6 December 2025, Saturday

ഭാരതപ്പുഴ‑ബിയ്യം കായല്‍ ലിങ്ക് കനാല്‍ വരുന്നു; പൊന്നാനി കോൾ നിലങ്ങളിൽ പ്രതീക്ഷയുടെ ചിറകടി 

Janayugom Webdesk
മലപ്പുറം
October 29, 2025 10:16 pm
സംസ്ഥാനത്തെ പ്രധാന കോൾ കൃഷിമേഖലയായ പൊന്നാനി കോൾ നിലങ്ങൾക്ക് പുത്തൻ പ്രതീക്ഷയുമായി ഭാരതപ്പുഴ‑ബിയ്യം കനാൽ ലിങ്ക് പദ്ധതിക്ക് തുടക്കമാകുന്നു. മലപ്പുറം-തൃശൂര്‍ ജില്ലകളിലായി 3500 ഹെക്ടറിലധികം വ്യാപിച്ചു കിടക്കുന്ന കോള്‍ മേഖലയെ പുഷ്ടിപ്പെടുത്തുന്നതിനായുള്ള ഭാരതപ്പുഴ‑ബിയ്യം കായല്‍ സംയോജന പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചതോടെ നൂറുകണക്കിന് കര്‍ഷകരുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പാണ് സഫലമാകുന്നത്. 35.80 കോടി രൂപ നബാര്‍ഡ് ഫണ്ട് വകയിരുത്തി പദ്ധതി നടപ്പാക്കുമ്പോള്‍ കാര്‍ഷിക മേഖലയ്ക്ക് അഭൂതപൂര്‍വ്വമായ ഉണര്‍വാണ് കൈവരിക. ഇത് സംസ്ഥാന സർക്കാറിന്റെ ഏറ്റവും ശ്രദ്ധേയമായ കാർഷിക പദ്ധതിയാകുമെന്നാണ് വിലയിരുത്തുന്നത്.
പദ്ധതി പൂര്‍ത്തിയായാല്‍ കാര്‍ഷിക‑ജലസേചന മേഖലയില്‍ വലിയൊരു മാറ്റമാണ് സംഭവിക്കുക. മലപ്പുറം, തൃശൂര്‍ ജില്ലകളിലെ പത്തോളം പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ജലക്ഷാമം കുറയ്ക്കാന്‍ സാധിക്കും. ബിയ്യം കായലിലെ ആയക്കെട്ട് വിസ്തീര്‍ണ്ണം വര്‍ധിക്കുകയും പുഞ്ചക്കൃഷി വ്യാപകമാക്കുവാനും സാധിക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ കായലിലും അനുബന്ധ തോടുകളിലും വെള്ളം സംഭരിച്ചു കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്താനും സാധിക്കും. മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭ, ഗ്രാമപഞ്ചായത്തുകളായ എടപ്പാള്‍, മാറഞ്ചേരി, കാലടി, നന്നംമുക്ക്, പെരുമ്പടപ്പ്, തവനൂര്‍, വെളിയങ്കോട്, ആലംകോട് കൂടാതെ തൃശൂര്‍ ജില്ലയിലെ കുന്നംകുളം നഗരസഭ, പോര്‍ക്കുളം, കാട്ടകാമ്പാല്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട്, കടവല്ലൂര്‍ തുടങ്ങിയ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പാടശേഖരത്തില്‍ ബിയ്യം കായലിലും മറ്റ് അനുബന്ധ തോടുകളിലും സംഭരിക്കുന്ന വെള്ളം ഉപയോഗപ്പെടുത്തിയാണ് നിലവിൽ നെല്‍കൃഷി നടക്കുന്നത്.
ജലക്ഷാമം മൂലം  നാമമാത്രമായ കൃഷി മാത്രമാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. മഴയുടെ ലഭ്യതക്കുറവ് മൂലം വേണ്ട രീതിയിലുള്ള വിളവെടുപ്പ് നടത്താനും സാധിക്കാറില്ല. പുഞ്ചക്കൃഷിക്ക് ആവശ്യമായ വെള്ളം ശേഖരിക്കേണ്ട സമയത്ത് അത് കിട്ടാതെ വരുമ്പോള്‍ മുണ്ടകന്‍ കൃഷിയെ കൂടി അത് സാരമായി ബാധിക്കുകയാണ്. ഇത് കുടിവെള്ള ലഭ്യതയെയും കോള്‍പ്പാടങ്ങളിലെ ഇടവേള കൃഷിയെയും സാരമായി ബാധിക്കാറുണ്ട്. അനുയോജ്യമായ കൃഷി സ്ഥലമുണ്ടായിട്ടും ജലക്ഷാമം പരിഹരിക്കാനുള്ള സാധ്യതകളെ ഉപയോഗപ്പെടുത്താതു മൂലം കർഷകർ കാലങ്ങളായി നിരാശയിലായിരുന്നു. പ്രശ്നത്തിന് പരിഹാരം കാണാൻ പി ശ്രീരാമകൃഷ്ണന്‍ പൊന്നാനി എംഎല്‍എ ആയിരിക്കെ 1.80 ലക്ഷം രൂപ ചെലവഴിച്ച് വിശദമായ പഠനം നടത്തിയതോടെയാണ് ഭാരതപ്പുഴ ഉപയോഗപ്പെടുത്തി ഏതു വേനലിലും പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കാമെന്ന് വ്യക്തമായത്.
