26 December 2025, Friday

ബീഫ് കയറ്റുമതി: ഇന്ത്യ രണ്ടാം സ്ഥാനത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
March 5, 2024 9:45 pm

ബീഫ് കയറ്റുമതിയില്‍ ലോകത്തെ രണ്ടാമത്തെ രാജ്യമെന്ന സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യ. ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്ക് പുറകില്‍ യുഎസ് മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ മുമ്പ് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഓസ്ട്രേലിയ നാലാമതായി. പരിസ്ഥിതി-മനുഷ്യാവകാശ സംഘടനയായ ഗ്രൂപ്പ് ഓഫ് ഗ്ലോബല്‍ വിറ്റ്നസിനെ ഉദ്ധരിച്ച് ബിബിസിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 

2023ല്‍ 15 ലക്ഷം ടണ്‍ മാട്ടിറച്ചിയാണ് ഇന്ത്യയുടെ കയറ്റുമതി. ഗോവധ നിരോധനം, ഗോമാസം കടത്തല്‍ എന്നിവ നിരോധിച്ച ബിജെപി കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലാണ് ബീഫ് കയറ്റുമതിയില്‍ രാജ്യം രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ചുയര്‍ന്നത്. ബിജെപി-സംഘപരിവാര്‍ ബന്ധമുള്ളവരുടെ നേതൃത്വത്തിലാണ് പ്രധാന ബീഫ് കയറ്റുമതി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനമെന്നതും ശ്രദ്ധേയം. ബീഫ് കടത്തലുമായി ബന്ധപ്പെട്ട് നിരവധി കൊലപാതകങ്ങളും വര്‍ഗീയ കലാപവും ഇന്ത്യയില്‍ അരങ്ങേറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം ബീഫ് ഉല്പാദിപ്പിക്കുന്നതില്‍ യുഎസ് ആണ് മുന്നില്‍. ഇതില്‍ കൂടുതലും ആഭ്യന്തരമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഉല്പാദനത്തില്‍ ഇന്ത്യ നാലാം സ്ഥാനക്കാരാണ്. അതേസമയം ഇറക്കുമതിയിലും ഉപഭോഗത്തിലും ചൈനയാണ് ഒന്നാം സ്ഥാനത്ത്.
ബ്രസീല്‍ അടക്കം ബീഫ് കയറ്റുമതിയില്‍ മുന്നിലുള്ള രാജ്യങ്ങളില്‍ വനനശീകരണം വേഗത്തില്‍ ശക്തി പ്രാപിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ബ്രസീലില്‍ ജെബിഎസ്, മിനര്‍വ, മാര്‍ഫ്രിഗ് എന്നീ മുന്നു കമ്പനികളാണ് ബീഫ് കയറ്റുമതി ചെയ്യുന്നത്. ഈ കമ്പനികള്‍ വ്യാപകമായ തോതിലാണ് വനനശീകരണം നടത്തുന്നത്. കന്നുകാലി വളര്‍ത്തല്‍ പരിസ്ഥിതിക്കും വനനശീകരണത്തിനും ആക്കം വര്‍ധിപ്പിക്കുന്നത് യുറോപ്യന്‍ യൂണിയന്‍ ഗൗരവമായി വിലയിരുത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിയിറച്ചി, പന്നിയിറച്ചി എന്നിവയുടെ കയറ്റുമതിയിലും ബ്രസീല്‍ തന്നെയാണ് മുന്നില്‍. 

Eng­lish Summary:Beef exports: India ranks second
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.