ഫിഫയുടെ മികച്ച പുരുഷ താരമായി സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡിന്റെ ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയർ. ബാലണ്‍ ഡി ഓറില്‍ രണ്ടാമതായെങ്കില്‍ ഇത്തവണ ഫിഫയുടെ മികച്ച താരമായി മാറുകയായിരുന്നു വിനീഷ്യസ്. ലയണൽ മെസി, കിലിയൻ എംബാപ്പെ, എർലിങ് ഹാളണ്ട്, ജൂഡ് ബെല്ലിങ്ഹാം തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് 24 കാരന്റെ നേട്ടം. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോള്‍ ഫൈനലിന് മുന്നോടിയായി ദോഹയില്‍ ഓണ്‍ലൈന്‍ വഴിയാണ് ഇത്തവണ ഫിഫ ദ ബെസ്റ്റ് പ്രഖ്യാപനം നടന്നത്.
കഴിഞ്ഞ സീസണിൽ റയലിന്റെ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് കിരീടനേട്ടങ്ങളിൽ നിർണായക പങ്കു വഹിച്ചതാണ് വിനീഷ്യസിനെ പുരസ്കാരത്തിലെത്തിച്ചത്. റയലിനായി 39 മത്സരങ്ങളിൽ 24 ഗോളുകളാണ് വിനീഷ്യസ് കഴിഞ്ഞ സീസണിൽ നേടിയത്. ചരിത്രത്തിൽ പുരസ്കാരം നേടുന്ന ആറാം ബ്രസീൽ താരമാണ്. റൊമാരിയോ, റൊണാൾഡോ, റിവാൾഡോ, റൊണാൾഡീന്യോ, കക്ക എന്നിവരാണ് മുമ്പ് ഫിഫയുടെ മികച്ച താരമായത്. 2007ൽ കക്ക പുരസ്കാരം നേടിയതിനു ശേഷം ആദ്യമായിട്ടാണ് ബ്രസീൽ താരം നേട്ടം കൈവരിക്കുന്നത്. വിനീഷ്യസ് ബ്രസീലിനായി 37 മത്സരം കളിച്ചു. അഞ്ച് ഗോളും നേടി. റയലിനായി 284 മത്സരത്തിൽനിന്ന് 96 ഗോളും നേടി. 13 കിരീടനേട്ടങ്ങളിൽ പങ്കാളിയായി.
സ്പാനിഷ് താരം എയ്റ്റാന ബോൺമാറ്റി മികച്ച വനിതാ താരമായി. തുടർച്ചയായ രണ്ടാംതവണയാണ് മുന്നേറ്റനിരതാരം പുരസ്കാരം നേടുന്നത്. ബാലൺ ഡി ഓർ പുരസ്കാരവും താരത്തിനാണ്. സ്പെയിനിനായും ബാഴ്‌സലോണയ്ക്കായും നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് നേട്ടമായത്. ഫിഫ പുതുതായി ഏർപ്പെടുത്തിയ മാർത്ത പുരസ്കാരം ബ്രസീലിന്റെ ഇതിഹാസ താരം മാർത്ത നേടി. 2024 ലെ വനിതാ ഫുട്ബോളിലെ മികച്ച ഗോളിനാണ് ഈ പുരസ്കാരം നൽകുന്നത്.
മികച്ച പുരുഷ ഫുട്ബോൾ ടീം പരിശീലകനുള്ള പുരസ്കാരം റയൽ മഡ്രിഡിന്റെ കാർലോ ആഞ്ചലോട്ടി സ്വന്തമാക്കി. മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അലജാന്ദ്രോ ഗര്‍നാചോ നേടി. കഴിഞ്ഞ വര്‍ഷം നവംബറില്‍ എവര്‍ട്ടണെതിരെ നേടിയ മിന്നും ബൈസിക്കിള്‍ കിക്ക് ഗോളാണ് അര്‍ജന്റൈന്‍ താരത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ബ്രസീലിയൻ ക്ലബ്ബ് ഇന്റർനാസിയോണലിന്റെ താരമായ തിയാഗോ മെയയ്ക്കാണ് ഫിഫ ഫെയർപ്ലേ പുരസ്കാരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.