
മത്തിച്ചാറ് എങ്കിലും ഇല്ലാതെ എങ്ങനെ ഊണ് കഴിക്കാൻ പറ്റും എന്നു പറയുന്നവർ നമ്മുടെ നാട്ടിൽ നിരവധിയാണ്. എന്തായാലും മത്തി സ്നേഹികൾക്കു സന്തോഷിക്കാം. കാരണം ഹൃദ്രോഗവും പക്ഷാഘാതവും ഇക്കൂട്ടർക്ക് ഉണ്ടാകാനുള്ള സാധ്യത കുറവാണത്രേ. ക്ലൂപ്പിഡേ മത്സ്യ കുടുംബത്തിൽപെട്ട മത്തി തെക്കൻ കേരളത്തിൽ ചാള എന്നും അറിയപ്പെടുന്നു. 10 മുതൽ 20 മീറ്റർ വരെ ആഴമുള്ള തീരക്കടലിലാണു മത്തി കൂടുതലായും കണ്ടു വരുന്നത്. ഏറെ ഗുണമേന്മയുള്ള മത്തി പ്രോട്ടീനിന്റെ കലവറയാണ്. വൈറ്റമിൻ എ, ഡി, ബി 12 എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. മസ്തിഷ്കം–ഹൃദയ ആരോഗ്യപരിപാലനത്തിന് ഉത്തമമാണ്. മത്തി കഴിച്ചാൽ നല്ല കൊളസ്ട്രോളിന്റെ അളവു കൂടും. മത്തിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്തസമ്മർദം കുറയ്ക്കുന്നതിനും പര്യാപ്തമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ നിലനിര്‍ത്തുന്ന ജീവസ്രോതസാണ് ചാള. കേരളത്തില്‍ ലഭിക്കുന്ന മത്സ്യങ്ങളില്‍ 40 ശതമാനവും ചാളയാണ്. സാധാരണ മേയ് മാസം മുതല്‍ മൂന്നു മാസത്തേക്കാണ് ചാളക്കൊയ്ത്ത്. പക്ഷേ പലപ്പോഴും സീസണ്‍ കണക്കാക്കാതെ ചാള വലയിലേക്കെത്താറുണ്ട്. ഉരുണ്ടു നീണ്ട ശരീരപ്രകൃതമാണു മത്തിക്ക്. മുതുകിനു പച്ച കൂടിയ ഇരുണ്ട നിറം. ഇരുവശം തിളക്കമാർന്ന വെള്ളനിറവും, ചെതുമ്പലുമുള്ള മീനാണു മത്തി. ചിറകുകൾ പൊതുവേ സുതാര്യമാണ്. ജൂൺ, ജൂലൈ മാസങ്ങളാണു മത്തിയുടെ പ്രജനന കാലം. ഈ മീൻ ജീവിതത്തിൽ ഒരിക്കൽ മാത്രമാണു മുട്ടയിടുക. ഒരു പെൺമത്തി ശരാശരി അര ലക്ഷം മുട്ട ഇടാ റുണ്ട്. സസ്യപ്ലവകങ്ങളിൽ നിന്നാണു മത്തി ആഹാരം കണ്ടെത്തുന്നത്. ചെമ്മീനുകളുടെ ലാർവകൾ, മത്സ്യ മുട്ടകൾ, വിവിധ തരം ആൽഗകൾ, ജീർണിച്ച സസ്യാവശിഷ്ടങ്ങൾ എന്നിവയൊക്കെ മത്തി ആഹാരമാക്കുന്നു.
