
കന്നിക്കിരീടം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎല്‍ ഫൈനലില്‍. ആദ്യ ക്വാളിഫയറില്‍ പഞ്ചാബിനെതിരെ എട്ട് വിക്കറ്റ് ജയമാണ് ബംഗളൂരു സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സ് 14.1 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ബംഗളൂരു ലക്ഷ്യത്തിലെത്തി. 27 പന്തില്‍ 56 റണ്‍സുമായി പുറത്താകാതെ നിന്ന ഫില്‍ സാള്‍ട്ടാണ് ബംഗളൂരുവിന്റെ ടോപ് സ്കോറര്‍.
സ്കോര്‍ 30ല്‍ നില്‍ക്കെ വിരാട് കോലിയെ (12)യാണ് ബംഗളൂരുവിന് ആദ്യം നഷ്ടമായത്. പിന്നീട് ഫില്‍ സാള്‍ട്ട് തകര്‍ത്തടിച്ചതോടെ പവര്‍പ്ലേയില്‍ ഒന്നിന് 61 റണ്‍സ് ബംഗളൂരു നേടി. സ്കോര്‍ 80ല്‍ നില്‍ക്കെ മൂന്നാമനായെത്തിയ മായങ്ക് അഗര്‍വാള്‍ (13)പുറത്തായി. 23 പന്തില്‍ സാള്‍ട്ട് അര്‍ധസെഞ്ചുറി കുറിച്ചു. സാള്‍ട്ടിനൊപ്പം എട്ട് പന്തില്‍ 15 റണ്‍സുമായി ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ പുറത്താകാതെ നിന്നു. പഞ്ചാബ് നിരയില്‍ മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ഇതില്‍ 17 പന്തില്‍ 26 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍. സുയാഷ് ശര്‍മ്മ, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും യാഷ് ദയാല്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാറും റൊമാരിയോ ഷെഫെര്‍ഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പഞ്ചാബിന് മത്സരത്തില്‍ ഒരു ഘട്ടത്തിലും തിരിച്ചുവരാന്‍ ബംഗളൂരു അവസരം നല്‍കിയില്ല. പ്രഭ്സിമ്രാന്‍ (18), അസ്മത്തുള്ള ഒമര്‍സായി (18) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റര്‍മാര്‍. പ്രിയാന്‍ഷ് ആര്യ (ഏഴ്), ജോഷ് ഇംഗ്ലിസ് (നാല്), ശ്രേയസ് അയ്യര്‍ (രണ്ട്), നേഹല്‍ വദേര (എട്ട്), ശശാങ്ക് സിങ് (മൂന്ന്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.