ഭാരതീയ ന്യായ സംഹിത (ക്രിമിനല്‍ പ്രോസിജീയര്‍ കോഡ്) അടക്കമുള്ള നിയമ പരിഷ്കാരങ്ങളിലൂടെ മോഡി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്നത് കിരാതനിയമങ്ങള്‍. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ മൂന്ന് ബില്ലുകള്‍ കൊണ്ടുവന്നത്. പ്രതിപക്ഷപാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ആഭ്യന്തര പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ വിലയിരുത്തലിന് നല്‍കിയിരിക്കുകയാണ് ബില്ലുകള്‍. അറസ്റ്റിലാകുന്ന വ്യക്തിയെ കൈവിലങ്ങ് അണിയിക്കുക, പ്രതിയുടെ അഭാവത്തിലും വിചാരണ നടത്തുക, കരുതല്‍ തടങ്കല്‍ പരിധി കൂട്ടുക എന്നീ കരിനിയമങ്ങള്‍ പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഭരണഘടന ഉറപ്പ് നല്‍കുന്ന പൗരന്റെ അവകാശങ്ങള്‍ ലംഘിക്കുന്ന വിധത്തിലാണ് പുതിയ പരിഷ്കാരം. ക്രിമിനല്‍ പ്രോസിജീയര്‍ കോഡിലെ ഒമ്പത് വ്യവസ്ഥകള്‍ പുതിയ ഭേദഗതി പ്രകാരം അസാധുവാകുകയും 160 എണ്ണം പുതിയതായി അവതരിപ്പിക്കുകയും വഴി പുതിയ ന്യായ സംഹിത ബില്ലില്‍ ആകെ 533 വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലാകുന്ന വ്യക്തിയെ കൈവിലങ്ങ് അണിയിക്കണമെന്ന് സിആര്‍പിസി നിയമം വ്യവസ്ഥ ചെയ്യുന്നില്ല. എന്നാല്‍ പുതിയ ബില്‍ അനുസരിച്ച് അറസ്റ്റിലാകുന്ന ഏത് വ്യക്തിയെയും ഇനി മുതല്‍ കൈവിലങ്ങ് അണിയിക്കാം. സ്ഥിരം കുറ്റവാളി — കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുന്നവര്‍-സംഘടിത കുറ്റകൃത്യം-ബലാത്സംഗം-കൊലപാതകം തുടങ്ങിയ ഗുരുതര കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് ബാധകമായ കൈവിലങ്ങ് ഇനി രാഷ്ട്രീയ കേസില്‍പ്പെട്ടവരെയും അണിയിക്കാം.
ഭാരതീയ ന്യായ സംഹിത അനുസരിച്ച് കരുതല്‍ തടങ്കലിന് ഇനിമുതല്‍ അധികാര പരിധി വര്‍ധിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ആജ്ഞ ലംഘിക്കുന്ന ആരെയും കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ഇനി മുതല്‍ പൊലീസിന് അധികാരം ലഭിക്കും. പൊലീസ് പിടികൂടുന്ന വ്യക്തിയെ ഇപ്പോള്‍ 15 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിടുന്നത്. എന്നാല്‍ ന്യായ സംഹിത ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം കസ്റ്റഡി കാലാവധി നീട്ടാന്‍ പൊലീസിന് അധികാരം നല്‍കുന്നുവെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സിആര്‍പിസി സെക്ഷന്‍ 299 അനുസരിച്ച് പ്രതിയുടെ സാന്നിധ്യത്തില്‍ വേണം കേസിലെ സാക്ഷിയുമായി തെളിവെടുപ്പിന് ഹാജരാകേണ്ടത്. എന്നാല്‍ ഇനിമുതല്‍ പ്രതിയുടെ അസാന്നിധ്യത്തിലും തെളിവെടുപ്പ് നടത്താന്‍ ന്യായ സംഹിത വ്യവസ്ഥ ചെയ്യുന്നു. ഇതുവഴി പ്രതിയുടെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നഷ്ടമാകും. പഴഞ്ചന്‍ നിയമം പരിഷ്കരിച്ച് കാലത്തിന്റെ മാറ്റം ആവശ്യപ്പെടുന്ന പരിഷ്കരണം ബില്ലില്‍ കൊണ്ട് വന്നു എന്ന് മേനി നടിക്കുന്ന മോഡി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ കിരാത നിയമങ്ങളാണ് ന്യായ സംഹിത അടക്കമുള്ള പരിഷ്കാരത്തിലുടെ നടപ്പിലാക്കുന്നതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
English Sammury: Bharatiya Nyaya Samhita, Taking evidence even in the absence of the accused
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.