കാലവർഷമായാൽ മത്തി പറ്റംപറ്റമായി ഉൾക്കടലിൽ നിന്നു തീരക്കടലിലേക്കു വരും. മാംസത്തിൽ എണ്ണയുടെ അളവ് കൂടുതലയായതിനാൽ മത്തി പെട്ടെന്നു കേടാകും. മത്തിയിൽ നിന്നു മീനെണ്ണയും ഉല്പാദി പ്പിക്കപ്പെടുന്നു. വള്ളങ്ങൾ കേടുവരാതെ സൂക്ഷിക്കാനും ലിപ്സ്റ്റിക്ക്, നെയിൽ പോളിഷ്, പെയിന്റ്, ചില ആഭരണങ്ങൾ എന്നിവയുടെ നിർമാണത്തിനും മീനെണ്ണ ഉപയോഗിക്കുന്നുണ്ട്. മത്തിയേറെ ലഭിച്ച മുൻ കാലങ്ങളിൽ ഉപയോഗങ്ങളും ചെറുതല്ലായിരുന്നു. നെയ്യ് വേർതിരിച്ചെടുത്ത് കെട്ട് വള്ളങ്ങളിൽ തേക്കുമായിരിന്നു. വള്ളങ്ങളുടെ ഉറപ്പിനും ബലത്തിനും ഇത് ഫലപ്രദം ആണെന്ന് പഴമക്കാർ പറയുന്നു. കൂടാതെ ശരീര ഭാഗങ്ങൾ പൊള്ളുമ്പോൾ നെയ്യ് ഔഷധമായും മാറി. നെയ്യ് വേർതിരിച്ചെടുത്ത മത്തി തെങ്ങുകൾക്കടക്കം വളമായും ഉപയോഗിച്ചു. ചുരുക്കത്തിൽ മുൻകാലങ്ങളിൽ തീരപ്രദേശത്തെ ഭൂരിഭാഗം വീടുകളിലും അഭിവാജ്യഘടകമായിരുന്നു മത്തി നെയ്യ്.

ഒരു കാലത്ത് കേരള തീരത്ത് ഏറ്റവും കൂടുതൽ കിട്ടിയിരുന്ന മത്തി ഇന്ന് പഴയ മത്തിയല്ല. വളരെ അപൂർവ്വമായി ലഭിക്കുന്ന മലയാളികളുടെ ഇഷ്ടമത്സ്യത്തിന് വിലയും ഡിമാന്റും കൂടി. കുറഞ്ഞ ചിലവിൽ കിട്ടുന്ന കപ്പയും മത്തിയും പണ്ട് പാവങ്ങളുടെ ഇഷ്ട ഭക്ഷണം ആയിരുന്നെങ്കിൽ ഇന്നത് സമ്പന്നരുടെ സ്റ്റാർ ഫുഡ്ഡുകളിൽ ഇടം തേടി. മത്തിയുടെയും അയിലയുടെയും ലഭ്യതയിൽ വൻ ഇടിവ് ഉണ്ടായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി എം എഫ് ആർ ഐ) പഠന റിപ്പോർട്ടിലും പറയുന്നു. ഇന്ത്യയിലെ മത്തി ഉല്പാദനത്തിൽ 80 ശതമാനം സംഭാവന ചെയ്തത് കേരളമായിരുന്നു. സമീപ കാലത്ത് ഇതിൽ വൻ തോതിൽ കുറവുണ്ടായി.

മുൻകാലങ്ങളിൽ 30 ലക്ഷം ടൺ വരെ മത്തി ലഭിച്ചിരുന്നെങ്കിൽ ഇന്നത് 50, 000 ടണ്ണിൽ താഴെയായി. കേരളത്തിലെ കടൽ ചൂട് വർധിച്ചതോടെ കുറഞ്ഞ താപനില കുറവുള്ള മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലേക്ക് മത്തി സഞ്ചരിച്ചു. ചൂട് താങ്ങാനാവാതെ അയില ആഴ കടലിലേക്കും നീങ്ങി. 2004 ൽ ലോകമാകെ ആഞ്ഞടിച്ച സുനാമിക്ക് ശേഷമാണ് കടലിന്റെ ആവാസവ്യവസ്ഥ ആകെ മാറിയത്. കേരളത്തിൽ ചാകരയെന്ന പ്രതിഭാസം തന്നെ അപൂർവ്വമായി. പല മൽസ്യങ്ങളുടെയും ലഭ്യത കുറഞ്ഞു. കൂടാതെ കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതും പതിവായി. ഇത് ലോകം ഇതുവരെ കാണാത്ത പല ചുഴലിക്കാറ്റുകൾക്കും വഴിയൊരുക്കി. പിന്നീട് വന്ന ഓഖിയും കടലിനെയാകെ മാറ്റി മറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.