭൂരിഭാഗം ക്ഷയരോഗികളും കമ്മ്യൂണിസ്റ്റുകാരായിരുന്നു. അടിയും മറ്റു മർദന മുറകളുമേറ്റ എം എൻ ഗോവിന്ദൻ നായരെ രോഗബാധിതനായി ക്ഷയ രോഗാശുപത്രിയിൽ കൊണ്ടുവന്നു. ചികിത്സക്കിടയിൽ എംഎൻ ലോക്കപ്പ് ചാടി രക്ഷപ്പെട്ടു. എംഎന്റെ മുറിയിലായിരുന്നു ശൂരനാട്ടു കേസ്സിലെ ഒന്നാം പ്രതി പരമേശ്വരൻ നായർ കിടന്നത്. മൂന്നു മാസം കഴിഞ്ഞപ്പോൾ പരമേശ്വരൻനായർ മരിച്ചു. മരിച്ച് രണ്ടു ദിവസം കഴിഞ്ഞാണ് വിവരം പുറത്തുവിട്ടത്. പരമേശ്വരൻ നായരുടെ ഭൗതിക ശരീരത്തിനരുകിൽ ഉറുമ്പരിക്കുന്നുണ്ടായിരുന്നു. ശവംതീനി ഉറുമ്പുകൾ കണ്ണിലും മൂക്കിലും വായിലുമെല്ലാം കയറിയിരുന്നു. നിലത്തു കട്ടപിടിച്ച രക്തവുമുണ്ടായിരുന്നു.

ആ മുറിയിലാണ് കോട്ടയം ശ്രീനി കിടന്നത്. പുതുപ്പള്ളി രാഘവൻ, അടക്കം നിരവധി പേർ ക്ഷയരോഗ ചികിത്സയ്ക്കും പരിശോധനയ്ക്കും വേണ്ടി നാഗർ കോവിലിലാണ് എത്തിയത്. ഒരു ദിവസം ക്ഷയ രോഗാശുപത്രിയിലെ ലോക്കപ്പിലേക്ക് അസ്ഥികൂടം കണക്കെയുള്ള സഖാവിനെ കൊണ്ടുവന്നു. ഭാസി എന്നറിയപ്പെട്ടിരുന്ന ശൂരനാടിന്റെ ധീരപുത്രൻ മഠത്തിൽ ഭാസ്ക്കരൻ നായരായിരുന്നു അത്.

ഒരു പൊലീസ് ഇൻസ്പെക്ടർ അടക്കം നാലു പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ഭാസിയെ വേട്ടയാടി പിടിച്ചു. ശൂരനാട് ക്യാമ്പ്, അടൂർ, കൊല്ലം പൊലീസ് ലോക്കപ്പുകളിൽ നിന്നും കിട്ടിയ ക്രൂരമർദനങ്ങളാണ് ഭാസിയെ അസ്ഥികൂട സ്ഥിതിയിൽ ക്ഷയരോഗാശുപത്രിയിൽ എത്തിച്ചത്. മൃഗമായി മാറിയ പൊലീസുകാരാണ് തോക്കിന്റെ പാത്തി കൊണ്ടും ബ്യൂട്ടിട്ടു ചവിട്ടിമെതിച്ച് വാരിയെല്ലുകൾ തകർത്തും വിരലുകളിൽ മൊട്ടുസൂചി അടിച്ചു കയറ്റി ക്രൂരമായി മർദിച്ച് രക്തം തുപ്പിച്ച് മൃതപ്രായനാക്കിയത്. മരണക്കിടയിൽ വെച്ച് ഭാസി ഒരേ ഒരു ആഗ്രഹം മാത്രമാണ് പറഞ്ഞത്. ഗോർക്കിയുടെ “അമ്മ” ഒരിക്കൽ കൂടി വായിക്കണം.

ഭാസിയുടെ അന്ത്യാഭിലാഷം എന്ന നിലയിൽ കോട്ടയം ശ്രീനി ഗോർക്കിയുടെ “അമ്മ” കൊണ്ടുവന്നു. ഭാസിക്കരുകിൽ ഇരുന്നു കൊണ്ട് അമ്മയുടെ ഓരോ പേജും വായിച്ചു കൊടുത്തു. കട്ടിലിൽ കണ്ണടച്ചു കിടന്ന് എല്ലാം കേട്ടിരുന്ന ഭാസിയുടെ കണ്ണുകളിൽ നനവൂറി. അതോടെ ശ്വാസഗതി വർധിച്ചു.
ചെറുപുഞ്ചിരിയോടെ ഭാസി മന്ത്രിച്ചു. “അമ്മ” യുടെ മുഴുവൻ പേജുകളും വായിച്ചു കേട്ടിട്ടേ ഞാൻ മരിക്കൂ. അതുവരെ ജീവിച്ചിരിക്കാനുള്ള ശക്തി “അമ്മ” എനിക്കു നൽകും. ഇടയ്ക്കുവച്ച് തളർന്ന കൈകൾ കൊണ്ട് പുസ്തകം വാങ്ങി ഭാസി വായിച്ചു.

“നിങ്ങൾ, നിങ്ങളാണ് ജീവിതത്തിന്റെ നായകന്മാർ. പണിയെടുക്കുന്നവരേ, കണ്ണു തുറന്നു നോക്കുവിൻ, സകലരും നിങ്ങളെ കൊള്ളയടിക്കുന്നതു കാണാം. ” പുസ്തകം വായിച്ച് അമ്മയെ നെഞ്ചോടു ചേർത്ത് പിടിച്ച് ശൂരനാടിന്റെ വീരപുത്രൻ യാത്ര പറഞ്ഞു.

കോട്ടയം ശ്രീനിയും മറ്റുള്ളവരും ചേര്‍ന്ന് ഭാസിയുടെ ഭൗതിക ശരീരം മറ്റു സഖാക്കളുടെ കുഴിമാടത്തിനരുകിൽ അന്ത്യവിശ്രമമൊരുക്കി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി നിരവധി സഖാക്കൾ ജീവൻ കൊടുത്തു വളർത്തിയ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സംസ്ഥാന സമ്മേളനം സെപ്റ്റംബർ എട്ട് മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുകയാണ്. ഈ സമ്മേളനത്തിലൂടെ പുതുശക്തി സംഭരിക്കാനുള്ള നിയോഗമാണ് ഓരോരുത്തർക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.