
രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ 100 രൂപാ നാണയവും തപാൽ സ്റ്റാമ്പും വിവാദത്തില്‍. രാജ്യത്തിന്റെ മതേതതര്വ നിലപാടിന് ഗുരുതരമായ മുറിവും അവഹേളനവുമാണ് കേന്ദ്രസര്‍ക്കാര്‍ നടപടി സൃഷ്ടിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
100 രൂപ നാണയത്തിന്റെ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് ഭാരതമാതാവിന്റെ ഒരു ചിത്രവും ആലേഖനം ചെയ്‌തിട്ടുണ്ട്. കൈപ്പത്തി പുറത്തേക്ക് കാണിച്ചുകൊണ്ട് ഒരു സിംഹത്തിന്റെ ഒപ്പമുള്ള ചിത്രമാണ് ഭാരതാംബയുടേതായി ആലേഖനം ചെയ്‌തിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വണങ്ങുന്നതായും ചിത്രീകരിച്ചിരിക്കുന്നു. “രാഷ്ട്രീയ സ്വാഹാ, ഇടം രാഷ്ട്രായ, ഇടം ന മമ” എന്ന ആർഎസ്‌എസ് മുദ്രാവാക്യവും നാണയത്തിൽ ആലേഖനം ചെയ്‌തിട്ടുണ്ട്.
1963‑ലെ റിപ്പബ്ലിക് ദിന പരേഡിൽ ആർഎസ്എസ് സ്വയംസേവകർ പങ്കെടുത്തത് തപാൽ സ്‌റ്റാമ്പിൽ ആലേഖനം ചെയ്‌തിട്ടുണ്ട്. എന്നാൽ ഈ അവകാശവാദം നേരത്തെതന്നെ ചരിത്രകാരന്മാര്‍ തള്ളിക്കളഞ്ഞിരുന്നു. 1962‑ലെ ഇന്ത്യ‑ചൈന യുദ്ധത്തിനിടെ ആർഎസ്എസ് പ്രവർത്തകർ കാണിച്ച ദേശസ്നേഹത്തിനുള്ള അംഗീകാരമായി 1963 റിപ്പബ്ലിക് ദിന പരേഡിൽ അവരെ ക്ഷണിച്ചിരുന്നുവെന്നാണ് ആർഎസ്എസ് വാദം. എന്നാല്‍ ജവഹർലാൽ നെഹ്‌റു സർക്കാർ ആർഎസ്എസിനെ ഔദ്യോഗികമായി ക്ഷണിച്ചതായി തെളിവുകളില്ല. 1963‑ലെ പരേഡ് റിപ്പോർട്ടുകളിൽ യൂണിഫോം ധരിച്ച 3,000‑ത്തിലധികം ആർഎസ്എസ് സന്നദ്ധ സേവകരെക്കുറിച്ച് ഒരു പരാമർശമില്ല.
റിപ്പബ്ലിക് ദിന പരേഡ് ഒരു ലക്ഷത്തിലധികം പൗരന്മാരുടെ വലിയ സമ്മേളനമായിരുന്നു, അതിൽ ആർഎസ്എസ് പ്രവർത്തകർ സാധാരണ പൗരന്മാരെപ്പോലെ പങ്കെടുത്തിരിക്കാം, പക്ഷേ ഔദ്യോഗിക യൂണിഫോം വിഭാഗമായിരുന്നില്ലെന്നും ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം വസ്തുതാരഹിതമായ അവകാശവാദങ്ങള്‍ക്ക് പിന്തുണ നേടിയെടുക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് പുതിയ നാണയവും സ്റ്റാമ്പും തയ്യാറായിരിക്കുന്നതെന്നും വിമര്‍ശനമുണ്ട്.
സ്വാതന്ത്ര്യാനന്തര ഇന്ത്യൻ നാണയത്തിൽ ആദ്യമായാണ് ഭാരതാംബ ചിത്രം ഉൾപ്പെടുത്തി നാണയം പുറത്തിറക്കുന്നത്. ഔദ്യോഗിക നാണയത്തിൽ ആർഎസ്എസിന്റെ പ്രതീകമായ ഹിന്ദു ദേവതയുടെ ചിത്രം ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ മതനിരപേക്ഷതയ്ക്ക് അപമാനമാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിച്ച ശതാബ്‌ദി ആഘോഷങ്ങളിൽ ആർഎസ്‌എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‍ത, സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് എന്നിവർ പങ്കെടുത്തു.
ആര്‍എസ്എസുമായി നിലവില്‍ അകല്‍ച്ചയിലുള്ള മോഡിയും ബിജെപി നേതൃത്വവും ഇത് പരിഹരിക്കുന്നതിനുള്ള ശ്രമമായി നൂറാംവാര്‍ഷികത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. മോഡിയുടെ ഹിന്ദു ഹൃദയ സമ്രാട്ട് എന്ന പ്രതിച്ഛായയെ കഴിഞ്ഞ 11 വർഷമായി നാഗ്പൂർ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാത്തതിന് ശേഷം, മോഡി ആർഎസ്‌എസ് സേവക് എന്നതും അംഗീകരിച്ചിട്ടില്ല. പകരം മോഡി സ്വയം പ്രധാന സേവക് എന്ന് അവകാശപ്പെടുകയായിരുന്നു.
ബിജെപി പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് ഇതുവരെ തീരുമാനത്തിലെത്താന്‍ കഴിയാത്തതതും ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നു. അടുത്ത ബിജെപി പ്രസിഡന്റ് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനായ ഒരു നേതാവാകണമെന്ന് ആർഎസ്‌എസ് വാദിക്കുന്നുണ്ട്. പാർട്ടിയുടെ നടത്തിപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വർധിച്ചുവരുന്ന സ്വാധീനത്തിനെയും ആര്‍എസ്എസ് എതിര്‍ക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.