ഭൂഗുരുത്വ ബലത്തെ മാത്രം ആശ്രയിച്ച് ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ യഥാര്‍ത്ഥ സംഭരണശേഷി നിലനിര്‍ത്തിക്കൊണ്ട് ഭാരതപ്പുഴയില്‍ നിന്നും ബിയ്യം കായലിലേക്ക് കനാല്‍ നിര്‍മ്മിക്കുന്ന പദ്ധതി ഡിസൈന്‍ ചെയ്യുകയായിരുന്നു. തവനൂരിലെ പഴയ കടവില്‍ നിന്നും 1.20 മീറ്റര്‍ വ്യാസമുള്ള ഡക്റ്റൈയില്‍ അയണ്‍ പൈപ്പ് ഉപയോഗിച്ച് ജലം പ്രകൃതിദത്തമായ രീതിയില്‍ തോട്ടിലേക്ക് എത്തിച്ച് അവിടെ നിന്നും ബിയ്യം കായലിലേക്കും മാണൂര്‍ കായലിലേക്കും വെള്ളം എത്തിക്കുന്ന പദ്ധതിയാണ് ഇതുവഴി ആവിഷ്‌കരിച്ചത്. ഇതിനോടൊപ്പം തന്നെ ഒഴുകുന്ന ജലത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്ന രീതിയില്‍ പുതിയ വിസിബികള്‍ നിര്‍മിക്കാനും തോടിന്റെ ഇരുഭാഗവും കെട്ടി സംരക്ഷിക്കാനുമുള്ള പദ്ധതികളും വിഭാവനം ചെയ്തു.
ചെറുതോടിലും വലിയ തോടിലും ആയി നാല് പുതിയ വിസിബികളുടെ നിര്‍മ്മാണമാണ് നടക്കുക. 15 എച്ച്പി പമ്പ് സ്ഥാപിക്കുന്നതിനായി പമ്പ് ഹൗസും പാനല്‍ ബോര്‍ഡും നിര്‍മ്മിക്കുന്നുണ്ട്. നിലവിലുള്ള മൂന്ന് വിസിബികളുടെ അറ്റകുറ്റപ്പണികളും സംരക്ഷണപ്രവൃത്തിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതളൂര്‍ അങ്ങാടിയിലെ തോടിന്റെ ലെവല്‍ 1.890 മീറ്റര്‍ വരെ താഴ്ത്തേണ്ടി വരുന്നതിനാല്‍ ഈ തോടിന്റെ മുകള്‍ഭാഗത്തുള്ള തവനൂര്‍ പാടത്ത് വെള്ളം എത്തിക്കാന്‍ 15 എച്ച്പി പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള പ്രവൃത്തിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 2011 ല്‍ നിര്‍മ്മിച്ച ബിയ്യം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിലവിലുള്ള ഷട്ടറുകള്‍ കേടുപാടുകള്‍ നേരിട്ടതും ഉപ്പ് വെള്ളത്തില്‍ മുങ്ങിക്കിടന്ന് പ്രവര്‍ത്തനം ബുദ്ധിമുട്ടേറിയതുമായതിനാല്‍ അവ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ആക്കി മാറ്റുന്നതിന് മൂന്നു കോടി രൂപ മെക്കാനിക്കല്‍ പദ്ധതിയോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇച്ഛാശക്തിയുടെ വിജയം: മന്ത്രി റോഷി അഗസ്റ്റിന്‍
സംസ്ഥാന ജലവിഭവ വകുപ്പിന്റെ ശ്രദ്ധേയ പദ്ധതിയാണ് ഭാരതപ്പുഴ‑ബിയ്യം കായല്‍ സംയോജിത പദ്ധതിയെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഭാരതപ്പുഴ‑ബിയ്യം കായല്‍ സംയോജന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊന്നാനി-തൃശൂര്‍ മേഖലയില്‍ വേനല്‍ക്കാലത്തും വെള്ളം കിട്ടാനും താഴ്ന്ന പ്രദേശങ്ങളില്‍ പുഞ്ചക്കൃഷിക്കായി വെള്ളം ശേഖരിക്കാനും ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താനും സാധിക്കുന്ന പദ്ധതിയാണിത്. ബിയ്യം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പി നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അഞ്ച് പതിറ്റാണ്ടായുള്ള കാത്തിരിപ്പിന്റെ ഫലമാണ് ഇതെന്നും കൃത്യമായ പ്രവര്‍ത്തനത്തിന്റെയും ഇച്ഛാശക്തിയുടെയും സാക്ഷാത്കാരമാണ് ഇത്തരത്തിലുള്ള വികസന പദ്ധതികള്‍ എന്നും അദ്ദേഹം പറഞ്ഞു.
Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.