
ഗ്രേറ്റർ ബംഗളൂരു അതോറിറ്റി പരിധിയിലുള്ള മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 2026 ജൂൺ 30നകം പൂർത്തിയാക്കാൻ കർണാടക സർക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്. മുൻപ് ബംഗളൂരു നഗരത്തിന്റെ ഭരണസംവിധാനമായിരുന്ന ബി ബി എം പിയുടെ കാലാവധി 2020 സെപ്റ്റംബർ 10ന് അവസാനിച്ചിരുന്നു. അതിനുശേഷം അഞ്ച് വർഷത്തോളമായി തെരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി വാർഡ് തിരിച്ചുള്ള സംവരണ പട്ടിക 2026 ഫെബ്രുവരി 20നകം പ്രസിദ്ധീകരിക്കണമെന്ന് കോടതി കർശന നിർദ്ദേശം നൽകി. ഇതിനായി കൂടുതൽ സമയം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. അന്തിമ വോട്ടർ പട്ടിക മാർച്ച് 16ഓടെ പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ സീനിയർ അഡ്വക്കേറ്റ് കെ എൻ ഫനീന്ദ്ര കോടതിയെ അറിയിച്ചു. സ്കൂൾ പരീക്ഷകൾക്ക് ശേഷം വോട്ടെടുപ്പ് നടത്താനാണ് ആലോചന.
ഗ്രേറ്റർ ബംഗളൂരു ഭരണ ബിൽ പാസാക്കിയ ശേഷം മാത്രമേ തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കൂ എന്നായിരുന്നു നേരത്തെ സർക്കാർ നിലപാട്. എന്നാൽ പുതിയ ഭരണക്രമമനുസരിച്ച് രൂപീകരിച്ച അഞ്ച് കോർപ്പറേഷനുകളിലെ 369 വാർഡുകളിലേക്കുള്ള സംവരണ വിജ്ഞാപനം 2025 ജനുവരി 10ന് സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരിയിൽ തന്നെ തെരഞ്ഞെടുപ്പ് നടത്താമെന്ന് മുൻപ് സർക്കാർ സൂചിപ്പിച്ചിരുന്നെങ്കിലും, നിലവിലെ കോടതി ഉത്തരവനുസരിച്ച് ജൂൺ 30നകം തെരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ടി വരും. 2020ൽ ബി ബി എം പി വാർഡുകളുടെ എണ്ണം വർദ്ധിപ്പിച്ചത് സംബന്ധിച്ച നിയമനടപടികളെത്തുടർന്നാണ് തെരഞ്ഞെടുപ്പ് ഇത്രയും കാലം നീണ്ടുപോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.