14 February 2026, Saturday

ബംഗാൾ വോട്ടർ പട്ടിക: ലക്ഷങ്ങള്‍ പുറത്തേക്ക്

4.98 ലക്ഷം വോട്ടർമാർ ഹാജരായില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍
1.63 ലക്ഷം പേരെ രേഖകളില്ലാത്ത അയോഗ്യരായി കണ്ടെത്തി Ben­gal vot­er list
Janayugom Webdesk
കൊൽക്കത്ത
February 14, 2026 9:57 pm

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കൽ നടപടികളില്‍ ലക്ഷക്കണക്കിന് പേർ പുറത്തേക്ക്. സംസ്ഥാനത്ത് നടന്ന പ്രത്യേക പരിശോധനയുടെ ഭാഗമായുള്ള ഹിയറിങ്ങുകളിൽ 4.98 ലക്ഷം വോട്ടർമാർ ഹാജരായില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫിസര്‍ മനോജ് കുമാർ അഗർവാൾ അറിയിച്ചു. മതിയായ രേഖകളില്ലാത്ത 1.63 ലക്ഷം പേരെ അയോഗ്യരായി കണ്ടെത്തുകയും ചെയ്തു. ഇതോടെ ലക്ഷക്കണക്കിന് ആളുകൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുമെന്ന് ഉറപ്പായി.
സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് ഹിയറിംഗുകൾ പൂർത്തിയാക്കാനുള്ള സമയം തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ വരെ നീട്ടി നൽകിയിരുന്നു. നടപടികൾ ഔദ്യോഗികമായി പൂർത്തിയായതോടെ ഹിയറിങ്ങിന് ഹാജരാകാത്തവർക്കും അയോഗ്യരെന്ന് കണ്ടെത്തിയവർക്കും അന്തിമ വോട്ടർ പട്ടികയിൽ ഇടം ലഭിക്കില്ല. കൃത്യമായ രേഖകൾ ഹാജരാക്കാത്തതും ഇരട്ട വോട്ടുകളും വിലാസത്തിലെ മാറ്റങ്ങളുമാണ് പ്രധാനമായും പരിശോധിച്ചത്.
കരട് പട്ടികയിൽ പേരുണ്ടായിട്ടും അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവർക്ക് പരാതി നൽകാൻ അവസരമുണ്ടാകും. “തെറ്റുകൾ മൂലം പേര് നീക്കം ചെയ്യപ്പെട്ടവർക്ക് ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കോ ചീഫ് ഇലക്ടറൽ ഓഫിസര്‍ക്കോ അപ്പീൽ നൽകാമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മനോജ് കുമാർ അഗർവാൾ വ്യക്തമാക്കി. കൂടാതെ വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫോം 6 വഴി ഇപ്പോഴും അപേക്ഷിക്കാവുന്നതാണ്.
സംസ്ഥാനത്ത് നേരത്തെ പുറത്തിറക്കിയ കരട് പട്ടികയിൽ നിന്ന് മരണപ്പെട്ടവർ, താമസം മാറിയവർ എന്നിങ്ങനെ 58 ലക്ഷത്തോളം പേരെ ഒഴിവാക്കിയിരുന്നു. നിലവിൽ ബംഗാളിൽ 7.66 കോടി വോട്ടർമാരാണുള്ളത്. ഫെബ്രുവരി 28‑ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഇതിന് പിന്നാലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കുക ലക്ഷ്യമിട്ട് ബിജെപിക്കുവേണ്ടി വോട്ടുകള്‍ വെട്ടിനിരത്തിയെന്നാണ് പ്രതിപക്ഷ ആരോപണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.