19 January 2026, Monday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 12, 2026
January 8, 2026
January 8, 2026
January 7, 2026
January 6, 2026

വെറ്റില വില താഴേയ്ക്ക്; കർഷകർക്ക് ദുരിതകാലം

Janayugom Webdesk
ആലപ്പുഴ
May 8, 2025 9:06 am

കൃഷിയിടത്തിൽ വിയർപ്പൊഴുക്കി വെറ്റില കൃഷി നടത്തുന്ന കർഷകർക്ക് ഇത് കണ്ണീർക്കാലം. കൃഷി സജീവമായി വരുമ്പോൾ വെറ്റിലയുടെ വില കുത്തനെ ഇടിഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഒരാഴ്ച മുമ്പ് ഒരുകെട്ട് വെറ്റിലയ്ക്ക് 60 രൂപ വിലയുണ്ടായിരുന്നു. ഇപ്പോൾ 10 രൂപയ്ക്കു പോലും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയിലാണ്. ഉയർന്ന പരിപാലനച്ചെലവ്, ഈറ്റ ക്ഷാമം തുടങ്ങിയവ നേരിടേണ്ടിവരുമ്പോഴാണ് വിലയും കുത്തനെ ഇടിഞ്ഞത്. തെക്കൻ ജില്ലകളിലെ വെറ്റില കർഷകരാണ് വില ഇടിവ്മൂലം തീരാദുരിതം നേരിടുന്നത്. ഭൂരിപക്ഷം കർഷകരും വില ഇടിവിനെത്തുടർന്ന് കൃഷി വിട്ടൊഴിയുകയാണ്. ഒരു വർഷം മുമ്പ് ഒരുകെട്ട് വെറ്റിലയ്ക്ക് 220 രൂപ മുതൽ 240 വരെ വില കർഷകന് കിട്ടിയിരുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്ന് വെറ്റില കൂടുതലായി എത്തുന്നതും കർഷകർക്ക് ഇരുട്ടടിയായി. 

കൂടാതെ ഇടനിലക്കാരുടെ കടുത്ത ചൂഷണവും കർഷകർക്ക് വില ലഭിക്കാതിരിക്കാൻ കാരണമായി. നിത്യേനയുള്ള പരിചരണം കൊണ്ടാണ് വെറ്റില കൃഷി മെച്ചപ്പെടുന്നത്. ഉയർന്നകൂലി കാരണം കുടുംബാംഗങ്ങളെയും സഹായികളാക്കിയാണ് മിക്കകർഷകരും കൃഷി മുന്നോട്ടുകൊണ്ടുപോകുന്നത്. വിളവെടുത്ത് അടുക്കി ചന്തയിൽ എത്തിക്കണമെങ്കിൽ നാലുപേരുടെ സഹായം വേണം. ചരിത്രത്തിൽ ആദ്യ മായിട്ടാണ് വെറ്റിലയുടെ വില ഇത്രയും ഇടിയുന്നതെന്ന് കർഷകർ പറയുന്നു. പറക്കോട്, പന്തളം, താമരക്കുളം മാർക്കറ്റുകളിൽ 10 രൂപയ്ക്കു പോലും വെറ്റില എടുക്കാൻ ആളില്ലാത്ത സാഹചര്യം വന്നതിൽ കർഷകർ ഏറെ ആശങ്കയിലുമാണ്. ജില്ലയിൽ ഓണാട്ടുകരയിലാണ് ഏറ്റവും കൂടുതൽ വെറ്റില കൃഷിയുള്ള സ്ഥലങ്ങൾ. വായ്പ എടുത്തും കടം വാങ്ങിയും കൃഷി ഇറക്കിയ വെറ്റില കർഷകർ ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. കച്ചവടക്കാർ മനഃപൂർവം വെറ്റില എടുക്കാതെ മാറിനിന്ന് വെറ്റിലയുടെ വില ഇടിക്കുന്നതായും കർഷകർ ആരോപിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.