7 December 2025, Sunday

മികവിന്റെ ബേഡകം തെങ്ങുകൾ

പത്മേഷ് കെ വി
April 26, 2025 6:30 am

നനയ്ക്ക് സൗകര്യമില്ല എന്നുപറഞ്ഞ് ഇനി തെങ്ങ് ഒഴിവാക്കേണ്ട. ഏതു സാഹചര്യത്തിലും വളരുന്ന, മികച്ച പരിചരണം നൽകിയാൽ മൂന്നാം വർഷത്തില്‍ കായ്ക്കുന്ന നല്ല നാടൻ ബേഡകം തെങ്ങ് ഉത്തരമാണ്. ജലസേചനം കുറവാണെങ്കിൽ പോലും വർഷം 70 മുതൽ 90 വരെ തേങ്ങ ലഭിക്കും. 13 മുതൽ 15 വരെ പൂങ്കുലകൾ ഉണ്ടാകും. ജലസേചന സൗകര്യമുള്ള സ്ഥലത്ത് മികച്ച പരിചരണം നൽകിയാൽ 150 മുതൽ 180 വരെ തേങ്ങ കിട്ടും. പൊതിച്ച തേങ്ങയ്ക്ക് ശരാശരി 429 ഗ്രാം തൂക്കവുമുണ്ടാകും. ഏതു കാലാവസ്ഥയെയും അതിജീവിക്കുമെന്നതാണ് ബേഡകം തെങ്ങിന്റെ പ്രത്യേകത.
പശ്ചിമതീര നെടിയ ഇനത്തിൽ നിന്നുവന്ന കുറ്റ്യാടി, അന്നൂർ, ജാപ്പാണം, കോമാടൻ എന്നിവ പോലെ തനി നാടനാണ് ബേഡകം തെങ്ങും. കാസര്‍കോട് ജില്ലയിലെ ബേഡകം പഞ്ചായത്തിലെ അമ്മംകോട്, ബീംബുങ്കാൽ, പോള, തോണിക്കടവ്, കാരക്കുന്ന് എന്നീ പ്രദേശങ്ങളിൽ മാത്രമാണ് ഈ തെങ്ങുണ്ടായിരുന്നത്. അത്യുല്പാദന ശേഷിയുള്ള തെങ്ങാണെന്ന് അറിഞ്ഞതോടെ മറ്റു ഭാഗങ്ങളിലുള്ള കർഷകരും തൈ വാങ്ങി കൃഷി ചെയ്തു തുടങ്ങി. ഇതോടെ വളരെ ചുരുങ്ങിയകാലം കൊണ്ടുതന്നെ കർഷകർക്ക് പ്രിയപ്പെട്ട ഇനമായി ബേഡകം.

തെങ്ങിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ ആവശ്യക്കാർ ഏറുകയാണ്. കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിലെ (സിപിസിആർഐ) പ്രിൻസിപ്പൽ, ശാസ്ത്രജ്ഞരായ ഡോ. സി തമ്പാൻ, ഡോ. കെ ഷംസുദീൻ എന്നിവരുടെ നേതൃത്വത്തിലാണ് ബേഡകം തെങ്ങിനെക്കുറിച്ച് പഠനം നടത്തിയത്. നല്ല വിളവ് നൽകുന്ന ബേഡകം തെങ്ങ് കുന്നിൻപ്രദേശങ്ങളിലും കൃഷിക്ക് അനുയോജ്യമാണെന്ന് ഡോ. തമ്പാൻ പറഞ്ഞു. ബേഡഡുക്ക ഫാര്‍മേഴ്സ് സർവീസ് കോ — ഓപ്പറേറ്റീവ് ബാങ്ക് വഴിയും തൈകൾ വില്പനയുണ്ട്. തനത് തെങ്ങിനത്തിന്റെ സംരക്ഷണവും വിപുലീകരണവും ലക്ഷ്യമിട്ട് ബേഡഡുക്ക ഗ്രാമപഞ്ചായത്തും കാറഡുക്ക ബ്ലോക്കും കാസർകോട് ജില്ലാ പഞ്ചായത്തും സംയുക്തമായി ആവിഷ്കരിച്ച ബഹുവർഷ പദ്ധതിയിലൂടെയാണ് തെങ്ങിൻ തൈകൾ ഉല്പാദിപ്പിക്കുന്നത്. ജനിതകമേന്മയുള്ള ബേഡകം ഇനത്തെ സംരക്ഷിച്ച് ഉല്പാദനക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. നാളികേര കൃഷിയുടെ അടിസ്ഥാന ഘടകമായ ഗുണമേന്മയുള്ള തെങ്ങിൻതൈകളുടെ ലഭ്യതക്കുറവ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പരിപാലനക്ഷമമായ തനത് ഇനങ്ങളുടെ സംരക്ഷണവും വിപുലീകരണവുമാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഒന്നിന് 150 രൂപയാണ് വില. ബേഡകം തെങ്ങ് കർഷക സമിതിയിൽ നിലവിൽ 1,700 കൃഷിക്കാർ അംഗങ്ങളാണ്. ഇവർ വഴിയും തൈകൾ വിതരണം ചെയ്യുന്നു. ഇതിനോടകം 3,500ൽ അധികം തൈകള്‍ വിവിധ ജില്ലകളിലേക്ക് അയച്ചുകഴിഞ്ഞു.
അന്വേഷണങ്ങള്‍ക്ക്: കെ ബാലകൃഷ്ണൻ മഞ്ഞളംബര. ഫോൺ: 9567847076.

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.