
ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ ഭാര്‍ഗവാസ്ത്ര തയ്യാര്‍. കൂട്ടമായെത്തുന്ന ഡ്രോണുകളെ തുരത്താനായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാര്‍ഗവാസ്ത്രയുടെ പരീക്ഷണം ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി. സോളാര്‍ ഡിഫന്‍സ് ആന്റ് എയറോസ്പേസ് ലിമിറ്റഡ് (എസ്ഡിഎഎല്‍) ആണ് ഭാര്‍ഗവാസ്ത്ര വികസിപ്പിച്ചത്. നാലു മൈക്രോ റോക്കറ്റുകളാണ് ഭാര്‍ഗവാസ്ത്ര സംവിധാനത്തിൽ ഉള്ളത്. ഗോപാല്‍പൂരിലെ സീവാര്‍ഡ് ഫയറിങ് റെയ്ഞ്ചില്‍ നടത്തിയ മൂന്ന് പരീക്ഷണങ്ങളും ലക്ഷ്യത്തിലെത്തി. ആര്‍മി എയര്‍ ഡിഫന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. ഓരോ റോക്കറ്റുകള്‍ വീതം വിക്ഷേപിച്ച് രണ്ട് പരീക്ഷണങ്ങളും രണ്ട് സെക്കന്റിനുള്ളില്‍ മറ്റ് രണ്ട് റോക്കറ്റുകളും വിക്ഷേപിച്ച് മറ്റൊരു പരീക്ഷണവുമാണ് നടത്തിയത്. നാല് റോക്കറ്റുകളും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ആവശ്യമായ വിക്ഷേപണ പാരാമീറ്ററുകള്‍ കൈവരിക്കുകയും ചെയ്തതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വളരെ ചെലവ് കുറഞ്ഞ രീതിയില്‍ തദ്ദേശീയമായാണ് ഭാര്‍ഗവാസ്ത്ര വികസിപ്പിച്ചെടുത്തിരിക്കുന്നത്. 2.5 കിലോമീറ്റര്‍ ദൂരപരിധിയില്‍ ഡ്രോണുകളെ തിരിച്ചറിയാനും നശിപ്പിക്കാനുമുള്ള കഴിവാണ് ഭാര്‍ഗവാസ്ത്രയുടെ ഏറ്റവും വലിയ പ്രത്യേകത. ഇവയിലെ റഡാര്‍ സിസ്റ്റത്തിന് ആറുമുതല്‍ 10 കിലോമീറ്റര്‍ അകലെവരെയുള്ള വ്യോമ ഭീഷണികള്‍ കണ്ടെത്താന്‍ സാധിക്കും. സമുദ്രനിരപ്പില്‍ നിന്ന് 5000 മീറ്റര്‍ ഉയരത്തിലുള്ള വ്യത്യസ്തങ്ങളായ പ്രദേശങ്ങളില്‍ തടസമില്ലാതെ വിന്യസിക്കാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു പാകിസ്ഥാന്‍ ഇന്ത്യക്കുനേരെ കൂടുതല്‍ ആക്രമണങ്ങളും നടത്തിയിരുന്നത്. എന്നാല്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് പാക് ശ്രമങ്ങള്‍ തകര്‍ത്തെറിയാന്‍ സാധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.