
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് ലോകത്തെ പണമൊഴുകുന്ന ലീഗുകളിലൊന്നാണ്. ലീഗിന്റെയും ടീമുകളുടെയും വിപണിമൂല്യം ശതകോടികളാണ്. ഫ്രാഞ്ചൈസി സ്വന്തമാക്കാൻ കോർപറേറ്റ് കമ്പനികൾ മത്സരിച്ചു നിൽക്കുമ്പോൾ കപ്പടിച്ച് മൂല്യം ഏറിനില്‍ക്കുന്ന ടീമിനെ വിറ്റഴിക്കാനുള്ള നടപടികളുമായി നീങ്ങുകയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഉടമസ്ഥരായ യുകെ ആസ്ഥാനമായുള്ള ഡിയാജിയോ. ഇന്ത്യയിലെ ഏറ്റവും വലിയ മദ്യ കമ്പനിയും ഡിയാഗോയുടെ അനുബന്ധ സ്ഥാപനവുമായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (യുഎസ്എൽ) റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകളുടെ വില്പനയോ പുനഃസംഘടനയോ ഉറപ്പാക്കുന്ന തീരുമാനം കഴിഞ്ഞ ദിവസങ്ങളില്‍ വ്യവസ്ഥാപിതമാക്കി. സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നല്‍കിയ മറുപടിയിൽ നിക്ഷേപങ്ങൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഐപില്‍ ഫ്രാഞ്ചൈസി വില്‍ക്കുന്നതെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. പുരുഷ ടീമിനൊപ്പം വനിതാ ടീമിനെയും വിറ്റൊഴിവാക്കും. 2026 മാർച്ച് 31നകം വില്പന പൂർത്തിയാക്കും. 17 വർഷങ്ങള്‍ക്കു ശേഷമാണ് റോയല്‍ ചലഞ്ചേഴ്സ് പോയ സീസണില്‍ ഐപിഎല്‍ ചാമ്പ്യന്മാരായത്. ടീം വില്പന സംബന്ധിച്ച് ക്ലബ്ബ് മാനേജ്മെന്റ് ബിസിസിഐയെയും ഐപിഎൽ ഗവേണിങ് ബോഡിയെയും അറിയിച്ചിട്ടുണ്ട്.
ക്രിക്കറ്റ് ടീം തുടർച്ചയായി ലാഭത്തിലായിട്ടും വില്‍ക്കാനെടുത്ത തീരുമാനം ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. മദ്യ നിർമ്മാണത്തിലും വില്പനയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മദ്യത്തിലൊഴികെയുള്ള നിക്ഷേപങ്ങളും പടിപടിയായി കുറയ്ക്കും. വരും വർഷങ്ങളിൽ മദ്യവുമായി ബന്ധപ്പെട്ടതൊഴികെയുള്ള ആസ്തികളെല്ലാം വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2015ലാണ് ആർസിബി ഡിയാജിയോയുടെ പോർട്ട്ഫോളിയോയിൽ ഇടംനേടുന്നന്നത്. വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ ഉടമസ്ഥതയിലായിരുന്നു മുമ്പ് റോയൽ ചലഞ്ചേഴ്സ്. രണ്ട് ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 17,600 കോടി രൂപ) ആണ് കമ്പനി, ആർസിബിക്കു വിലയിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഡിയാജിയോ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായി കഴിഞ്ഞ മാർച്ചിൽ ചുമതലയേറ്റെടുത്ത പ്രവീൺ സോമേശ്വറിന്റെ നിലപാടും വില്പനയ്ക്ക് ആക്കംകൂട്ടി. സ്പോർട്സ് ലീഗുകളിൽ പണം മുടക്കുന്നത് വലിയ തോതിൽ നിക്ഷേപം ആവശ്യമായ ഒന്നാണെന്നും ഡിയാഗോ കമ്പനിയുടെ ദീർഘകാല പദ്ധതികൾക്ക് ഇതു ഗുണം ചെയ്യില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞദിവസം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (ബിഎസ്ഇ) സമർപ്പിച്ച ഫയലിൽ, യുഎസ്എല്ലിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ “റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിലെ (ആർസിഎസ്‌പിഎൽ) നിക്ഷേപത്തില്‍ തന്ത്രപരമായ അവലോകനം ആരംഭിച്ചതായി ഡിയാഗോ സ്ഥിരീകരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആതിഥേയത്വം വഹിക്കുന്ന പുരുഷ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ), വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ക്രിക്കറ്റ് ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർസിബി) ഫ്രാഞ്ചൈസി ടീമുകളുടെ ഉടമസ്ഥാവകാശം ആർസിഎസ്‌പിഎല്ലിന്റെ ബിസിനസിൽ ഉൾപ്പെടുന്നു. ” സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (ലിസ്റ്റിങ് ഒബ്ലിഗേഷൻസ് ആന്റ് ഡിസ്‌ക്ലോഷർ) റെഗുലേഷൻ 30 അനുസരിച്ചാണ് കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. “യുഎസ്എല്ലിന് ആർസിഎസ്‌പിഎൽ വിലപ്പെട്ടതും തന്ത്രപരവുമായ ആസ്തിയാണ്. എന്നിരുന്നാലും, ഇത് മദ്യക്കച്ചവടത്തില്‍ അത്ര മുഖ്യമല്ല, ” മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രവീൺ സോമേശ്വര്‍ പറഞ്ഞു. ഈ വർഷം ആദ്യം ആഗോള നിക്ഷേപ ബാങ്കായ ഹൗലിഹാൻ ലോകി ആർസിബിയെ ഏറ്റവും മൂല്യവത്തായ ഐപിഎൽ ഫ്രാഞ്ചൈസിയായി റാങ്ക് ചെയ്തു. ടീമിന്റെ ആദ്യത്തെ ഐപിഎൽ ചാമ്പ്യൻഷിപ്പ് വിജയത്തെത്തുടർന്ന് അതിന്റെ മൂല്യം ഏകദേശം 269 ദശലക്ഷം ഡോളറായി കണക്കാക്കി..
അദാനി ഗ്രൂപ്പ്, ജിൻഡാൽ കുടുംബം നയിക്കുന്ന ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉടമ അദാർ പൂനവാല, ദേവയാനി ഇന്റർനാഷണൽ ഗ്രൂപ്പിലെ രവി ജയ്‌പൂരിയ, യുഎസ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ നിക്ഷേപ സ്ഥാപനം തുടങ്ങി നിരവധി കക്ഷികള്‍ ആർസിബിയെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജൂൺ നാലിന് ബംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് 11 പേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കാനും ഇടയായ സംഭവവും വില്പനയ്ക്ക് ആക്കം കൂട്ടിയതായി സൂചനയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.